വയനാട് ചുരത്തിൽ ഗതാഗത കുരുക്ക് പതിവ്; പ്രഖ്യാപിച്ച പരിഹാരം നടപ്പിലായില്ല

wayanad trip updates

കൽപറ്റ. ഏതാനും ദിവസങ്ങളായി വയനാട് ചുരത്തിൽ വാഹനങ്ങളുടെ തിരക്കു മൂലം ഗതാഗത കുരുക്ക് പതിവായിരിക്കുകയാണ്. വലിയ വാഹനങ്ങൾ കേടായി ചുരത്തിൽ കുടുങ്ങുന്നതാണ് പ്രധാന കാരണം. ഇതു മൂലം യാത്രാക്കാർക്കു പുറമെ വയനാട്ടിൽ നിന്നുള്ള രോഗികളുമായി പായുന്ന ആംബുലൻസുകൾ പോലും ഗതാഗതക്കുരുക്കിലകപ്പെടുന്നു. ചുരത്തിൽ തകരാറായി കുടുങ്ങുന്ന വാഹനങ്ങൾ നീക്കാൻ ക്രെയിൻ സൗകര്യമൊരുക്കുമെന്ന് വയനാട്, കോഴിക്കോട് ജില്ലാ കലക്ടർമാർ ഫെബ്രുവരിയിൽ നടത്തിയ ചർച്ചയിൽ പ്രഖ്യാപിച്ചിരുന്നു. ലക്കിടിയിലും അടിവാരത്തും ക്രെയിനുകൾ ഒരുക്കുമെന്നായിരിക്കുന്നു പ്രഖ്യാപനം. ഗതാഗതം നിയന്ത്രിക്കാൻ ചുരത്തിൽ സ്ഥിരമായി പൊലീസിനെ നിയോഗിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും തുടർനപടികൾ ഉണ്ടായിട്ടില്ല. ലോറിയും ബസും ഉൾപ്പെടെ വലിയ വാഹനങ്ങൾ ഗതാഗതക്കുരുക്കുണ്ടാക്കുന്നത് പതിവായിരിക്കുകയാണ്.

അവധിക്കാലമായതിനാൽ ചുരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാത്ത ദിവസങ്ങൾ അപൂർവമാണ്. വിദേശയാത്രയ്ക്കായി എയർപോർട്ടുകളിലേക്ക് പോകുന്നവരും വളരെ നേരത്തെ പുറപ്പെടേണ്ട സ്ഥിതിയാണ്. കോഴിക്കോട് നിന്ന് ട്രെയ്ൻ പിടിക്കാൻ പോകുന്നവരുടെ സ്ഥിതിയും മറിച്ചല്ല. ദിവസങ്ങൾക്കു മുമ്പ് എട്ടാം വളവിൽ കേടായി കുടുങ്ങിയ ലോറി നീക്കിയത് രാത്രി 11 മണിയോടെയാണ്. അപ്പോഴേക്കും ചുരം ഇരുദിശയിലും സ്തംഭിച്ചിരുന്നു. ഈ ഗതാഗതക്കുരുക്ക് മുകളിൽ വൈത്തിരി വരേയും താഴെ അടിവാരം വരേയും നീണ്ടു. വയനാട്ടിൽ നിന്ന് രോഗികളുമായി പായുന്ന ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽ പെടുമ്പോൾ ചുരം സംരക്ഷണ സമിതി പ്രവർത്തകരും താമരശ്ശേരി പൊലീസും ചുരത്തിൽ ക്യാംപ് ചെയ്താണ് പലപ്പോഴും രക്ഷപ്പെടുത്തുന്നത്. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ചുരം വ്യൂ പോയിന്റിൽ അനിയന്ത്രിതമായി നിർത്തിയിടുന്നതും ഗതാഗത തടസ്സത്തിനുള്ള കാരണമാകുന്നുണ്ട്.

വയനാട് ചുരത്തിലെ യാത്രാദുരിതം പരിഹരിക്കുന്ന അടിവാരം-മരുതിലാവ്-തളിപ്പുഴ ചുരം ബൈപാസ് പദ്ധതി കാൽനൂറ്റാണ്ടായി എങ്ങുമെത്തിയിട്ടില്ല. രണ്ടു തവണ സർവേ നടത്തി പ്ലാൻ തയാറാക്കിയത് മാത്രമാണ് ഇതുവരെ നടന്നത്. ഈ പദ്ധതി യാഥാർത്ഥ്യമായാൽ ചുരത്തിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുന്നതോടൊപ്പം ഹെയർപിൻ വളവുകൾ കുറഞ്ഞ പുതിയ പാതയും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed