ദോഹ. 2022 ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് ഖത്തര്‍ അവതരിപ്പിച്ച ഹയാ വിസകളുടെ (HAYYA VISA) കാലാവധി ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 24 വരെ നീട്ടി. ജനുവരിയില്‍ ഏഷ്യന്‍ കപ്പ് (AFC Asian Cup 2023) ഫുട്ബോള്‍ മത്സരങ്ങള്‍ ദോഹയില്‍ അരങ്ങേറുന്ന സാഹചര്യത്തിലാണ് പുതിയ ഇളവ്. ലോകകപ്പിന് ടിക്കറ്റ് ലഭിച്ചവര്‍ക്കാണ് ഹയ വിസ അനുവദിച്ചിരുന്നത്. ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിനും മറ്റു പ്രധാന ലോക പരിപാടികള്‍ക്കുമായി സന്ദര്‍ശകര്‍ക്കും കായിക പ്രേമികള്‍ക്കും യാത്ര സുഗമമാക്കുന്നതിനാണ് ഹയ വിസകളുടെ കാലാവധി ഒരു മാസത്തേക്കു കൂടി നീട്ടി നല്‍കിയിരിക്കുന്നത്.
നിലവില്‍ ഹയ വിസയില്‍ ഖത്തറില്‍ ഉള്ളവര്‍ക്ക് ഫെബ്രുവരി 24 വരെ രാജ്യത്ത് തുടരാം. രാജ്യത്തിനു പുറത്തുള്ള ഹയ വിസക്കാര്‍ക്ക് ഫെബ്രുവരി 10 വരെ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും. ഹയാ പ്ലാറ്റ്ഫോമിലെ മറ്റു നിയമങ്ങളെല്ലാം ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു.