മസ്കത്ത്. ഒമാനിൽ നിന്ന് സൗദിയിലേക്ക് പ്രതിദിന ബസ് സർവീസ് വ്യാഴാഴ്ച മുതൽ ആരംഭിച്ചു. മസ്കത്തിൽ നിന്ന് റിയാദിലേക്കാണ് സർവീസ്. ടിക്കറ്റ് ബുക്ക് ചെയ്യാൻ പാസ്പോർട്ട് കോപ്പി, ഒമാൻ ഐഡി കാർഡ്, സൗദി വിസ എന്നീ രേഖകൾ ആവശ്യമാണ്. അതിർത്തിയിലെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതുൾപ്പെടെ 18 മുതൽ 20 മണിക്കൂർ വരെയാണ് യാത്രാസമയം. മസ്കത്തിൽ നിന്ന് രാവിലെ 6 മണിക്കും റിയാദിലെ അസീസിയയിൽ നിന്ന് വൈകീട്ട് 5 മണിക്കുമാണ് ബസ് പുറപ്പെടുക. മസ്കത്ത് – നിസ്വ – ഇബ് രി- റുബുഉല്‍ ഖാലി – ദമാം – റിയാദ് റൂട്ടിലാണ് യാത്ര.
35 ഒമാനി റിയാൽ/ 350 സൗദി റിയാല്‍ ആണ് ടിക്കറ്റ് നിരക്ക്. പ്രാരംഭ ഓഫറായി ഈ മാസം 25 ഒമാനി റിയാൽ/ 250 സൗദി റിയാല്‍ ആണ് നിരക്ക് ഈടാക്കുന്നത്. അൽ ഖൻജ്രി ട്രാസ്പോർട്ട് ആണ് സർവീസ് നടത്തുന്നത്. ഒരു ട്രിപ്പിൽ കുറഞ്ഞത് 25 യാത്രക്കാരെങ്കിലും ഉണ്ടായിരിക്കണമെന്നാണ് സൗദി അധികൃതരുടെ നിർദേശമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
മാസങ്ങൾക്ക് മുമ്പ് ഒമാനിൽ നിന്ന് യുഎഇയിലെ അൽ ഐനിലേക്കും അബു ദബിയിലേക്കും റാസൽഖൈമയിലേക്കും ഒമാന്റെ ദേശീയ ബസ് കമ്പനിയായ മുവാസലാത്ത് ബസ് സർവീസ് ആരംഭിച്ചത് വലിയ വിജയമായിരുന്നു. ഷാർജയിലേക്കുള്ള സർവീസ് വൈകാതെ ആരംഭിക്കാനിരിക്കുകയാണ്. സൗദിയിലേക്കുള്ള സർവീസും വിജകരമാകുമെന്നാണ് പ്രതീക്ഷ. തീർത്ഥാടകർക്കും, വിനോദ സഞ്ചാരികൾക്കും, ബിസിനസ് ആവശ്യാർത്ഥം യാത്ര ചെയ്യുന്നവർക്കും ഈ ബസ് പ്രയോജനകരമാണ്.