കേരളത്തിലെ വന്ദേ ഭാരത് രാജ്യത്ത് ഒന്നാമത്; ഓഗസ്റ്റില്‍ രണ്ടാം വന്ദേഭാരതും വരുമോ?

തിരുവനന്തപുരം. യാത്രക്കാരുടെ എണ്ണവും ബുക്കിങ് ഡിമാന്‍ഡുമാണ് കൂടുതല്‍ ട്രെയ്ന്‍ സര്‍വീസുകള്‍ തുടങ്ങാന്‍ പ്രധാനമായും മാനദണ്ഡമാക്കുന്നതെങ്കില്‍ കേരളത്തിന് വാഗ്ദാനം ചെയ്ത രണ്ടാമത് വന്ദേഭാരത് എക്‌സ്പ്രസ് ഉടന്‍ അവതരിപ്പിക്കേണ്ടി വരും. കേരളത്തില്‍ ഏറ്റവുമൊടുവിലെത്തിയ പുതിയ ട്രെയിനാണ് തിരുവനന്തപുരം-കാസര്‍കോഡ് വന്ദേഭാരത് എക്‌സ്പ്രസ് സെമി ഹൈസ്പീഡ് ട്രെയിന്‍. രണ്ടു മാസം തികയുന്നതിനു മുമ്പ് ഇന്ത്യയിലെ 23 വന്ദേഭാരത് ട്രെയിനുകളില്‍ യാത്രക്കാരുടെ തിരക്കില്‍ ആദ്യ ഒന്നും രണ്ടും സ്ഥാനത്ത് കേരളത്തിലെ വന്ദേഭാരത് സര്‍വീസുകളാണ്.

ഇതോടെ രാജ്യത്തെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വന്ദേഭാരത് കേരളത്തിലേതായി. 183 ശതമാനം ഒക്കുപന്‍സി (കയറിയിറങ്ങുന്ന യാത്രക്കാരുടെ ശരാശരി തിരക്ക്) ഉള്ള കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ആണ് ഒന്നാം സ്ഥാനത്ത്. 176 ശതമാനം ഒക്കുപന്‍സിയോടെ രണ്ടാം സ്ഥാനത്തുള്ളതാകട്ടെ തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതും. മൂന്നാം സ്ഥാനത്തുള്ള ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേഭാരതിന്റെ ഒക്കുപന്‍സി 134 ശതമാനമാണ്. അതായത് രണ്ടാം സ്ഥാനത്തേക്കാള്‍ 50 ശതമാനം കുറവ്.

എന്താണ് ഒക്കുപെന്‍സി?

ഒരു റൂട്ടില്‍ ഓടുന്ന ട്രെയിനില്‍, ഇടവിട്ടുള്ള സ്റ്റേഷനുകളില്‍ ഇറങ്ങുന്നവരും കയറുന്നവരും ഉള്‍പ്പെടെ മൊത്തം യാത്രക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഈ ശരാശരി ബുക്കിങ് തിരക്ക് കണക്കാക്കുന്നത്. എ സ്‌റ്റേഷന്‍ മുതല്‍ ബി സ്‌റ്റേഷന്‍ വരെ ഒരു യാത്രക്കാരന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒരു ബുക്കിങായി കണക്കാക്കും. ബി സ്‌റ്റേഷന്‍ മുതല്‍ മറ്റൊരു യാത്രക്കാരന്‍ അതേ സീറ്റ് ബുക്ക് ചെയ്യുമ്പോള്‍ അതും ഒരു ബുക്കിങ് ആയാണ് കണക്കാക്കുന്നത്. അതായത് ഒരേ സീറ്റിന് ഒന്നിലേറെ ബുക്കിങ് ലഭിക്കുന്നു.

രണ്ടാം വന്ദേഭാരത് എന്നു വരും?

കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് അവതരണ വേളയില്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിന് മറ്റൊരു വന്ദേഭാരത് ട്രെയിന്‍ കൂടി വാഗ്ദാനം ചെയ്തിരുന്നു. ആദ്യ വന്ദേഭാരത് തന്നെ ജനപ്രിയ സര്‍വീസാക്കി മാറ്റിയ കേരളത്തിലെ ജനങ്ങള്‍ പുതിയ വന്ദേഭാരതിനായി കാത്തിരിക്കുകയാണ്. വൈദ്യൂതീകരിച്ച റെയില്‍പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂണ്‍ അവസാനത്തോടെ വന്ദേഭാരത് ട്രെയ്‌നുകള്‍ ലഭ്യമാക്കി. ജൂലൈ മുതല്‍ തിരക്കേറിയ റൂട്ടുകളില്‍ ഒന്നിലധികം വന്ദേഭാരത് ട്രെയ്‌നുകള്‍ അനുവദിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇതു പരിഗണിച്ചാല്‍ കേരളത്തിന് തിരുവനന്തപുരം മുതല്‍ മംഗളൂരു വരെ സര്‍വീസ് നടത്തുന്ന പുതിയൊരു വന്ദേഭാരതിനു കൂടി അര്‍ഹതയുണ്ട്. കാരണം ഇന്ത്യയില്‍ ഏറ്റവും തിരക്കേറിയ ഒന്നാമത്തേയും രണ്ടാമത്തേയും വന്ദേഭാരത് സര്‍വീസുകള്‍ ഓടുന്നത് ഈ പാതയിലാണ്.

Also Read കേരളത്തിലെ വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമം ഇങ്ങനെ

വന്ദേഭാരത് അറ്റക്കുറ്റപ്പണിക്കുള്ള സൗകര്യങ്ങള്‍ കൊച്ചുവേളിക്കു പുറമെ എറണാകുളത്തും മംഗളൂരുവിലും ഒരുങ്ങുന്നുമുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ പുതിയ വന്ദേഭാരത് കേരളത്തിന് ഉടന്‍ ലഭിക്കേണ്ടതാണ്. സമ്മര്‍ദ്ദമുണ്ടായാല്‍ ഓഗസ്റ്റില്‍ പുതിയ വന്ദേഭാരത് ട്രെയിന്‍ എത്താനുള്ള സാധ്യതയുള്ളതായും സൂചനകളുണ്ട്.

24 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദശങ്ങളും ഉള്‍പ്പെടെ രാജ്യത്തുടനീളം 46 വന്ദേഭാരത് സര്‍വീസുകളാണ് ഇപ്പോഴുള്ളത്. ഈ റൂട്ടുകളിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളാണിവ. മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വരെയാണ് വന്ദേഭാരത് എക്‌സ്പ്രസിന്റെ വേഗം.

Legal permission needed