ന്യൂഡല്‍ഹി. ഏപ്രില്‍ മുതല്‍ ബ്രിട്ടനും ഓസ്‌ട്രേലിയയും ഇന്ത്യക്കാര്‍ക്കുള്ള വിസ ഫീസ് വര്‍ധിപ്പിച്ചു. 13 ശതമാനം വരെയാണ് കൂട്ടിയത്. തൊഴില്‍, സന്ദര്‍ശന, വിദ്യാര്‍ത്ഥി തുടങ്ങി വിവിധ കാറ്റഗറിയിലുള്ള വിസകള്‍ക്ക് ഇതു ബാധകമാണ്. വിദ്യാര്‍ത്ഥികളേയും ജോലിക്കായി പോകുന്നവരേയുമാണ് ഇത് കാര്യമായി ബാധിക്കുക. ഈ രണ്ടു രാജ്യങ്ങളിലേക്കും വിദ്യാഭ്യാസത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ സമീപ വര്‍ഷങ്ങളില്‍ വലിയ വര്‍ധന ഉണ്ടായിട്ടുണ്ട്. ജീവിത ചെലവും ട്യൂഷന്‍ ഫീസും വര്‍ധിക്കുന്നതോടൊപ്പം വിസ ഫീസും വര്‍ധിപ്പച്ചത് ഇവര്‍ക്ക് തിരിച്ചടിയാകും.
വിദ്യാര്‍ത്ഥികള്‍ക്കു പുറമെ പ്രധാനമായും ഐടി, ഹെല്‍ത്ത് കെയര്‍, എഞ്ചിനീയറിങ് പ്രൊഫഷനലുകളാണ് ഇന്ത്യയില്‍ നിന്ന് പ്രധാനായും ഈ രണ്ടു രാജ്യങ്ങളിലേക്കും കുടിയേറുന്നത്. വിസ ഫീസ് വര്‍ധന, താല്‍ക്കാലിക ജോലിക്കോ, സ്ഥിര ജോലിക്കോ പോകുന്ന എല്ലാ സ്‌കില്‍ഡ് വര്‍ക്കേഴ്‌സിനും അധിക ചെലവാകും.
മറ്റൊരു വിഭാഗം ടൂറിസ്റ്റുകളാണ്. വിസിറ്റ്, ടൂറിസ്റ്റ് വിസകള്‍ക്കും ഫീസ് വര്‍ധന ബാധകമാണ്. യാത്രാ ചെലവേറുന്നത് ഒരു പക്ഷെ യുകെയിലിലേക്കും ഓസ്‌ട്രേലിയയിലേക്കുമുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുറവിന് കാരണമായേക്കാം. ടൂറിസം വരുമാനത്തെ കാര്യമായി ആശ്രയിക്കുന്ന രാജ്യങ്ങളാണ് യുകെയും ഓസ്‌ട്രേലിയയും. യാത്രയുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ പരിഗണിക്കുന്ന പ്രധാനകാര്യങ്ങളിലൊന്നാണ് ബജറ്റും ചെലവും. കുടുംബ സമേതമുള്ള യാത്രകള്‍ക്കും ചെലവേറുമെന്നതിനാല്‍ യാത്രയ്ക്കായി പലരും മറ്റു രാജ്യങ്ങളെ പരിഗണിച്ചേക്കാം. ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങളിലും ഉഭയകക്ഷി ബന്ധത്തിലും ഈ ഫീസ് വര്‍ധന പ്രത്യാഘാതമുണ്ടാക്കിയേക്കാം. കുടിയേറ്റ നയങ്ങള്‍ പ്രവാസി ഇന്ത്യക്കാരെ ബാധിക്കുമെന്നതിനാല്‍ നയതന്ത്ര ചര്‍ച്ചകളിലും ഇതു വിഷയമായേക്കാം.