താമരശ്ശേരി ചുരം കടന്നൊരു വയനാടൻ KSRTC യാത്ര, കാടിന്റെ വന്യതയിൽ ലയിച്ചൊരു ഗവി ട്രിപ്പ്, കുട്ടനാടൻ കായൽ പെരുമയറിയാൻ ആലപ്പുഴ യാത്ര, കൊടുംചൂടിലും തണുപ്പിന്റെ കുളിരണിയാൻ കാന്തല്ലൂർ യാത്ര, കൊച്ചിയിലൊരു കപ്പൽ യാത്രയും. തൊടുപുഴ KSRTC തൊടുപുഴ ബജറ്റ് ടൂറിസം സെൽ മേയിൽ ഒരുക്കിയിരിക്കുന്നത് കിടിലൻ അവധിക്കാല ഉല്ലാസ യാത്രകളാണ്.
മേയ് 15 ബുധനാഴ്ച രാത്രി 9.30ന് പുറപ്പെടുന്ന വയനാടൻ യാത്രയ്ക്കുള്ള ബുക്കിങ്ങ് പുരോഗമിക്കുന്നു. മേയ് 18ന് പുലർച്ചെ തിരിച്ചെത്തുന്ന രീതിയിലാണ് താമരശ്ശേരി ചുരം കടന്നൊരു വയനാടൻ യാത്ര ക്രമീകരിച്ചിരിക്കുന്നത്. 1,910 രൂപയാണ് നിരക്ക്. 16ന് രാത്രി കെഎസ്ആർടിസി എസി സ്ലീപ്പറിൽ ഉറക്കം, വയനാടൻ കാടുകളെ അടുത്തറിയാൻ ആനവണ്ടിയിൽ മുത്തങ്ങ വനത്തിലൂടെ ജംഗിൾ സഫാരി എന്നിവയും ഈ നിരക്കിൽ ഉൾപ്പെടും. ഭക്ഷണവും മറ്റു ചെലവുകളും ഉൾപ്പെടില്ല. പൈതൃക സമ്പത്തുകളുടെ നിധി കുംഭമായ വയനാടിനെ തൊട്ടറിയാൻ ലഭിക്കുന്ന അപൂർവ്വ അവസരമായിരിക്കും ഈ യാത്ര. എൻ ഊര് എന്ന ആദിവാസി പൈതൃക ഗ്രാമവും സന്ദർശിക്കും. പൂക്കോട് തടാകം, കേരള സിംഹം വീര പഴശിയുടെ സ്മരണകൾ ഉണർത്തുന്ന പഴശ്ശി പാർക്ക്, കബനി നദി കടന്ന് കുറുവാ ദ്വീപിലേക്ക് ചങ്ങാടത്തിലൂടെ ഒരു യാത്രയും ബാണാസുര സാഗർ അണക്കെട്ടുമെല്ലാം ഈ യാത്രയുടെ സവിശേഷതകളാണ്.
മേയ് 12നുള്ള കാന്തല്ലൂർ യാത്ര ബുക്കിങ് ഫുള്ളാണ്. ഇനി മേയ് 25ന് ഒരു കാന്തല്ലൂർ യാത്ര കൂടിയുണ്ട്. മേയ് 17നുള്ള ഗവി യാത്രയ്ക്കുള്ള ബുക്കിങ്ങും പുരോഗമിക്കുന്നു. മേയ് 19നുള്ള ആലപ്പുഴ യാത്രയ്ക്ക് 13ന് ബുക്കിങ് ആരംഭിക്കും. മേയ് 21ന് കൊച്ചിയിൽ ഒരു കപ്പൽ യാത്രയുമുണ്ട്. 15 മുതൽ ബുക്ക് ചെയ്യാം. രാവിലെ 9.30 മുതൽ 4.30 വരെ തൊടുപുഴ ഡിപ്പോയിൽ ആധാർ കാർഡുമായി വന്ന് സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 8304889896, 9605192092, 9744910383