ദുബായ്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ യാത്രകളും വിനോദ സഞ്ചാരവും പ്രോത്സാഹിപ്പിക്കാന്‍ അവതരിപ്പിക്കുന്ന ഷെന്‍ഗന്‍ മാതൃകയിലുള്ള ഒറ്റ വിസ GCC GRAND TOURS വിസ എന്നറിയപ്പെടുമെന്ന് യുഎഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാറി പറഞ്ഞു. യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ ആറ് ജിസിസി രാജ്യങ്ങളിലുടനീളം അനായാസ സഞ്ചാരവും താമസവും അനുവദിക്കുന്ന ഈ വിസ ഈ വര്‍ഷം അവസാനത്തോടെ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് ഷാര്‍ജ കൊമേഴ്സ് ആന്റ് ടൂറിസം അതോറിറ്റി മേധാവി ഖാലിദ് ജാസിം അല്‍ മിദ്ഫയും പറഞ്ഞു. ദുബായില്‍ നടന്നു വരുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് പരിപാടിയിലാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. ഈ ഏകീകൃത വിസ സംവിധാനം പൂര്‍ണ തോതില്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ നിലവില്‍ വരും. ഈ വിസയിൽ ഒരു മാസത്തിലേറെ തങ്ങാനും കഴിയും. ഇ-സര്‍വീസ് ഇതിന്റെ ഒരു പ്രധാന ഭാഗമായിരിക്കും. പരമാവധി സങ്കീര്‍ണതകള്‍ കുറച്ച് സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാതെ ആയിരിക്കും ഇതു നടപ്പിലാക്കുക. ഇതു വരുന്നതോടെ പ്രാദേശിക സമ്പദ് വ്യവസ്ഥകളില്‍ ഗുണപരമായ വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമായും ആറു ഗള്‍ഫ് രാജ്യങ്ങളിലെ ടൂറിസം മേഖലയ്ക്കാണ് ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ പ്രയോജനം ചെയ്യുക. ജിസിസി രാജ്യങ്ങളെ മൊത്തമായി ഉള്‍ക്കൊള്ളുന്ന യാത്രാ പാക്കേജുകള്‍ക്കായി യുഎഇയും മറ്റു ഗള്‍ഫ് രാജ്യങ്ങളും വന്‍കിട ടൂറിസ്റ്റ് ഓപറേറ്റര്‍മാരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും ഈ വിസ നിലവില്‍ വരുന്നതോടെ ഈ കമ്പനികളായിരിക്കും ടൂര്‍, ബിസിനസ് യാത്രാ പാക്കേജുകള്‍ തയ്യാറാക്കുകയെന്നും അല്‍ മിദ്ഫ പറഞ്ഞു.
ബിസിനസ്, വിനോദ യാത്രകളെ ഒന്നിച്ചു വിശേഷിപ്പിക്കുന്ന Bleisure Travel (business + leisure) രംഗത്ത് ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് വിസ വലിയ കുതിപ്പുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ടൂറിസ്റ്റുകളെ കൂടുതല്‍ ദിവസം തങ്ങളുടെ രാജ്യത്ത് തങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികളായിരിക്കും ഇനി ഓരോ ഗള്‍ഫ് രാജ്യവും അവതരിപ്പിക്കുക. രണ്ടു രാത്രികള്‍ മാത്രം തങ്ങാന്‍ ആളുകള്‍ യുഎസിലേക്കൊന്നും പോകില്ലല്ലോ എന്ന ഷാര്‍ജ കൊമേഴ്സ് ആന്റ് ടൂറിസം അതോറിറ്റി മേധാവിയുടെ പരാമര്‍ശം സൂചിപ്പിക്കുന്നത് ഇതാണ്. യുഎഇയിലെത്തുന്ന സന്ദര്‍ശകരുടെ താമസം നീട്ടുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ആകര്‍ഷകമായ പുതിയ പദ്ധതികളും വിസ ചട്ടങ്ങളിലെ ഇളവുകളും നല്കിയ ജിസിസി രാജ്യങ്ങള്‍ ടൂറിസ്റ്റുകളേയും വിദേശികളേയും കൂടുതല്‍ തങ്ങളുടെ രാജ്യങ്ങളിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. ഗള്‍ഫ് നഗരങ്ങള്‍ക്കിടയില്‍ വലിയ മത്സരം തന്നെ നടക്കുന്നുമുണ്ട്. അന്താരാഷ്ട്ര പരിപാടികളും വന്‍കിട സമ്മേളനങ്ങളും ആഘോഷങ്ങളും രാജ്യാന്തര കായിക മാമാങ്കങ്ങളും സംഘടിപ്പിക്കാന്‍ ഗള്‍ഫ് നഗരങ്ങള്‍ മുന്നിലാണ്. മീറ്റിങ്ങുകള്‍, വിനോദ കേന്ദ്രങ്ങള്‍, കോണ്‍ഫറന്‍സുകള്‍, എക്സിബിഷനുകള്‍ എന്നിവയ്ക്കായുള്ള ബിസിനസ്, ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാണ് ദുബായ് പോലുള്ള നഗരങ്ങള്‍. നിയോം, ലൈന്‍ എന്നീ സ്വപ്ന നഗരങ്ങളും ലോകകപ്പ് ഫുട്ബോള്‍ മാമാങ്കവും വരാനിരിക്കുന്ന സൗദിയിലും ഈ വിസ വലിയ കുതിപ്പിന് കളമൊരുക്കും.