ന്യൂ ദല്‍ഹി. ഇന്ത്യയിലെ ആദ്യ എലിവേറ്റഡ് ടാക്‌സിവേ (Elevated Taxiway) ദല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ (IGI Airport) വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തിക്കും. ഇതോടൊപ്പം നാലാമത്തെ റണ്‍വേയും തുറക്കും. ഈസ്റ്റേണ്‍ ക്രോസ് ടാക്‌സിവേ (Eastern Cross Taxiway) എന്നു വിളിക്കപ്പെടുന്ന ഈ ടാക്‌സിവേ ഇരട്ട ലെയ്ന്‍ എലിവേറ്റഡ് ടാക്‌സിവേ ആണ്. ഇതു തുറക്കുന്നതോടെ മൂന്നാമത്തെ റണ്‍വേയില്‍ നിന്ന് വിമാനങ്ങള്‍ക്ക് ടെര്‍മിനല്‍ ഒന്നിലെത്താനുള്ള ദൂരം 9 കിലോമീറ്ററില്‍ നിന്ന് വെറും രണ്ടു കിലോമീറ്ററായി കുറയും. ടേക്കോഫിനു മുമ്പും ലാന്‍ഡ് ചെയ്ത ശേഷവും യാത്രക്കാര്‍ക്ക് വിമാനത്തിലുള്ളില്‍ ഇനി ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരില്ല. ഇപ്പോല്‍ ഈ ദൂരം പിന്നിടാന്‍ വിമാനങ്ങള്‍ക്ക് 25 മിനിറ്റ് വരെ സമയമെടുക്കുന്നുണ്ട്. പുതിയ ടാക്‌സിവേ തുറക്കുന്നതോടെ ഇത് വെറും 10 മിനിറ്റായി കുറയും.
എലിവേറ്റഡ് ടാക്‌സിവേയ്ക്ക് 2.1 കിലോമീറ്റര്‍ ദൂരവും 202 മീറ്റര്‍ വീതിയുമുണ്ട്. രണ്ടു ടാക്‌സിവേകളില്‍ ഒന്ന് ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങള്‍ക്കും മറ്റൊന്ന് ടേക്കോഫ് ചെയ്യുന്ന വിമാനങ്ങള്‍ക്കും ഉപയോഗിക്കാനുള്ളതാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു ടാക്‌സിവേ. ദല്‍ഹി വിമാനത്താവളത്തിലെ കിഴക്ക് ഭാഗത്തുള്ള നോര്‍ത്തേണ്‍, സതേണ്‍ എയര്‍ഫീല്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ടാക്‌സിവേ ഉപയോഗിക്കുന്നതിലൂടെ വിമാനങ്ങള്‍ക്ക് ഏഴു കിലോമീറ്റര്‍ ദൂരം കുറയ്ക്കാം.
രണ്ടു വലിയ വിമാനങ്ങള്‍ക്ക് ഒരേ സമയം കടന്നു പോകാവുന്ന ഈ ടാക്‌സിവേ ഉയര്‍ന്ന ശേഷിയും കരുത്തുമുള്ള നിര്‍മിതിയാണ്. എയര്‍പോര്‍ട്ടിലെ വിമാനങ്ങളുടെ വര്‍ധിച്ച തിരക്ക് സുരക്ഷിതമായി കൈകാര്യം ചെയ്യാനും പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനും യാത്രക്കാര്‍ക്ക് സമയം ലാഭിക്കാനും ഈ പുതിയ ഇരട്ട ടാക്‌സിവേ വഴിയൊരുക്കും.
എന്താണ് ടാക്സിവേ?
റൺവേകളെ ടെർമിനലുകളുമായി ബന്ധിപ്പിക്കുന്ന പാതയാണ് ടാക്സിവേ. റൺവേയിൽ നിന്ന് ഏപ്രണിലേക്കും ഹാംഗറിലേക്കുമുള്ള പാതകളും ടാക്സിവേയിൽ ഉൾപ്പെടും. പറന്നുയരാനുള്ള വിമാനങ്ങളും ലാൻഡ് ചെയ്ത വിമാനങ്ങളും കടന്നു പോകുക ടാക്സിവേകളിലൂടെയായിരിക്കും. മിക്ക വിമാനത്താവളങ്ങളിലും ടാക്‌സിയിംഗിന് പ്രത്യേക വേഗത പരിധിയില്ല. സാധാരണ ടാക്സി വേഗത 20-30 നോട്ട്സ് (മണിക്കൂറിൽ 37-56 കി.മീ.) ആണ്.