വിനോദവും പൈതൃകവും ഒരുമിക്കുന്ന സൗദി തീരം; യാമ്പുവിലെ പ്രധാന വിനോദ കേന്ദ്രങ്ങളെ അറിയാം

yanbu saudi tourism

സൗദി അറേബ്യയില്‍ ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന യാമ്പു രാജ്യത്തെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. ജിദ്ദ കഴിഞ്ഞാൽ സൗദി ഏറ്റവും വലിയ തീരദേശ നഗരം കൂടിയാണിത്. മനോഹരമായ ബീച്ചുകളും, കടൽക്കാഴ്ചകളും, ചരിത്ര, സാംസ്‌കാരിക കേന്ദ്രങ്ങളുമുള്ള യാമ്പു എല്ലാ വിഭാഗം സഞ്ചാരികളേയും ആകർഷിക്കുന്ന വൈവിധ്യമാര്‍ന്ന ടൂറിസം അനുഭവം പ്രദാനം ചെയ്യുന്നു. ചെങ്കടലിന്റെ മുത്ത് എന്ന പേരിലാണ് യാമ്പു അറിയപ്പെടുന്നത്. സൗദിയിലെ ഏറ്റവും വലിയ ഡൈവിങ് കേന്ദ്രവും കൂടിയാണിത്. ഇവിടുത്തെ പ്രധാന വിനോദ, പൈതൃക കേന്ദ്രങ്ങളെ കുറിച്ച് വിശദമായി അറിയാം.

യാമ്പു ഹിസ്റ്റോറിക്ക് ഡിസ്ട്രിക്റ്റ്
2,500 വര്‍ഷം പഴക്കമുള്ള യാമ്പുവിലെ പ്രധാന പൈതൃക കേന്ദ്രമാണ് യാമ്പു ഹിസ്റ്റോറിക്ക് ഡിസ്ട്രിക്റ്റ്. നഗരത്തിന്റെ ചരിത്രവും സംസ്‌കാരവും വിളിച്ചോതുന്ന എടുപ്പുകളും കെട്ടിടങ്ങളും പരമ്പരാഗത അങ്ങാടികളും ഇവിടെയുണ്ട്. ചെങ്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മികച്ചൊരു വിനോദസഞ്ചാര കേന്ദ്രമാണ്.

ലോറന്‍സ് ഹൗസ്
ലോറന്‍സ് ഓഫ് അറേബ്യ എന്നറിയപ്പെടുന്ന തോമസ് എഡ്വേര്‍ഡ് ലോറന്‍സിന്റെ വീട് യാമ്പുവിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഭവനം 1915ലെ മഹത്തായ അറബ് ലഹള കാലം മുതലുള്ളതാണ്. ഓട്ടോമന്‍ തുര്‍ക്കികള്‍ക്കെതിരായ പ്രചാരണ വേളകളില്‍ ലോറന്‍സ് ഇവിടെ താമസിച്ചിരുന്നു. ചരിത്ര പൈതൃകത്തിന്റെ ഭാഗമായ ഈ ഭവനത്തില്‍ സമീപ കാലത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധ കാലത്തെ പോരാട്ട കേന്ദ്രമെന്ന നിലയില്‍ യാമ്പുവിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഈ കെട്ടിടം. പൈതൃക സ്വഭാവവും ചരിത്ര മൂല്യവും കൊണ്ട് വേറിട്ടുനില്‍ക്കുന്ന ഈ വീട് ചരിത്രകുതുകികളെ ആകര്‍ഷിക്കുന്നു.

രാത്രി വിപണി
യാമ്പുവിലെ നൈറ്റ് മാര്‍ക്കറ്റ് സമ്പന്നമായ വാണിജ്യ ചരിത്രത്തെ ഓർമ്മിപ്പിക്കുന്നതാണ്. ഉണക്കമീന്‍, കാപ്പി, മൈലാഞ്ചി, ഈത്തപ്പഴം (മൗതിയ) തുടങ്ങിയ നാടൻ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്ന പരിഷ്‌കൃത നഗരമുഖമായി നൈറ്റ് മാര്‍ക്കറ്റ് മാറിയിട്ടുണ്ട്. പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും പ്രദേശത്തിന്റെ സാംസ്‌കാരിക സ്വത്വം ഉയര്‍ത്തിക്കാട്ടാനുമുള്ള പുനരധിവാസ പദ്ധതികളും രാത്രി വിപണിയെ സവിശേഷമാക്കുന്നു. പഴയ കാലത്ത് മത്സ്യത്തൊഴിലാളികൾക്കു വേണ്ടി രാത്രിയിലും പ്രവര്‍ത്തിച്ചിരുന്നതിനാലാണ് സൂഖിന് ഈ പേര് ലഭിച്ചത്.

അല്‍നൗറസ് ദ്വീപ്
യാമ്പു കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന അല്‍നൗറസ് ദ്വീപ് വര്‍ഷം തോറും പ്രായഭേദമന്യേ ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. മികച്ച ബീച്ചാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഫിഷിങിനും ക്യാമ്പിങ്ങിനും സൗകര്യമുണ്ട്. പച്ചപ്പും ജലധാരകളും ദ്വീപിനെ കുടുംബ വിനോദയാത്രയ്ക്ക് പറ്റിയ മികച്ച ഇടമാക്കി മാറ്റുന്നു.

യാമ്പു ഇന്‍ഡസ്ട്രിയല്‍ വാട്ടര്‍ഫ്രണ്ട്
യാമ്പു ഇന്‍ഡസ്ട്രിയല്‍ സിറ്റി ബീച്ച് 2,60,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. ശാന്തതയും വിശ്രമവും ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണിത്. പ്രകൃതി സൗന്ദര്യത്താല്‍ സമ്പന്നമായ ഈ തീരപ്രദേശം, യാമ്പു വ്യാവസായിക നഗരത്തിലെ ഏറ്റവും മനോഹരമായ ലാൻഡ്മാർക്കുകളിൽ ഒന്നാണ്. ബഹുവിധ ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളും ഇരിപ്പിടങ്ങളും റസ്ട്രന്റുകളും കഫേകളുമെല്ലാം ഇവിടെയുണ്ട്.

യാമ്പു ഒരു വിനോദ വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, വിദ്യാഭ്യാസവും വിനോദവും സംയോജിപ്പിക്കുന്ന അതുല്യമായ വിജ്ഞാന വിനോദ കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇത് അറിവും പര്യവേക്ഷണവും ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ സ്ഥലമാക്കി യാമ്പുവിനെ മാറ്റുന്നു.

റദ്വാ മ്യൂസിയം
സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മ്യൂസിയങ്ങളില്‍ ഒന്നാണ് യാമ്പുവിലെ റദ്വാ മ്യൂസിയം. തുണിത്തരങ്ങള്‍, പുരാതന കാലത്തെ ആയുധങ്ങള്‍, അപൂര്‍വ നാണയങ്ങള്‍, പുരാതന കൈയെഴുത്തുപ്രതികള്‍, നായാട്ട് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ശേഖരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആറ് ഹാളുകള്‍ ഇവിടെയുണ്ട്. ഇവ യാമ്പുവിന്റെ പൈതൃകവും വൈവിധ്യവും പ്രതിഫലിപ്പിക്കുന്നു. പരമ്പരാഗതമായ ശിൽപ്പകലാ പൈതൃകത്തെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്നവര്‍ക്ക് മ്യൂസിയത്തെ സവിശേഷ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു.

മൗണ്ട് റദ്വാ
പ്രകൃതിസ്നേഹികളെ ആകര്‍ഷിക്കുന്ന വൈവിധ്യമാര്‍ന്ന പ്രകൃതിദത്ത സ്ഥലങ്ങള്‍ യാമ്പുവിനെ വ്യത്യസ്തമാക്കുന്നു. സൗദി അറേബ്യയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതനിരകളിലൊന്നാണ് യാമ്പുവിലെ റദ്വ പര്‍വ്വതം. മാനംമുട്ടുന്ന ഉയരം, അതിശയിപ്പിക്കുന്ന കാഴ്ചകള്‍, അറേബ്യന്‍ പുള്ളിപ്പുലി ഉൾപ്പെടെയുള്ള വന്യജീവികളുടെ വിഹാര കേന്ദ്രം, ഏലം-കാശിത്തുമ്പ തുടങ്ങിയ കാട്ടുസസ്യങ്ങൾ തുടങ്ങി പ്രകൃതി വൈവിധ്യങ്ങളാൽ സമ്പന്നമാണ് റദ്വാ പര്‍വതം. കയറാന്‍ പ്രയാസമുള്ള പരുക്കന്‍ മലനിരകളാണിത്. ഹൈക്കിങ് നടത്തി മലമുകളിലെത്തിയാൽ യാമ്പു നഗരത്തിന്റെ ദൂരക്കാഴ്ച ആസ്വദിക്കാന്‍ കഴിയും.

യാമ്പു ലേക്ക് പാർക്ക്
സവിശേഷ വിനോദ കേന്ദ്രമെന്ന നിലക്കാണ് യാമ്പു ലേക്ക് പാർക്ക് എന്ന കൃത്രിമ തടാകവും പാർക്കും രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രകൃതിദൃശ്യങ്ങള്‍ക്കു പുറമെ ജലധാരയും തടാകത്തിലെ പ്രധാന കാഴ്ചയാണ്. ഒരു നടപ്പാലം പരസ്പരം ബന്ധിപ്പിക്കുന്ന രണ്ട് തുരുത്തുകളും ഈ തടാകത്തിലുണ്ട്. തടാകത്തിന്റെ സ്വാഭാവിക രൂപകൽപ്പനം പ്രകൃതിയോട് ഇണങ്ങിച്ചേരുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. കൂടാതെ 2,850 മീറ്റര്‍ നീളമുള്ള നടപ്പാതയും പാർക്കിന്റെ ഭാഗമാണ്.

yanbu lake park visit saudi tourism

ഡൈവിംഗ് സെന്ററുകള്‍
സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് യാമ്പു നിരവധി രസകരമായ കായിക പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഇതിലൊന്നാണ് ഡൈവിങ്. താൽപര്യമുള്ളവർക്ക് പരിശീലനവും മാര്‍ഗനിര്‍ദേശവും നൽകിയാണ് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളോടെ ഡൈവിങ് അനുഭവം ഒരുക്കുന്നത്. കടലിനടിയിലെ പവിഴപ്പുറ്റുകള്‍, ചെങ്കടലിന്റെ ആഴങ്ങളിലെ ജൈവവൈവിധ്യം എന്നിവ അടുത്തറിയാന്‍ സഹായിക്കുന്ന മികച്ച ഡൈവിംഗ് അനുഭവം ഇവിടെ ലഭിക്കും.

yanbu diving

Legal permission needed