ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ യാത്രക്കാര്‍ക്ക് 25 ശതമാനം വരെ ഇഴവ് നല്‍കുമെന്നാണ് റെയില്‍വെ മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്. എന്നാല്‍ ഇത് എല്ലാ ട്രെയിനുകളിലും എല്ലാ ക്ലാസുകളിലും ലഭ്യമല്ല. ഇളവ് നല്‍കുന്നതിന് ചില വ്യവസ്ഥകളും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ട്രെയിനുകളിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് ഈ ഇളവ് എന്നത് കൊണ്ടു തന്നെ യാത്രക്കാര്‍ കുറവുള്ള സര്‍വീസുകളിലെ ഇളവ് ലഭിക്കൂ. ഒരു മാസത്തെ യാത്രക്കാരുടെ കണക്കെടുത്താല്‍, കയറിയിറങ്ങുന്ന യാത്രക്കാരുടെ എണ്ണം ആകെ ലഭ്യമായ സീറ്റുകളുടെ 50 ശതമാനത്തിലും താഴെ ആണെങ്കില്‍ മാത്രമെ ആ ട്രെയിനുകളില്‍ ഈ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കൂ. അതായത്, ഒക്കുപന്‍സി 50 ശതമാനത്തില്‍ താഴെ ഉള്ള ട്രെയ്നുകളില്‍ എസി ക്ലാസുകളില്‍ ഇളവ് ലഭിക്കും.
എസി സിറ്റിങ് ക്ലാസുള്ള ട്രെയ്നുകളിലെ എസി ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് ക്ലാസ് എന്നിവയില്‍ മാത്രമാണ് ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കൂ. അനുഭൂതി, വിസ്റ്റഡോം ഉള്‍പ്പെടെയുള്ള കോച്ചുകളിലും ലഭ്യമാണ്. ഇളവ് ഒരു വര്‍ഷം വരെ നല്‍കുമെങ്കിലും വളരെ പരിമിതമായ ഒരു ഡിസ്കൗണ്ട് ആണിത്. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചാല്‍ ഇളവുകള്‍ നിര്‍ത്തലാക്കും.
Also Read കേരളത്തിലെ വന്ദേഭാരത് രാജ്യത്ത് ഒന്നാമത്
25 ശതമാനം നിരക്ക് ഇളവ് നല്‍കുമെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കുന്നില്ല. ഇതു നിശ്ചയിക്കാന്‍ റെയില്‍വെ സോണുകള്‍ക്ക് മന്ത്രാലയം പ്രത്യേകം അനുമതി നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ വളരെ കുറവുള്ള ട്രെയ്നുകളില്‍ എത്ര ശതമാനം വരെ ഇളവ് നല്‍കണമെന്ന് സോണുകള്‍ക്ക് തീരുമാനിക്കാം. ഇളവ് 25 ശതമാനത്തില്‍ കൂടില്ല.
ടിക്കറ്റില്‍ അടിസ്ഥാന യാത്രാ നിരക്കിലാണ് ഈ ഇളവ് ലഭിക്കുക. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ്, ജിഎസ്ടി എന്നിവയില്‍ ഇളവില്ല. ഇതു പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇതിനകം ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ റീഫണ്ട് ലഭിക്കില്ല.
ഈ ഇളവുകള്‍ ഇടയ്ക്കിടെ പുനപ്പരിശോധിക്കുകയും അതിനനുസരിച്ച് നീട്ടുകയോ, പിന്‍വലിക്കുകയോ ചെയ്യുമെന്നും മന്ത്രാലയം അറിയിക്കുന്നു. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ ഇളവ് നിര്‍ത്തലാക്കും. ഇങ്ങനെ വന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ടിക്കറ്റുകള്‍ക്ക് അധിക നിരക്ക് നല്‍കേണ്ടതില്ല. ചില ട്രെയിനുകളില്‍ യാത്രക്കാരുടെ കുറവ് മൂലം ഫ്ളെക്സി നിരക്ക് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പുതിയ ഇളവ് പ്രഖ്യാപിച്ചതിനാല്‍ ഫ്ളെക്സി പദ്ധതി പിന്‍വലിക്കും. ജനപ്രതിനിധികള്ക്കുള്ളവ ഉള്‍പ്പെടെ റെയില്‍വെ പാസുകള്‍ക്ക് ഈ ഇളവ് ബാധകമല്ല. ടിക്കറ്റ് ഇളവ് നല്കുന്ന ട്രെയിനുകളില്‍ തല്‍ക്കാല്‍ ക്വോട്ടയും ഉണ്ടായിരിക്കില്ല.
യാത്രക്കാരുടെ എണ്ണത്തിന്റേയും തിരക്കിന്റേയും കാര്യമെടുത്താൽ കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ ഈ വ്യവസ്ഥകൾ ബാധകമാകുന്ന ഒരു ട്രെയ്നുമില്ലാത്തതിനാൽ ഈ ടിക്കറ്റ് നിരക്കിളവിന്റെ പ്രയോജനം കേരളത്തിലെ യാത്രക്കാർക്ക് ലഭിക്കില്ല. ഇതര സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് വിനോദ സഞ്ചാരികൾക്കും ഈ ഇളവ് ലഭ്യമാകുന്ന മുറയ്ക്ക് പ്രയോജനപ്പെടുത്താം.