DRIVING TEST IN KERALA: കേരളത്തിലെ പുതിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കാരങ്ങൾ മേയ് ഒന്നു മുതൽ നിലവിൽ വരികയാണ്. നാലു ചക്ര വാഹനങ്ങൾക്കുള്ള H ടെസ്റ്റ് ഒഴിവാക്കുകയും പകരം പാരലൽ പാർക്കിങ്, സിഗ്സാഗ് ഡ്രൈവിങ് ഉൾപ്പെടുത്തുകയും ചെയ്ത് കാലോചിതമായ മാറ്റങ്ങളാണ് വരുന്നത്. ഈ മാറ്റങ്ങളിൽ പ്രധാന അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്:
- കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഗിയർ ഷിഫ്റ്റിംഗ് സംവിധാനമുള്ള മോട്ടോർ സൈക്കിളുകൾ ഇപ്പോൾ വിപണിയിലിറങ്ങുന്നില്ല. അതിനാൽ ‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ എന്ന വിഭാഗത്തിലുള്ള ഇരുചക്ര വാഹന ഡ്രൈവിങ് ടെസ്റ്റിന് കാൽപ്പാദം കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഗിയർ ഷിഫ്റ്റിങ് സംവിധാനവും, 95 സിസിക്കു മുകളിൽ എഞ്ചിൻ ശേഷിയുള്ളതുമായ സാധാരണ മോട്ടോർ സൈക്കിൾ മാത്രമെ ഉപയോഗിക്കൂ.
- ഡ്രൈവിങ് സ്കൂൾ ലൈസൻസിൽ ചേർക്കുന്ന വാഹനങ്ങളുടെ പരമാവധി കാലപ്പഴക്കം 15 വർഷമായി പരിമിതപ്പെടുത്തി. ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന പല വാഹനങ്ങളും പഴകിയതും പുതിയ വാഹന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയുമാണ്. ഇത്തരം വാഹനങ്ങൾ 2024 മേയ് ഒന്നിനു മുമ്പായി മാറ്റണം.
- ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) വിഭാഗത്തിൽ ഡ്രൈവിങ് ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങൾ ഇനി അനുവദിക്കില്ല. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരമുള്ള നിബന്ധനകൾ ഓട്ടോമാറ്റിക് വാഹനങ്ങളിൽ LMV ലൈസൻസ് ടെസ്റ്റ് നടത്തുമ്പോൾ പരിശോധിക്കാൻ സാധ്യമല്ല. മാത്രമല്ല, ഓട്ടോമാറ്റിക് വാഹനങ്ങൾ മാത്രം ഓടിക്കുന്നവർക്ക് മാനുവൽ ഗിയർ ഷിഫ്റ്റിങ് വാഹനങ്ങൾ ഓടിക്കാൻ കഴിയുകയുമില്ല.
- മോട്ടോർ സൈക്കിൾ വിഭാഗത്തിലെ പാർട്ട് 2 റോഡ് ടെസ്റ്റ് വാഹന ഗതാഗതമുള്ള റോഡിൽ തന്നെ നടത്തും.
- ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ പാർട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ് ) ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ്സാഗ് ഡ്രൈവിങ്, ഗ്രേഡിയൻ്റ് ടെസ്റ്റ് എന്നിവ ഉൾപെടുത്തും.
- ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും (എംവിഐ) ഒരു അസിസ്റ്റന്റ് എംവിഐയും ചേർന്ന് ഒരു ദിവസം പരമാവധി 30 ഡ്രൈവിങ് ടെസ്റ്റുകൾ മാത്രമെ നടത്തൂ.
- ഡ്രൈവിങ്ങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ എൽഎംവി വാഹനങ്ങളിൽ ഡാഷ് ബോർഡ് ക്യാമറയും, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസും ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോർഡ് ചെയ്ത് മെമ്മറി കാർഡ് ഓഫീസിലെ കമ്പൂട്ടറിൽ കോപ്പി ചെയ്ത് 3 മാസം വരെ സൂക്ഷിക്കണം.
- എൽഎംവി ടെസ്റ്റ് കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കിൽ നടക്കുന്ന സ്ഥലങ്ങളിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ്സാഗ് ഡ്രൈവിങ്, ഗ്രേഡിയൻ്റ് ടെസ്റ്റ് എന്നിവ പ്രത്യേകം പരിശോധിക്കും.