ന്യൂദൽഹി. വിമാനയാത്ര കൂടുതൽ സുരക്ഷിതമാക്കുകയും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും വേണ്ടി ഹാൻഡ് ബാഗിന് പുതിയ നിയന്ത്രണങ്ങൾ വരുന്നു. ജനുവരി ഒന്നു മുതൽ എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രക്കാരും വിമാനത്തിനുള്ളിൽ ഒറ്റ ഹാൻഡ് ബാഗേജ് മാത്രമെ കൈവശം കരുതാവൂ എന്നാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) നടപ്പിലാക്കിയ പുതിയ ചട്ടം വ്യക്തമാക്കുന്നത്. ഈ ഒറ്റ ബാഗ് ഏഴ് കിലോയിൽ അധികം ഭാരവും പാടില്ല. വിമാനത്താവളങ്ങളിൽ അനുദിനം യാത്രക്കാരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ എയർപോർട്ട് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ സുരക്ഷാ പരിശോധനകൾ കുറച്ച് യാത്രക്കാർക്ക് വേഗത്തിൽ യാത്രാ സൗകര്യമൊരുക്കുന്നതിനാണ് മുൻഗണന.
വിമാനയാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ എയർപോർട്ട് ടെർമിനലുകളിലൂടെയുള്ള യാത്രക്കാരുടെ വരവും പോക്കും സുഗമമാക്കുന്നതിന് കർശനമായ ലഗേജ് നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് ബിസിഎഎസിന്റേയും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റേയും (സിഐഎസ്എഫ്) തീരുമാനം. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങി മുൻനിര വിമാന കമ്പനികളെല്ലാം പുതിയ ബാഗേജ് നയം അനുസരിച്ച് തങ്ങളുടെ നയങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. അവസാന നിമിഷ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ യാത്രക്കാർ ഇക്കാര്യം വിമാന കമ്പനികളുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തിയാൽ അധിക പണ നഷ്ടം ഒഴിവാക്കാം.
പുതിയ ബാഗേജ് നിയന്ത്രണങ്ങൾ ഇങ്ങനെ
- ഓരോ യാത്രക്കാരനും 7 കിലോയിൽ കൂടാത്ത ഒരു ഹാൻഡ് ബാഗോ ക്യാബിൻ ബാഗോ മാത്രമെ കൈവശം കരുതാവൂ. മറ്റെല്ലാം ലഗേജുകളും ചെക്ക് ഇൻ ചെയ്യണം.
- കൈവശം കരുതുന്ന ക്യാബിൻ ബാഗിന്റെ ഉയരം 55 സെന്റിമീറ്ററിൽ കൂടാൻ പാടില്ല. നീളം 40 സെന്റിമീറ്ററിനും വീതി 20 സെന്റിമീറ്ററിനുള്ളിലും ഒതുങ്ങിയിരിക്കണം. ക്യാബിനിൽ കൃത്യമായി ഒതുക്കിവെക്കാനും സുരക്ഷാ പരിശോധന ഏളുപ്പമാക്കാനുമാണിത്.
- ഹാൻഡ് ബാഗേജ് ഭാരമോ വലിപ്പമോ നിശ്ചിത പരിധിയിലും അധികമാണെങ്കിൽ അധിക ബാഗേജിന് സർചാർജ് ഈടാക്കും.
- 2024 മെയ് രണ്ടിനു മുമ്പ് എടുത്ത ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ ബാഗേജ് നയം ബാധകമല്ല. അതേസമയം, ഈ ടിക്കറ്റ് റീഷെഡ്യൂൾ ചെയ്തിട്ടുണ്ടെങ്കിൽ പുതിയ ബാഗേജ് നയം ബാധകമായിരിക്കും.
(ഇക്കോണമി: 8 കി.ഗ്രാം, പ്രീമിയം ഇക്കോണമി: 10 കി.ഗ്രാം, ഫസ്റ്റ്/ബിസിനസ്: 12 കി.ഗ്രാം എന്നിങ്ങനെയായിരുന്നു പഴയ ഹാൻഡ് ബാഗേജ് പോളിസി പ്രകാരം കൈവശംവെക്കാവുന്ന ഭാരം.)