അവധി ആഘോഷങ്ങൾ പലരും പലയിടത്തും പ്ലാൻ ചെയ്തിട്ടുണ്ടാകും. ഒരു ദിവസം ഒരു One Day Tripനു മാറ്റിവച്ചാലോ? ഇതിനു പറ്റിയ ഒരിടമാണ് വയനാട്. ഒരു ചെറിയ യാത്രയിൽ തന്നെ ഒട്ടേറെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ കഴിയും. ശുദ്ധജല തടാകങ്ങളും വെള്ളച്ചാട്ടങ്ങളും മലകളും കുന്നുകളും ഉൾപ്പെടെ വയനാട്ടിൽ പ്രകൃതി സൗന്ദര്യവും പൈതൃകവും സാഹസിക വിനോദങ്ങളുമാണ് പ്രധാനമായും ഉള്ളത്. തിരഞ്ഞെടുത്ത ഏതാനും വിനോദ സഞ്ചാര കേന്ദ്രങ്ങളിതാ.
ലക്കിടി വ്യൂ പോയിന്റ്
കോഴിക്കോട് ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന താരമശ്ശേരി ചുരം കയറുമ്പോൾ സന്ദർശകരെ വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്ന അതിമനോഹര ലൊക്കേഷൻ ആണ് ചുരം പാതയിലെ ലക്കിടി വ്യൂ പോയിന്റ്. വയനാടിന്റെ പ്രവേശന കവാടം എന്നും പറയാം. ചുരം പാതയിലെ (NH 766) ഒമ്പതാമത്തേതും അവസാനത്തേതുമായ ഹെയർപിൻ വളവിലെ വ്യൂ പോയന്റിൽ നിന്ന് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ മൊത്തത്തിലുള്ള ആകാശദൃശ്യം കാണാം. ഇവിടെ നിന്നുള്ള അസ്തമയക്കാഴ്ചയും അതിമനോഹരമാണ്. മേഘങ്ങളും കോടമഞ്ഞും കാഴ്ച മറച്ചില്ലെങ്കിൽ അപൂർവ്വമായി ചില സമയങ്ങളിൽ, 55 കിലോമീറ്റർ അകലെയുള്ള കടൽപ്പരപ്പും കാണാം.
പൂക്കോട് തടാകം
ചുരം കയറിക്കഴിഞ്ഞാൽ ആദ്യമെത്തുന്ന ലക്കിടിയിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ കൽപ്പറ്റ റോഡിൽ സഞ്ചരിച്ചാൽ ഇടതു വശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം. വയനാട് ജില്ലയിലെ സുന്ദരമായ ഒരു ശുദ്ധജല തടാകമാണ് പൂക്കോട് തടാകം. വയനാട്ടിൽ എത്തുന്ന സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ് ഈ തടാകം. 13 ഏക്കറിൽ വിശാലമായി പരന്ന് കിടക്കുന്ന ഈ തടാകത്തിനു ചുറ്റും ഇടതൂർന്ന വനവും കുന്നുകളുമാണ്. 40 മീറ്ററാണ് ആഴം. തടാകത്തിനു ചുറ്റും നടക്കാൻ നടപ്പാതയുമുണ്ട്. നീലത്താമരകളും ആമ്പലുകളും നിറഞ്ഞ ഈ തടാകത്തിന് ചുറ്റുമുള്ള ഭൂപ്രകൃതിയും സഞ്ചാരികളെ ആഹ്ലാദിപ്പിക്കും. താടകത്തിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ ഇവിടെ ബോട്ടിങിനുള്ള സൗകര്യവുമുണ്ട്. കയാക്കിങുമുണ്ട്. രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് വരെയാണ് സന്ദർശകർക്ക് പ്രവേശനം. ചിൽഡ്രൻസ് പാർക്ക്, അക്വേറിയം, കരകൌശല വസ്തുക്കളുടെ വിപണ കേന്ദ്രം എന്നിവയും ഇവിടെയുണ്ട്.
മൈലാടിപ്പാറ, ജൈന ക്ഷേത്രം
കൽപ്പറ്റയിലെ ഒരു മനോഹര വ്യൂ പോയിൻറാണ് മൈയിലാടി പാറ. സൂര്യോദയവും അതിലേറെ മനോഹരമായ സൂര്യാസതമയവും മൈലാടിപ്പാറയിൽ നിന്ന് ആസ്വദിക്കാം. സ്വകാര്യ ട്രെസ്റ്റിന്റെ പേരിലുള്ള സ്ഥലമാണിത്. മൈലാടിപ്പാറയുടെ മുകളിൽ ഒരു ജൈന ക്ഷേത്രമുണ്ട്. കൽപ്പറ്റ ബൈപ്പാസിനു സമീപമാണ് മൈലാടിപ്പാറ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് കൽപ്പറ്റയുടെ മനോഹരമായ ആകാശ കാഴ്ച്ച ആസ്വദിക്കാം. പ്രവേശനത്തിന് പാസോ മറ്റോ ഇല്ല.
സൂചിപ്പാറ വെള്ളച്ചാട്ടം
മേപ്പാടി ഗ്രാമപഞ്ചായത്തിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം അഥവാ സെന്റിനൽ പാറ (Sentinel Rock) വെള്ളച്ചാട്ടം. 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും വീഴുന്ന വെള്ളം നയനാനന്ദകരമാണ്. താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തിൽ നീന്തുവാനും കുളിക്കുവാനും കഴിയും. സൂചിപ്പാറയിലുള്ള ഏറുമാടങ്ങളിൽ നിന്ന് പശ്ചിമഘട്ടത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകൾ കാണാം. 200 മീറ്ററിൽ അധികം ഉയരമുള്ള സൂചിപ്പാറ (സെന്റിനൽ റോക്ക്) സാഹസിക മല കയറ്റക്കാർക്ക് പ്രിയങ്കരമാണ്. സന്ദർശന സമയം രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെ.
ബാണാസുര സാഗർ അണക്കെട്ട്
കൽപറ്റയിൽ നിന്ന് 20 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറയിലാണ് മനോഹരമായ ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്നത്. മണ്ണ് കൊണ്ട് നിർമിച്ച, ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണിത്. കക്കയം ജലവൈദ്യുത പദ്ധതിയുടെ സഹായവും വേനൽക്കാലത്ത് ജനങ്ങളുടെ ജലസേചന, കുടിവെള്ള ആവശ്യങ്ങളും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് അണക്കെട്ട് നിർമ്മിച്ചത്. വയനാട്ടിലെ മികച്ച പിക്നിക് സ്ഥലങ്ങളിൽ ഒന്നാണിത്. ഡാമിൽ ബോട്ടിങും ഉണ്ട്. ചിൽഡ്രൻസ് പാർക്കും ഫോട്ടോ എടുക്കാൻ ഏറ്റവും മികച്ച ഒട്ടേറെ ഇടങ്ങളും ഇവിടെയുണ്ട്. പ്രവേശനം രാവിലെ ഒമ്പത് മണി മുതൽ. മുതിർന്നവർക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. മീൻമുട്ടി വെള്ളച്ചാട്ടം, കർലാട് തടാകം എന്നിവയാണ് അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ.
മീൻ മുട്ടി വെള്ളച്ചാട്ടം
ബാണാസുര സാഗർ ഡാമിനടുത്ത് നിന്നും ഏകദേശം 2.5 കിലോ മീറ്റർ സഞ്ചരിച്ചാൽ മീൻമുട്ടി വെള്ളച്ചാട്ടം കാണാം. ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ നയന മനോഹരമായ വെള്ളച്ചാട്ടവും ആസ്വദിക്കാം. മികച്ചൊരു ട്രെക്കിങ് സ്ഥലം കൂടിയാണ്. കയറിൽ തൂങ്ങി പാറക്കെട്ടുകളിൽ കൂടിയുള്ള യാത്ര സാഹസിക പ്രേമികൾക്ക് മികച്ച അനുഭവമാകും. കാടിനുള്ളിലൂടെ തണുത്ത കാറ്റേറ്റ് ശുദ്ധവായു ശ്വസിച്ച് ആനന്ദകരമായ യാത്ര ഇഷ്ടപ്പെടുന്നവർ നിർബന്ധമായും ഇവിടം കണ്ടിരിക്കണം. കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും വരാൻ പറ്റിയ മനോഹരമായ സ്ഥലം കൂടിയാണ് മീൻമുട്ടി വെള്ളച്ചാട്ടം. (ചെറിയ കുട്ടികളുമായി സീസൺ സമയങ്ങളിൽ മാത്രം വരിക.) ഫോറസ്റ്റ് ഗാർഡിന്റെ മികച്ച സുരക്ഷാ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 60 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രവേശന സമയം രാവിലെ 9 മുതൽ വൈകിട്ട് 4 വരെ.
എടക്കൽ ഗുഹ
ചരിത്ര പ്രേമികൾ സന്ദർശിച്ചിരിക്കേണ്ട വയനാട്ടിലെ ഏറ്റവും പ്രധാന സ്ഥലമാണ് എടക്കൽ ഗുഹ. സുൽത്താൻ ബത്തേരി നിന്നും 12 കിലോമീറ്റർ അകലെയായി നേന്മേനി ഗ്രാമപഞ്ചായത്ത് പരിധിയിലെ അമ്പുകുത്തി മലയിലാണ് ഈ പുരാതന ഗുഹ സ്ഥിതി ചെയ്യുന്നത്. പ്രാചീന ശിലായുഗത്തിലെ ലിപികൾ ഗുഹയ്ക്കുള്ളിലെ പാറയിൽ കൊത്തിവെച്ചത് കാണാം. ശിലായുഗ കാലഘട്ടത്തിലെ പൂർവികർ ഉപയോഗിച്ചിരുന്ന ലിഖിത ഭാഷയാണിതെന്ന് കരുതപ്പെടുന്നു. ചരിത്ര വിദ്യാർഥികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരിടമാണ് എടക്കൽ ഗുഹ. ശിലായുഗത്തിലെ സംസ്കാരത്തെ പറ്റിയും, ചരിത്രപരമായ വസ്തുതകളെ പറ്റിയും പഠിക്കാൻ ഒട്ടനവധി ചരിത്ര വിദ്യാർഥികളാണ് എടക്കൽ ഗുഹയിലേക്ക് എത്തുന്നത്. പുരാവസ്തു വകുപ്പിന്റെ കീഴിലാണ് എടക്കൽ ഗുഹയുടെ നിയന്ത്രണം. ചുമതല നിർവഹിക്കുന്നത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC Wayanad).