✍🏻 മുനീബ് ചെവിടിക്കുന്നൻ
കുടകിലേക്കാണോ? കർണാടകയിലെ കുടക് (Coorg) ജില്ലയിൽ പല സ്ഥലങ്ങളിലും പലപ്പോഴായി യാത്ര ചെയ്യുകയും സന്ദർശിക്കുകയും ചെയ്ത അനുഭവങ്ങളിൽ നിന്നുള്ള വിവരങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇതൊരു യാത്രാ വിവരണമല്ല. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന കുടകിലെ പ്രധാന 20 ഡെസ്റ്റിനേഷനുകളെയാണ് പരിചയപ്പെടുത്തുന്നത്. മാനന്തവാടി, കാട്ടിക്കുളം, കുട്ട വഴി കുടകിലേക്ക് പ്രവേശിച്ചാൽ താഴെ നൽകിയിരിക്കുന്നത് പ്രകാരമുള്ള ക്രമത്തിൽ തന്നെ 20 സ്ഥലങ്ങളും സന്ദർശിക്കാം. ശ്രദ്ധിക്കുക, സ്വന്തം വാഹനത്തിൽ പോകുന്നതാണ് നല്ലത്. പല സ്ഥലങ്ങളിലേക്കും പൊതു ഗതാഗത സൗകര്യം വളരെ കുറവാണ്. കുടകിലെ ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും താമസ സൗകര്യം ലഭ്യമാണ്. ജില്ലാ ആസ്ഥാനമായ മടിക്കേരിയാണ് ഞാൻ താമസത്തിന് തിരഞ്ഞെടുക്കാറുള്ളത്.
1. നാഗർഹോള ടൈഗർ റിസർവ് / രാജീവ് ഗാന്ധി നാഷണൽ പാർക്ക്
കുടക്, മൈസൂർ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ദേശീയോദ്യാനമാണ് നഗർഹോള ടൈഗർ റിസർവ്. രാജീവ് ഗാന്ധി നാഷനൽ പാർക്ക് എന്നും പേരുണ്ട്. നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണിത്. (സഫാരി സമയം: രാവിലെ 6-9, ഉച്ചയ്ക്ക് 1-5. ടിക്കറ്റ് നിരക്ക് 350 രൂപ. ക്യാമറ 70mm വരെ 200 രൂപ, അതിന് മുകളിൽ 400 രൂപ)
ഫോൺ: 099720 91019
2. ഇരിപ്പ് വെള്ളച്ചാട്ടം
സമയം രാവിലെ 8 മുതൽ വൈകീട്ട് 5.30 വരെ. ടിക്കറ്റ് 50 രൂപ. നല്ല പാർക്കിംഗ് ഏരിയ, ടോയിലറ്റ് സൗകര്യങ്ങൾ ഉണ്ട്. നല്ല ഭക്ഷണവും ലഭ്യമാണ്. ടിക്കറ്റ് കൗണ്ടറിൽ നിന്നും 750 മീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിനടുത്ത് എത്താം. വെള്ളച്ചാട്ടം വരെ നീളുന്ന ഇരുമ്പ് പ്ലാറ്റ്ഫോമിൽ നിന്ന് സുരക്ഷിതമായി കുളിക്കാനുള്ള സൗകര്യം ഉണ്ട്. മഴക്കാലത്ത് തൊട്ടടുത്തായി റിവർ റാഫ്റ്റിങ് ഉണ്ടാകാറുണ്ട്.
3. വിന്റേജ് കാർ കളക്ഷൻ സെന്റർ
സമയം രാവിലെ 9 മുതൽ വൈകീട്ട് 5 വരെ. ടിക്കറ്റ് 100 രൂപ. പഴയ കാറുകളുടെ മികച്ച ശേഖരം കാണാം.
ഫോൺ: 094493 90844
4. ദുബാരെ ആന പാർക്ക്
കാവേരി നദിയിലെ ദ്വീപാണ് ദുബാരെ. അവിടെ വനം വകുപ്പിന്റെ ആനപരിശീലനകേന്ദ്രം പ്രവർത്തിക്കുന്നു. സന്ദർശകർക്ക് ആനയെ കുളിപ്പിക്കാനും തീറ്റ കൊടുക്കാനും ജീവനക്കാർക്കൊപ്പം കൂടാം. ആന പരിശീലനവും കാണാം. നദിയിൽ കുളിക്കാം.
സമയം രാവിലെ 9 – 11, വൈകീട്ട് 4.30 – 5.30. പ്രവേശന ടിക്കറ്റ് 20 രൂപ. ആനക്കുളി ടിക്കറ്റ് 100 രൂപ.
5. ചിക്കിഹോള ഡാം
മടിക്കേരിക്കും കുശാൽ നഗറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചെറിയൊരു അണക്കെട്ടാണ് ചിക്കിഹോള റിസർവോയർ. കാവേരി നദിക്ക് കുറുകെയുള്ള ഈ അണക്കെട്ടും പരിസരവും കാണാൻ മനോഹരമാണ്. ചുറ്റും പച്ച പുൽമേടുകളും നിബിഡ വനങ്ങളുമുണ്ട്. സൂര്യാസ്തമയ കാഴചയും മികച്ചതാണ്.
6. നിസർഗ്ഗധാം നാച്ചുറൽ റിസർവ്
കാവേരി നദിയിലെ ഒരു കൊച്ചു ദ്വീപ് ചെറിയൊരു പാർക്ക് ആക്കി മാറ്റിയെടുത്തിരിക്കുന്നു. ബോട്ടിങ് പോലെ ചില ആക്റ്റിവിറ്റികളും ഒരു ഡിയർ പാർക്കും ഉണ്ട്. കുളിക്കാനും വിശ്രമിക്കാനും സൗകര്യം ഉണ്ട്. പാർക്കിന് പുറത്ത് ഭക്ഷണം കഴിക്കാനും ചെറിയ ഷോപ്പിംഗിനും അനുയോജ്യം. സമയം രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ. പ്രവേശന ടിക്കറ്റ് 20 രൂപ. പ്ലാസ്റ്റിക് ബോട്ടിലിന് ഡെപ്പോസിറ്റ് കൊടുക്കണം. ചില വേളകളിൽ തൊട്ടടുത്തായി റിവർ റാഫ്റ്റിംഗിനും സൗകര്യം ഉണ്ട്.
7. കുശാൽ നഗർ
നാംഡ്രോളിംഗ് മൊണാസ്ട്രി, ഗോൾഡൻ ടെംപിൾ. 5000ത്തിലധികം ടിബറ്റൻ ബുദ്ധിസ്റ്റുകളുടെ സെറ്റിൽമെന്റ്. ടിബറ്റൻ ഭക്ഷണം രുചിക്കാം അവരുടെ ആചാര രീതികളും ശൈലികളും അടുത്തറിയാം. പ്രാർത്ഥന സമയങ്ങളിൽ സന്ദർശകർക്ക് ചില നിയന്ത്രണങ്ങൾ ഉണ്ട്.
8. ഹാരങ്കി ഡാം, ബാക്ക് വാട്ടർ
കുശാൽ നഗരത്തിൽ നിന്നും സിദ്ധാപുര റൂട്ടിൽ നിസർഗധാമിൽ നിന്നും 8 കിമി ദൂരെ ആണ് 2775 അടി നീളവും 174 അടി ഉയരവുമുള്ള ഹാരങ്കി ഡാം.
9. മല്ലല്ലി വെള്ളച്ചാട്ടം
മലയാളികൾ ഇവിടേക്ക് അധികം പോകാറില്ലെന്ന് തോന്നുന്നു. കുറച്ചധികം പടികൾ ഉണ്ട്. വെള്ളത്തിന്റെ നില അനുസരിച്ച് മാത്രമേ ഇറങ്ങാനും കുളിക്കാനും അനുമതി ലഭിക്കൂ. പ്രവേശന സമയം രാവിലെ 9 മുതൽ വൈകീട്ട് 5 വരെ. ടിക്കറ്റ് വാഹനത്തിന് മാത്രമായിരുന്നു.
10. കോട്ട ബേട്ട ടെംപിൾ
ഒരു വലിയ പാറയുടെ ചരിവിൽ ആയുള്ള തീരെ തിരക്കില്ലാത്ത ചെറിയ ഒരു ക്ഷേത്രം
11. കോട്ടെ അബി ഫാൾസ്
ചെറിയ ഒരു വെള്ളച്ചാട്ടം. റോഡ് വളരെ മോശം
12. മണ്ടൽപെട്ടി പീക്ക്
പുലർച്ചെ അല്ലെങ്കിൽ വൈകുന്നേരം സന്ദർശിക്കുന്നതാവും നല്ലത്. കുറച്ച് ഓഫ് റോഡ് ആയതിനാൽ, കാർ ടിക്കറ്റ് കൗണ്ടറിനടുത്ത് പാർക്ക് ചെയ്യേണ്ടി വരും. ജീപ്പ് വാടകക്ക് ലഭ്യമാണ്. 1500 രൂപയോളമാണ് നിരക്ക്. ഇരുചക്ര വാഹനങ്ങൾ സുഖമായി പോകും. നടന്നും പോകാം. ടിക്കറ്റ് കൗണ്ടറിനടുത്ത് ലഘുഭക്ഷണം ലഭ്യമാണ്.
13. അബ്ബി വെള്ളച്ചാട്ടം
പ്രശസ്തമായ അബ്ബി ഫാൾസ് മടിക്കേരിയിൽ നിന്ന് മൈസൂർ റൂട്ടിൽ എട്ടു കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 100 അടി ഉയരത്തിൽ നിന്ന് ഏഴു തട്ടുകളായി പരന്നൊഴുകുന്ന ഈ വെള്ളച്ചാട്ടം നേരത്തെ തൂക്കുപാലത്തിൽ നിന്ന് കണ്ടാസ്വദിക്കാമായിരുന്നു. 2018ലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ഈ തൂക്കുപാലം തകർന്നു.
14. മടിക്കേരി
ജില്ലാ അസ്ഥാനായ മടിക്കേരി ടൗണിൽ ലിംഗ രാജേന്ദ്ര എന്ന രാജാവിന്റെ ശവകുടീരം, പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ച കോട്ട, കൊട്ടാരം ( കൊട്ടാരം ഇപ്പോൾ കോടതി ആയാണ് ഉപയോഗിക്കുന്നത് ) കോട്ടക്കുള്ളിൽ ചെറിയ ഒരു മ്യൂസിയം എന്നിവയുണ്ട്. പ്രവേശന സമയം രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ. മനോഹരമായ താഴ്വാവാരക്കാഴ്ച ആസ്വദിക്കാവുന്ന രാജാ സീറ്റ് എന്ന വ്യൂപോയിന്റും പാർക്കും ടൗണിൽ തന്നെ ഉണ്ട് വൈകുന്നേരം ഇവിടെ മ്യൂസിക്കൽ ഫൗണ്ടേനും ഉണ്ട്. വൈകുന്നേരം ഈ പാർക്കിൽ നല്ല തിരക്ക് ഉണ്ടാകാറുണ്ട്.
15 തലക്കാവേരി
കാവേരി നദിയുടെ ഉത്ഭവം ഇവിടെ ആണെന്ന് ആണ് വിശ്വാസം
16. നാൽകനന്ത് പാലസ്
തടിയന്റമോൾ പോകുന്ന വഴിയിൽ കാട്ടിനുള്ളിൽ ഉള്ള ഒരു ചെറിയ കൊട്ടാരം. പ്രവേശന സമയം രാവിലെ 7 മുതൽ വൈകീട്ട് 6 വരെ.
17. തടിയന്റെമോൾ കുന്ന്
രണ്ട് മണിക്കൂർ നേരം വരുന്ന ചെറിയ ട്രക്കിംഗിന് അനുയോജ്യമായ സ്ഥലമാണ്. സമയം രാവിലെ 6 മുതൽ വൈകീട്ട് 5 വരെ.
18. കെബ്ബ ഹിൽ
ചെറിയ രീതിയിൽ ഉള്ള ട്രക്കിംഗിന് അനുയോജ്യമായ കുന്ന്.
19. ചെലവറ വെള്ളച്ചാട്ടം
കെബ്ബ ഹില്ലിന് സമീപത്തെ ഒരു വെള്ളച്ചാട്ടം. കുളിക്കാൻ സൗകര്യമുണ്ടായിരുന്നു.
20. സെന്റ് ആൻസ് ചർച്ച് വീരാജ്പേട്ട
കുടകിലെ ഏറ്റവും പഴയ ക്രിസ്തീയ ദേവാലയമായി ഇത് എന്നറിയപ്പെടുന്നു.