കാസർകോട്. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ (Bakel Beach Festival) രണ്ടാം പതിപ്പ് നാളെ (ഡിസംബർ 22) ആരംഭിക്കും. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി ഡിസംബർ 31 വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിന്റെ മുഖ്യ വേദി പള്ളിക്കര ബേക്കൽ ബീച്ച് പാർക്ക് ആണ്. കഴിഞ്ഞ വർഷം നന്ന ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പിന് 10 ലക്ഷം പേരാണ് എത്തിയത്. ഇത്തവണ ഇതിലേറെ പേരെ പ്രതീക്ഷിക്കുന്നുണ്ട്. ചന്ദ്രഗിരി, തേജസ്വിനി, കുഞ്ഞമ്പു എന്നീ നദികളുടെ പേരിലുള്ള വേദികളിലായാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളും സാഹസിക കായിക അഭ്യാസ പ്രകടനങ്ങളും അരങ്ങേറുന്നത്.
പ്രവേശനം രാവിലെ 11 മുതൽ
എല്ലാ ദിവസവും രാവിലെ 11 മണി മുതൽ സന്ദർശകർക്ക് പ്രവേശനമുണ്ട്. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സന്ദർശകർക്ക് വേദിയിൽ രാത്രി വരെ വിവിധ പരിപാടികൾ ആസ്വദിക്കാം. ഫുഡ് സ്റ്റാളുകൾ, വാണിജ്യ സ്റ്റാളുകൾ, സാഹസിക കായിക വിനോദങ്ങൾ, ജെറ്റ് സ്കീയിംഗ്, ബനാന റൈഡുകൾ, സ്പീഡ് ബോട്ടുകൾ, ബമ്പർ റൈഡുകൾ, കാറ്റമരൻ റൈഡുകൾ, ബീച്ചിലെ ക്വാഡ് ബൈക്ക് റൈഡുകൾ എന്നിവയ്‌ക്കൊപ്പം ഷോകൾ, റോക്ക് ക്ലൈംബിംഗ്, സ്കൈ റൈഡ്, സിപ്പ് ലൈൻ എന്നിവയുമുണ്ട്.
സംഗീത, നൃത്ത പരിപാടികൾ
വെള്ളിയാഴ്ച തൈക്കുടം ബ്രിഡ്ജ് മ്യൂസിക്കൽ ബാൻഡ് അവതരിപ്പിക്കുന്ന മെഗാ ലൈവ് മ്യൂസിക് പ്രോഗ്രാം ആണ് പ്രധാന ആകർഷണം. ശനിയാഴ്ച ശിവ മണി, പ്രകാശ് ഉള്ളിയേരി, ശരത് എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ ട്രിയോ ഷോയും ഉണ്ടായിരിക്കും. ഡിസംബർ 24ന് കെ എസ് ചിത്രയും സംഘവും അവതരിപ്പിക്കുന്ന ‘ചിത്ര വസന്തം’ എന്ന സംഗീത വിരുന്ന് കാണികളെ ആവേശഭരിതരാക്കും. ഡിസംബർ 25ന് എം.ജി.ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റും അരങ്ങേറും.
ഡിസംബർ 26ന് ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ്, ഡിസംബർ 27ന് പത്മകുമാറും ദേവും സംഘവും അവതരിപ്പിക്കുന്ന പഴയകാല ഗാനങ്ങളുടെ മേള, ഡിസംബർ 28ന് അതുൽ നറുകരയുടെ നാടോടി ബാൻഡ് സംഗീത പരിപാടി, 29ന് കണ്ണൂർ ഷെരീഫിന്റെ മാപ്പിളപ്പാട്ട് മേള, 30ന് ഗൗരി ലക്ഷ്മിയുടെ ലൈവ് മ്യൂസിക്കൽ ബാൻഡ് പരിപാടിയും നടക്കും. ഡിസംബർ 31ന് പുതുവർഷത്തെ വരവേൽക്കാൻ ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡും അവതരിപ്പിക്കുന്ന മെഗാ ന്യൂ ഇയർ നൈറ്റ്, ബേക്കൽ ബീച്ചിൽ നടക്കുന്ന വെടിക്കെട്ട് എന്നിവ ഫെസ്റ്റിവലിന്റെ സമാപനം ഗംഭീരമാക്കും. ബേക്കൽ ബീച്ചിലെ രണ്ടാം വേദിയായ തേജസ്വിനിയിൽ കുടുംബശ്രീ അംഗങ്ങളുടെയും ജില്ലയിലെ മറ്റ് കലാകാരന്മാരുടെയും വിവിധ കലാപരിപാടികൾ പത്തുദിവസവും അരങ്ങേറും.
വിപുലമായ സൗകര്യങ്ങൾ
ഫെസ്റ്റിവലിനെത്തുന്ന സന്ദർശകർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വാഹന പാർക്കിങ്ങിനു മാത്രമായി 30 ഏക്കറോളം സ്ഥലം ലഭ്യമാണ്. കെഎസ്ആർടിസിയുടേയും സ്വകാര്യ ബസുകളുടേയും പ്രത്യേക സർവീസുകളും ഉണ്ടാകുമെന്ന് സംഘാടക സമിതി അറിയിച്ചു.
ട്രെയിനുകൾക്ക് ബേക്കലിൽ സ്റ്റോപ്പ്
ഫെസ്റ്റിവലിനോടനുബന്ധിച്ച് ദീർഘദൂര ട്രെയ്നുകൾക്ക് ബേക്കൽ സ്റ്റേഷനിൽ 10 ദിവസത്തേക്ക് താൽക്കാലിക റെയിൽവെ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 16159 ചെന്നൈ എഗ്മോര്‍-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് വൈകീട്ട് 5.29നും, 16650 നാഗര്‍കോവില്‍- മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് വൈകീട്ട് 7.47നും, 22637 ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് പുലര്‍ച്ചെ 3.42നും ബേക്കലില്‍ നിര്‍ത്തും.