✍🏻 നൗഷാദ് കുനിയില്‍
“നാലു സഹസ്രാബ്ദങ്ങളായി ഈ കുന്നിൻചെരുവിങ്ങനെ കത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ വീശുന്ന കാറ്റോ, വീഴുന്ന മഞ്ഞോ, പെയ്യുന്ന പേമാരിയോ ഈ തീയെ അണയ്ക്കാൻ പര്യാപ്തമല്ല. ഋതുഭേദങ്ങൾക്ക് ഈ തീയെ ഭേദിക്കാനാവില്ല” അസർബൈജാനിലെ, ‘യാനാർ ഡാഗ്’ (Yanar Dag) എന്ന് വിളിക്കപ്പെടുന്ന കത്തുന്ന കുന്നിൻ ചെരുവിനു ചാരെ നിൽക്കുമ്പോൾ ഞങ്ങളുടെ ഗൈഡ് സെബ്രീന പറഞ്ഞുതുടങ്ങി. ഞാനവരോട് ചോദിച്ചു- ഇടയ്‌ക്കെന്നോ ഇത് കെട്ടുപോയെന്നും പിന്നീട് 1950 കളിൽ ഒരവിചാരിത മുഹൂർത്തത്തിൽ ഒരു ഇടയബാലന്റെ കൈവശമുണ്ടായിരുന്ന തീപ്പൊരി വീണ് വീണ്ടും കത്തിത്തുടങ്ങിയതാണെന്നും കേട്ടിട്ടുണ്ടല്ലോ! മിടുക്കിയായ ആ കുട്ടി പറഞ്ഞു – അങ്ങനെയും ഒരു കഥയുണ്ട്. എന്നാൽ, അതിനൊന്നും വ്യക്തമായ തെളിവുകളില്ല. അവൾ ഉടനെ വിശദീകരിച്ചു: പതിമൂന്നാം നൂറ്റാണ്ടിലെ ലോകസഞ്ചാരിയായ മാർക്കോപോളോയുടെ സഞ്ചാര കൃതിയിൽ ഇവിടെക്കണ്ട തീയെക്കുറിച്ച് അതിശയപൂർവ്വം എഴുതിയിട്ടുണ്ട്. അസർബൈജാനിലെ നിഗൂഢഭാവമാർന്ന തീജ്വാലകൾ രസകരവും ആകർഷണീയവും മറ്റൊരിടത്തും കാണാനാവാത്തതുമാണെന്ന് മാർക്കോ പോളോ പറഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകൾക്കുമുൻപെ കത്തിക്കൊണ്ടിരിക്കുന്ന മലകളിവിടെയുണ്ട് എന്നതിന് ഇതിനേക്കാൾ വലിയൊരു തെളിവു വേണ്ടല്ലോ!
തെളിവുകൾ തേടിയും തെളിവുകളുടെ സാധുത ഉരസിനോക്കിയും രസം കളയേണ്ട സന്ദർഭമല്ലിത്. മുന്നിൽ കത്തിനിൽക്കുന്ന ഒരതിശയത്തെ അദ്‌ഭുതം കത്തുന്ന കണ്ണിലൂടെയും മനസിലൂടെയും ആലോചനകളിലൂടെയും നേരിട്ട് അനുഭവിക്കേണ്ട സമയമിതപൂർവ സായാഹ്നം!!
ബാക്കു പട്ടണത്തിൽ നിന്നും മുക്കാൽ മണിക്കൂറോളം സഞ്ചരിച്ചാൽ യാനാർ ഡാഗ് കുന്നിലേക്കെത്തിച്ചേരാം. അസർബൈജാന് ‘അഗ്നിദേശം’ (Land of Fire) എന്നൊരു വിളിപ്പേരുണ്ട്. ആ വിളിപ്പേരിനെ അന്വർത്ഥമാക്കാൻ ഇന്ന് രാജ്യത്ത് അവശേഷിക്കുന്ന ഏക പ്രദേശം യാനാർ ഡാഗ് ആണ്. ‘കത്തുന്ന മല’ എന്നാണ് പ്രാദേശിക ഭാഷയിൽ ഇതിൻറെ അർത്ഥം.
Also Read ബാക്കുവിലെ അതിശയ തെരുവിലൂടെ
തീജ്വാലകൾ കുന്നിനു താഴെ വിശ്രമമൊട്ടുമില്ലാതെ നൃത്തംവച്ചുകൊണ്ടേയിരിക്കുന്നു. മഞ്ഞുപാളികൾ പരവതാനി വിരിക്കുന്ന കൊടും ശൈത്യത്തിലും ഇത് കത്തികൊണ്ടേയിരിക്കുമത്രേ! കൊടും തണുപ്പിൽ ആളുകളുടെ പ്രിയപ്പെട്ടയിടമാണിത്. തണുത്തുവിറക്കുന്ന ചുറ്റുപാടിൽ ഊഷ്മളത പുതപ്പിടുന്നൊരിടം! മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു അന്നേരം. പെട്ടെന്നൊരു മോഹമുദിച്ചു, മഴയൊന്ന് പെയ്തെങ്കിൽ, ആ മഴയെയും അതിജീവിച്ചുകൊണ്ട് ഈ ജ്വാലകൾ വായുവിൽ നൃത്തം ചവിട്ടുന്നത് കാണാനായെങ്കിൽ! അല്പം കഴിഞ്ഞപ്പോൾ മഴ ചെറുതായി പെയ്തു. ഒരു ചെറു ബലക്ഷയം പോലും കത്തുന്ന തീയിൽ കാണാനായില്ല. തീയോട് ചേർന്ന് കുറേ നാണയത്തുട്ടുകൾ എറിഞ്ഞിട്ടത് കണ്ടു. അന്വേഷിച്ചപ്പോൾ, എന്തെങ്കിലും ആഗ്രഹം മനസിൽ വച്ച് ഈ തീയിലേക്ക് നാണയമെറിഞ്ഞാൽ ആഗ്രഹസഫലീകരണം ഉണ്ടാകുമെന്ന് അസരികൾ വിശ്വസിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. നിങ്ങളാരെങ്കിലും ‘മഴ പെയ്യട്ടെ’യെന്നാഗ്രഹിച്ച് നാണയമെറിഞ്ഞിരുന്നോ എന്ന് സെബ്രിന തമാശയും ഗൗരവവും ചേർത്തി ചോദിച്ചത് ചിരി പടർത്തി. തീ ജ്വാലകൾ ചൂടു പടർത്തി ആടിക്കൊണ്ടും ആളിക്കൊണ്ടുമിരിക്കുകയാണ്! തണുത്ത കാറ്റുവീശുന്ന ആ ‘കാറ്റിന്റെ നാട്ടിൽ’ പക്ഷേ, ചൂടുവിരിഞ്ഞു നിൽക്കുകയാണിവിടം!
കുന്നിന്റെ സുഷിരത്തിലൂടെ പുറത്തേക്ക് വരുന്ന പ്രകൃതി വാതകത്തിൻ്റെ ഫലമായാണ് നൂറ്റാണ്ടുകളായി സഞ്ചാരികളെയും നാട്ടുകാരെയും അതിശയപ്പെടുത്തികൊണ്ടിരിക്കുന്ന ഈ അഗ്നിജ്വാലകൾ ഉണ്ടായതെന്നാണ് ഗവേഷകർ പറയുന്നത്. ശാസ്ത്രീയമായ കണ്ടെത്തലുകളും നിഗമനങ്ങളും ഇല്ലാതിരുന്ന പുരാതനകാലത്ത് ഈ നിഗൂഢതയെ പ്രതി എത്രയെത്ര കഥകളും നാടോടിക്കഥകളും രൂപപ്പെട്ടിട്ടുണ്ടാകും!
Also Read ബാലക്സാനി, വശ്യ സുന്ദരിയായ ഗ്രാമം
രാത്രിയോ കൊടും ശൈത്യമോ ആണ് ഈ പ്രകൃതി വിസ്മയം അതിന്റെ ശരിയായ സൗന്ദര്യത്തിൽ ആസ്വദിക്കാൻ പറ്റിയ സമയം. മഞ്ഞ് വീഴുമ്പോൾ, അടരുകൾ ഒരിക്കലും നിലത്ത് തൊടാതെ വായുവിൽ അലിഞ്ഞുചേരുമത്രെ!
ഒരു കൊടും തണുപ്പു കാലത്ത് ഇവിടെ വന്നിരിക്കണം. ഈ ജ്വാലമുഖത്തേക്ക് നോക്കിയിരിക്കണം. അഗ്നി മഞ്ഞുകണങ്ങളെ പ്രതിരോധിക്കുന്നതെങ്ങനെയെന്ന് കണ്ടറിയണം. അന്നേരം കൈയിലൊരു കാപ്പിക്കപ്പു വേണം. അത് മൊത്തികുടിക്കവേ ഒരു പെരുമഴകൂടി പെയ്യണം! ആനന്ദ ലബ്ദിക്ക് പിന്നെയൊന്നും വേണ്ടല്ലോ എന്നാലോചിച്ചപ്പോൾ ഗൈഡ് പറഞ്ഞ ആ നാട്ടുവിശ്വാസം ഓർത്തു – ഈ ‘ആഗ്രഹ സഫലീകരണ’ത്തിന് ആ അഗ്നിയിലേക്ക് നാണയമെറിഞ്ഞാലോ! ‘പൊട്ടാ, നാണയമെറിയാതെ ആഗ്രഹം സഫലമായിട്ട് നേരമൊട്ടും ആയിട്ടില്ലല്ലോ! ഏതോ ആൾ നാണയമെറിഞ്ഞുണ്ടാക്കിയ ഒരാ’ചാര’ത്തിലേക്ക് നീയെന്തിന് നാണയമെറിയണം? നാണമില്ലേ?’ എന്ന് മനസ് ചെവിക്കു പിടിച്ചു.
Also Read കഥ പറയുന്ന സ്മാരകശിലകൾ
തലേന്നു രാത്രിയിലെ ഉറക്കക്കുറവ് നല്ല തലവേദനയുണ്ടാക്കുന്നുണ്ട്. കൂട്ടത്തിലുള്ള ചിലരൊക്കെ വണ്ടിയിലേക്ക് തിരിച്ചുനടന്നിട്ടുണ്ട്. ഗെെഡ് അനുവദിച്ച സമയം കഴിയാന്‍ ഇനിയും സമയമുണ്ട്. ‘തല കത്തുമ്പോൾ എന്ത് മലകത്തല്‍’ എന്നാലോചിക്കാനേ തോന്നിയില്ല. അവിടുത്തെ ഗാലറിയിലിരുന്ന് മലകത്തുന്നത് നോക്കി കുറച്ചുനേരം വീണ്ടുമിരുന്നു.
2 thoughts on “Azerbaijan: സഹസ്രാബ്ദങ്ങളായി അണയാതെ കത്തുന്ന മല”