കൊച്ചി. കേരളത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമായ തൃപ്പൂണിത്തറ ഹിൽ പാലസ് സന്ദർശിക്കാനെത്തുവരുടെ എണ്ണത്തിലും വരുമാനത്തിലും വൻകുതിപ്പ്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ മൂന്ന് ലക്ഷത്തിലേറെ പേരാണ് ഹിൽ പാലസ് കാണാനെത്തിയത്. ഇക്കാലയളവിലെ വരുമാനം ഒരു കോടി രൂപ കവിഞ്ഞു. പ്രതിദിന വരുമാനത്തിലും റെക്കോർഡ് വർധന നേടി. ഇത് 2.43 ലക്ഷം രൂപ വരെ എത്തി. ശരാശരി അയ്യായിരത്തിലേറെ പേർ ദിനംപ്രതി മ്യൂസിയം സന്ദർശിക്കാനെത്തുന്നു. പൈതൃക സ്ഥലമായ ഹിൽ പാലസിൽ കാണാൻ ഒട്ടേറെയുണ്ട്. ഇതിനു പുറമെ ഫോട്ടോ ഷൂട്ട്, വെഡിങ് ഷൂട്ടുകൾ, സിനിമാ ചിത്രീകരണം എന്നിവയ്ക്ക് മികച്ചയിടമാണ്. ഈ ഇഷ്ട ലൊക്കേഷൻ തേടി ഒട്ടേറെ സംഘങ്ങൾ വിവിധയിടങ്ങളിൽ നിന്ന് ഇവിടെ എത്തുന്നു.
കാമറ പ്രവേശിപ്പിക്കാൻ 60 രൂപയാണ് നിരക്ക്. വിഡിയോ ചിത്രീകരണത്തിന് 2100 രൂപയാണ് നിരക്ക്. ജനുവരി മുതൽ ഏപ്രിൽ വരെ 1400 പേർ ക്യാമറ പാസ് എടുത്തു. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിലാണ് സന്ദർശകർക്ക് പ്രവേശനം. മുതിർന്നവർക്ക് 35 രൂപയാണ് പ്രവേശന ഫീസ്. കുട്ടികൾക്ക് (7-12) 10 രൂപ. കാർ പാർക്കിങ്- 30 രൂപ, ഇരുചക്രവാഹനങ്ങൾ- 10 രൂപ.
ഹിൽ പാലസ് ചരിത്രം
1865ൽ കൊച്ചി രാജാവ് പണികഴിപ്പിച്ച തൃപ്പൂണിത്തറ ഹിൽ പാലസ് കൊച്ചി രാജാക്കന്മാരുടെ ഭരണ സിരാകേന്ദ്രമായിരുന്നു. 52 ഏക്കർ വിശാലമായ സ്ഥലത്ത് തദ്ദേശീയ ശൈലിയിലുള്ള 49 കെട്ടിടങ്ങളടങ്ങുന്ന ഈ കൊട്ടാരത്തിൽ ഹിൽ പാലസ് പുരാവസ്തു മ്യൂസിയം, ഹെറിട്ടേജ് മ്യൂസിയം, ഡിയർ പാർക്ക്, ചരിത്രാതീത പാർക്ക്, കുട്ടികളുടെ പാർക്ക് എന്നിവ ഉൾക്കൊള്ളുന്നു. ഡച്ചുകാർ നിർമിച്ച കളിക്കോട്ട പാലസും മണിമാളികയും കൂടാതെ അമ്മത്തമ്പുരാൻ കോവികലവും ഊട്ടു പുരയും സന്ദർശകരെ ആകർഷിക്കുന്നു. ഡിയർ പാർക്കിൽ 230 മാനുകളും 25 മ്ലാവുകളും ഉണ്ട്.
ചുറ്റും റോഡുകളും വന്മരങ്ങള്‍ നിറഞ്ഞ വലിയ തോട്ടവും വലയം ചെയ്യുന്നതാണ് ഈ കൊട്ടാരവളപ്പ്. പുരാതന കേരളീയ വാസ്തുവിദ്യയും വിദേശശൈലിയും ഒത്തുചേര്‍ന്നതാണ് നിര്‍മ്മാണ രീതി. തട്ടു തട്ടായി തിരിച്ച 52 ഏക്കറോളം വരുന്ന ഉദ്യാനം മ്യൂസിയത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. കൊട്ടാരത്തിനു ചുറ്റും നിരവധി ഔഷധ സസ്യങ്ങളുണ്ട്. കൊച്ചിയിൽ നിന്ന് 14 കിലോമീറ്റർ അകലെയാണ് ഹിൽ പാലസ്. സാംസ്കാരിക വകുപ്പിനു കീഴിലുള്ള പൈതൃക പഠന കേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നു.
1980-ൽ കൊച്ചി രാജകുടുംബം ഈ കൊട്ടാരം കേരള സർക്കാറിനു കൈമാറി. പിന്നീട് പുരാവസ്തു വകുപ്പിന്റെ കീഴിലായ ഹിൽ പാലസ് കേരളത്തിലെ ആദ്യത്തെ പൈതൃക മ്യൂസിയമാക്കി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. 1991-ലാണ് മ്യൂസിയം പ്രവർത്തനമാരംഭിച്ചത്. നിലവിലിവിടെ 11 ഗാലറികളുണ്ട്. കൊച്ചി മഹാരാജാവും രാജകുടുംബാംഗങ്ങളും ഉപയോഗിച്ചിരുന്ന വസ്തുക്കൾ, പുരാതനമായ ശിലാഫലകങ്ങൾ, ശിൽപ്പങ്ങൾ, നാണയങ്ങൾ, തുടങ്ങി നിരവധി വസ്തുക്കൾ മ്യൂസിയത്തിലുണ്ട്.
പഴയ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന എണ്ണച്ചായ ചിത്രങ്ങള്‍, ചുവര്‍ ചിത്രങ്ങള്‍, ശില്പങ്ങള്‍, താളിയോലകള്‍, കൊച്ചി മഹാരാജാക്കന്മാരുടെ അമൂല്യമായ വസ്തുക്കള്‍, രാജ സിംഹാസനങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കിഴക്കനേഷ്യയില്‍ നിന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് എത്തിയ പുരാതന സെറാമിക് സൃഷ്ടികള്‍, കേരളത്തിന്റെ നരവംശ ചരിത്രത്തിലെ നാഴിക കല്ലുകളായ കുടക്കല്ല്, തൊപ്പിക്കല്ല്, വെട്ടുകല്ലില്‍ തീര്‍ത്ത ഓര്‍മ്മ സ്തംഭങ്ങള്‍, പഴയ സംസ്കൃതിയുടെ അവശിഷ്ടങ്ങളായ മരത്തില്‍ തീര്‍ത്ത വസ്തുക്കള്‍ തുടങ്ങി ഇന്‍ഡസ് വാലിയിലെയും ഹാരപ്പന്‍ സംസ്കൃതിയുടെയും അവശിഷ്ടങ്ങളുടെ മാതൃകകള്‍ വരെ ഇവിടെ കാണാം. ആധുനിക കലാസൃഷ്ടികളുടെ ഒരു ഗ്യാലറിയും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്.