SEE ASHTAMUDI: അഞ്ച് മണിക്കൂര്‍ ബോട്ട് യാത്ര; ഈ അവധിക്കാലം ആഘോഷിക്കാന്‍ മികച്ച പാക്കേജ്

കൊല്ലം. ഈ ക്രിസ്മസ്-പുതുവത്സര അവധിക്കാലം കുടുംബവും കുട്ടികളുമൊത്ത് ആഘോഷിക്കാന്‍ അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിച്ച്, മണ്‍റോതുരുത്തും സാമ്പ്രാണിക്കോടിയും കണ്ട് അഞ്ച് മണിക്കൂര്‍ നീളുന്ന ബോട്ട് യാത്ര ആയാലോ? കൊല്ലം ബോട്ട് ജെട്ടിയിലേക്ക് വരൂ. ജലഗതാഗത വകുപ്പിന്റെ സീ അഷ്ടമുടി (SEE ASHTAMUDI) ബോട്ട് സര്‍വീസ് വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട കായല്‍ യാത്രകളിലൊന്നാണ്. കുറഞ്ഞ ചെലവില്‍ ദീര്‍ഘ സമയം മികച്ചൊരു കായല്‍ യാത്രയാണ് സീ അഷ്ടമുടി സര്‍വീസ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

കൊല്ലം ജെട്ടിയില്‍ നിന്ന് രാവിലെ 11.30ന് പുറപ്പെടുന്ന ഈ ടൂറിസം ബോട്ട് മണ്‍റോതുരുത്തും അഷ്ടമുടിക്കായലിന്റെ എട്ടു മുടികളും സാമ്പ്രാണിക്കോടി തുരുത്തും ചുറ്റിക്കറങ്ങി കല്ലടയാര്‍ വൈകീട്ട് 4.30ന് മടങ്ങിയെത്തും. സാമ്പ്രാണിക്കോടിയില്‍ ഒരു മണിക്കൂര്‍ ചെലവിടാം. രണ്ടു തട്ടുകളുള്ള ബോട്ടില്‍ മുകള്‍ നിലയില്‍ ഒരാള്‍ക്ക് 500 രൂപയും താഴെ തട്ടില്‍ 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മുകള്‍ തട്ടില്‍ 30 സീറ്റുകളും താഴെ 60 സീറ്റുകളുമാണുള്ളത്. യാത്രയില്‍ കുടുംബശ്രീ വിളമ്പുന്ന ഹോംലി ഉച്ചഭക്ഷണവും ആസ്വദിക്കാം. മീന്‍ കറി ഉള്‍പ്പെടെ 100 രൂപയാണ് നിരക്ക്.

2023 മാര്‍ച്ച് 31ന് ആണ് സീ അഷ്ടമുടി ടൂറിസം ബോട്ട് സര്‍വീസ് തുടങ്ങിയത്. വിനോദ സഞ്ചാരികള്‍ ഏറ്റെടുത്തതോടെ ഇന്നുവരെ മികച്ച ബുക്കിങാണ് ഈ സര്‍വീസീന് ലഭിച്ചുവരുന്നത്. ഇതുവരെ 13,400 വിനോദ സഞ്ചാരികള്‍ ഈ ബോട്ട് യാത്ര നടത്തി. ഇതുവഴി 55.13 ലക്ഷം രൂപയാണ് ജലഗതാഗത വകുപ്പിന് ലഭിച്ച വരുമാനം. ആവശ്യക്കാര്‍ ഉള്ളതിനാല്‍ രണ്ടാമത് ഒരു ബോട്ട് കൂടി സര്‍വീസിന് ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ബുക്കിങ്ങിന്: 9400050390

Legal permission needed