TRIP UPDATES 2023: ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഇവയാണ്

TRIP UPDATES 2023: വിനോദ സഞ്ചാര മേഖലയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന മുന്നേറ്റമുണ്ടായ വര്‍ഷമാണ് 2023. കോവിഡ് മഹാമാരി സൃഷ്ടിച്ച യാത്രാ പ്രതിസന്ധികളില്‍ നിന്ന് ടൂറിസം മേഖല പൂര്‍ണമായും മുക്തി നേടിയ വര്‍ഷമാണിത്. നിയന്ത്രങ്ങളെല്ലാം നീങ്ങിയ ശേഷം കൂടുതല്‍ പേര്‍ യാത്രകള്‍ നടത്തുകയും ടൂറിസം രംഗത്ത് പുത്തനുണര്‍വ്വ് ഉണ്ടാകുകയും ചെയ്ത വര്‍ഷം. ബജറ്റ് ടൂറിസം വ്യാപകമായ കാലം കൂടിയാണിത്. എല്ലാം പൂര്‍വ്വസ്ഥിതിയിലായതോടെ വിനോദ സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചു. ടൂര്‍ പ്ലാനുകളെല്ലാം തുടങ്ങുന്നത് ഗൂഗ്ള്‍ സെര്‍ച്ചിലൂടെയാണല്ലോ. സെര്‍ച്ചിലൂടെ ഒരു പ്രാഥമിക രൂപമുണ്ടാക്കിയാണ് മിക്കവരും യാത്രകള്‍ ആസൂത്രണം ചെയ്യുന്നത്. ഇങ്ങനെ ഇന്ത്യക്കാര്‍ ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവും കുടുതല്‍ തിരഞ്ഞ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ഇവയില്‍ ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ തൊട്ട് ബജറ്റ് യാത്രകളുടെ പറുദീസയായ വിദേശ രാജ്യങ്ങള്‍ വരെയുണ്ട്.

വിയറ്റ്‌നാം ആണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വിനോദ സഞ്ചാര കേന്ദ്രം. തായ്‌ലന്‍ഡിനു പുറമെ ബജറ്റ് വിനോദ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ വിദേശ രാജ്യമാണ് വിയറ്റ്‌നാം. ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും പ്രിയമേറി വരുന്ന നാട്. സെര്‍ച്ചില്‍ മാത്രമല്ല വിയറ്റ്‌നാമിലേക്ക് ടൂര്‍ പോകുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ട്. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനായി ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെയും വിയറ്റ്‌നാം പ്രവേശനം അനുവദിച്ചിട്ടുണ്ട്. മലയാളികളും ഒട്ടേറെ ഈ രാജ്യത്തേക്ക് യാത്ര പോകുന്നുണ്ട്. വിയറ്റ്‌നമീസ് ബജറ്റ് എയര്‍ലൈനായ വിയെറ്റ് ജെറ്റ് മാസങ്ങള്‍ക്കു മുമ്പാണ് കൊച്ചിയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്.

ബീച്ച് ടൂറിസത്തിന് പേരുകേട്ട ഗോവയോടുള്ള പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല. മികച്ച കടല്‍തീരങ്ങളും രാത്രി ആഘോഷങ്ങളും വേറിട്ട സംസ്‌കാരവുമാണ് ഗോവയെ വ്യത്യസ്തമാക്കുന്നത്. കലാന്‍ഗൂട്ട്, ബാഗ, അര്‍ജുന തുടങ്ങി ഒട്ടേറെ പ്രശസ്ത ബീച്ചുകളുണ്ട്. പോര്‍ച്ചുഗീസ് സാംസ്‌കാരിക പൈതൃകവും ശേഷിപ്പുകളുമുള്ള ഓള്‍ഡ് ഗോവയിലെ ചര്‍ച്ചുകള്‍ മികച്ച ആകര്‍ഷണ കേന്ദ്രങ്ങളാണ്. കൂടാതെ ഗോവയില്‍ മികച്ച ട്രെക്കിങ്ങിനും അവസരമുണ്ട്. ഒരു വശം പൂർണമായും കടൽതീരമാണെങ്കിൽ മറുവശം പശ്ചിമഘട്ട മലനിരകളാണ്. പ്രകൃതിസ്‌നേഹികളെ മാടിവിളിക്കുന്ന ദൂധ്‌സാഗര്‍ വെള്ളച്ചാട്ടവും ഗോവയിലാണ്.

ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ പോകാവുന്ന രാജ്യമായ ഇന്തൊനേഷ്യയിലെ ബാലിയാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത വിനോദ സഞ്ചാര കേന്ദ്രം. ദ്വീപുകളുടെ നാടായ ഇന്തൊനേഷ്യയിലെ ഒരു ദ്വീപാണ് ബാലി. പുരാതന ഹൈന്ദവ ക്ഷേത്രങ്ങളും ബീച്ചുകളും പൈതൃക സ്ഥലങ്ങളും സാഹസിക ജല കായിക വിനോദങ്ങളും തുടങ്ങി വിനോദ സഞ്ചാരികൾക്കായി പലതുമുണ്ട് ബാലിയിൽ. ചെലവ് കുറഞ്ഞ യാത്രയ്ക്കും ഏറെ അനുയോജ്യം.

ഇന്ത്യക്കാരുടെ ഗൂഗ്ൾ സെർച്ചിൽ നാലാമതെത്തിയ ടൂറിസ്റ്റ് കേന്ദ്രം ശ്രീലങ്കയാണ്. കേരളത്തോടും തമിഴ്നാടിനോടും ഏറെ അടുത്തുകിടക്കുന്ന ലങ്കയിൽ നമ്മുടെ നാട്ടിലേതിനു സമാനമാണ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം. ബീച്ചുകൾ, വന്യജീവി സങ്കേതം, മലയോരം അങ്ങനെ പലതുമുണ്ട്. മനോഹരമായ ട്രെയിൻ യാത്രകളും ആസ്വദിക്കാവുന്ന നാടാണ്. വളരെ കുറഞ്ഞ ചെലവിൽ കുടുംബ സമേതം വിനോദയാത്ര പോകാവുന്ന രാജ്യമാണ് ശ്രീലങ്ക. ഇന്ത്യക്കാർക്ക് വിസ വേണ്ട. ഒരാഴ്ച കൊണ്ട് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ചുറ്റിക്കറങ്ങാം. തമിഴ്നാട്ടിലെ നാഗപട്ടണത്തു നിന്ന് കപ്പൽ സർവീസും ഈയിടെ ആരംഭിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂർ കടൽ യാത്ര ചെയ്താൽ ജാഫ്നയിലെ കങ്കേശൻതുറയിൽ കപ്പലിറങ്ങാം. ഇതൊരു വേറിട്ട അനുഭവം തന്നെയായിരിക്കും.

ബജറ്റ് ടൂർ പ്രേമികളായ ഇന്ത്യക്കാരുടെ പ്രിയ ഡെസ്റ്റിനേഷനായ തായ്ലൻഡ് ആണ് സെർച്ചിൽ അഞ്ചാം സ്ഥാനത്തുള്ളത്. നൈറ്റ് ലൈഫ്, ഭക്ഷണ വൈവിധ്യം, ജല വിനോദങ്ങൾ തുടങ്ങി എക്സ്പ്ലോർ ചെയ്യാൻ ഒട്ടേറെയുണ്ട് ഈ നാട്ടിൽ. ബാങ്കോക്ക്, പട്ടായ നഗരങ്ങളും ഫുക്കെറ്റ് ദ്വീപും പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളാണ്. ഇവിടെ എത്തുന്ന വിദേശ വിനോദ സഞ്ചാരികളിൽ നാലാം സ്ഥാനത്താണ് ഇന്ത്യക്കാർ. കഴിഞ്ഞ മാസമാണ് ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ തായ്ലൻഡിലേക്ക് പ്രവേശനം അനുവദിച്ചത്.

കശ്മീർ ഇന്ത്യൻ സഞ്ചാരികളുടെ, പ്രത്യേകിച്ച സാഹസിക വിനോദ യാത്രികരുടെ എക്കാലത്തേയും സ്വർഗഭൂമിയാണ്. ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ ആറാമത് ടൂറിസ്റ്റ് കേന്ദ്രമാണ് കശ്മീർ. മഞ്ഞും മലകളും തണുപ്പും അതിമനോഹര ഭൂപ്രകൃതിയും നദികളും തടാകങ്ങളും സാഹസിക വിനോദങ്ങളുമെല്ലാം കശ്മീരിലേക്ക് സഞ്ചാരികളെ മാടിവിളിച്ചുകൊണ്ടേയിരിക്കുന്നു. ഹിമാലയൻ മലനിരകളെ നേരിട്ടനുഭവിക്കാം. ഹിമാചൽ പ്രദേശിൽ കനത്ത മഴയും പ്രളയവും കാരണം ടൂറിസം മേഖല അടഞ്ഞതും സമാന ഭൂപ്രകൃതിയുള്ള കശ്മീരിനെ കുറിച്ച് ഗൂഗിളിൽ അന്വേഷണങ്ങൾ കൂടാൻ കാരണമായി.

കർണാടകയിലെ കുടക് (Coorg) ആണ് ഈ വർഷം ഗൂഗ്ൾ സെർച്ചിൽ ഏഴാമത്തെ ടൂറിസ്റ്റ് കേന്ദ്രം. ഇന്ത്യയുടെ കാപ്പിത്തോട്ടം എന്നറിയപ്പെടുന്ന നാടാണ് കേരളത്തോട് അടുത്തു കിടക്കുന്ന കുടക്. അതിമനോഹരമായ കാപ്പിത്തോട്ടങ്ങളും തേയില തോട്ടങ്ങളുമുള്ള ഈ നാട് പ്ലാന്റേഷൻ ടൂറിസത്തിന്റെ പറുദീസയാണ്. ക്യാമ്പിങ്, ട്രെക്കിങ്, സാഹസിക ജല വിനോദങ്ങൾ എന്നിവയും ഇവിടേക്ക് നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു. അബ്ബി വെള്ളച്ചാട്ടം, മടിക്കേരി കോട്ട, ദുബാരെ ആനക്യാമ്പ്, ഹാരങ്കി അണക്കെട്ട് തുടങ്ങി ടൂറിസ്റ്റുകൾക്ക് എക്സ്പ്ലോർ ചെയ്യാൻ പലതുമുണ്ട് കുടകിൽ.

ഇന്ത്യൻ വൻകരയിൽ നിന്ന് കുറച്ച് അകലെയായി സ്ഥിതി ചെയ്യുന്ന ദ്വീപു സമൂഹമായ ആൻഡമാൻ നിക്കോബാറും ഈ വർഷം ഏറെ സെർച്ച് ചെയ്യപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. തീർത്തും മാലിന്യമുക്തമായ അതിമനോഹര ബീച്ചുകൾ, ചരിത്ര പൈതൃക കേന്ദ്രങ്ങൾ, ആൾപ്പാർപ്പില്ലാത്ത ദ്വീപുകൾ, പവിഴപുറ്റുകൾക്കിടയിലൂടെയുള്ള സാഹസിക ജലകേളികൾ തുടങ്ങിയവയാണ് പ്രധാനമായും ടൂറിസ്റ്റുകൾക്കായി ഇവിടെ ഉള്ളത്.

Legal permission needed