✍🏻 വിമൽ കോട്ടയ്ക്കൽ
രാവിലെ ആറരയോടെത്തന്നെ വിയറ്റ്നാമിലെ കംബോഡിയൻ അതിർത്തിയായ മൊപ്പായിലേക്കുള്ള ബസ്സ് വരുന്ന സ്ഥലത്തേക്ക് പോയി. സാമാന്യം നല്ല സൗകര്യമുള്ള ബസ്സാണ്. മൂന്നു മണിക്കൂറിലേറെ ദൂരമുണ്ട് അതിർത്തിയിലേക്ക്. അവിടെ എമിഗ്രേഷനിൽ ഇന്ത്യക്കാരോട് മാത്രം കാണിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് കൂടുതൽ പറയാനുണ്ട്. എങ്ങനെയോ അതിർത്തി കടന്ന് കംബോഡിയയിലെത്തി. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് അൽപം ഭക്ഷണം കഴിച്ചു. വിയറ്റ്നാം ഭക്ഷണം പോലെത്തന്നെ. കുറച്ചു ദൂരം നടന്നതോടെ വിയടെൽ സിം കണക്ഷൻ കട്ടായി. ഇനി പുതിയ കംബോഡിയൻ കണക്ഷനെടുക്കണം. ഒരു കടയിൽ കയറി അതെടുത്ത ശേഷം 8 ഡോളർ കൊടുത്ത് ബാക്കി കംബോഡിയൻ റീൽ വാങ്ങി. പിന്നെ ബസ് സ്റ്റാൻഡ് തേടി വീണ്ടും നടന്നു. ഒരെണ്ണത്തിന് പോലും ബസ്സെന്ന് പറഞ്ഞിട്ട് മനസ്സിലാവുന്നില്ല. ഒടുവിൽ ഗൂഗിളിൽ നിന്ന് ഒരു ബസ്സിൻ്റെ ചിത്രം ഡൗൺലോഡ് ചെയ്ത് കാണിച്ചു കൊടുത്തു. ഗൂഗിൾ ട്രാൻസലേറ്ററിനേയും ഉപയോഗിച്ചു. ഒരാൾ ദൂരേക്ക് വിരൽ ചൂണ്ടി. വിരലിൻ്റെ അറ്റം തേടി ഞങ്ങൾ നടന്നു. ഒടുവിൽ കുറേപ്പേർ ബസ്സുകാത്തു നിൽക്കുന്ന ഒരു ഒഴിഞ്ഞ ഇടം കണ്ടു. ഒരു വലിയ ടൂറിസ്റ്റ് ബസ്സ് തലസ്ഥാനമായ നോം പെന്നിലേക്ക് (Phnom phen) പുറപ്പെടാനായി നിൽക്കുന്നു. ഒരാൾക്ക് 30000 റീൽ എന്ന കണക്കിൽ രണ്ടു ടിക്കറ്റെടുത്തു. രണ്ടിനും കൂടി ഇന്ത്യൻ രൂപ 1200 രൂപ വരും. നമ്മുടെ ഒരു രൂപക്ക് അവിടെ 50 രൂപയാണ് മൂല്യം. ഏതായാലും സ്ലീപ്പർ ബസ്സിൽ വിശാലമായി കിടന്നു തന്നെ യാത്ര തുടങ്ങി.
നൂറു കണക്കിന് ഹെക്ടർ വിശാലമായിക്കിടക്കുന്ന പാടങ്ങളാണ് ഇരുവശവും. വിയറ്റ്നാം പോലെയല്ല, നല്ല പൊടിയും മണ്ണുമുണ്ട്. ആറ് മണിക്കൂറോളം സമയമെടുത്തു നോം പെൻ എന്ന തലസ്ഥാന നഗരിയിലെത്താൻ. വൈകുന്നേരമായതുകൊണ്ട് എല്ലാ റോഡുകളും ഗതാഗതക്കുരുക്കിലാണ്. മനോഹരമായ കെട്ടിടങ്ങളും റോഡുകളുമൊക്കെയുണ്ട്. നമ്മുടെ തിരുവനന്തപുരം നഗരത്തെ ഓർമിപ്പിക്കും ചില ഭാഗങ്ങൾ കണ്ടാൽ. ബസ്സ് ഒരു വശമൊതുക്കിയിട്ടു. എല്ലാവരും ഇറങ്ങുന്നു. ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ മൂന്നു കിലോമീറ്ററോളം ദൂരമുണ്ട് ഞങ്ങൾ ബുക്ക് ചെയ്ത ബെസ്റ്റ് സെൻ്റർ പോയൻ്റ് എന്ന ഹോട്ടലിലേക്ക്. ഇത്രയും യാത്ര ചെയ്ത് ഇനി നടക്കാൻ വയ്യ. ഓട്ടോക്കാർ മത്സരിച്ച് ക്ഷണിക്കുന്നുണ്ട്. സ്ഥലം കാണിച്ച് തുക ചോദിച്ചപ്പോൾ ഒരാൾ ഇരുപതിനായിരം രൂപ ചോദിച്ചു. അതായത് ഇന്ത്യൻ രൂപ 400 വരും. ഞങ്ങൾ വഴങ്ങിയില്ല. അയാൾ അൽപം കുറച്ചു. ഞങ്ങൾ മുന്നോട്ടു തന്നെ നടന്നു. മറ്റൊരാൾ പതിനായിരം പറഞ്ഞു. അതുറപ്പിച്ചു. അങ്ങനെ ഞങ്ങൾ ഹോട്ടലിലെത്തി. കുളിച്ചു ഫ്രഷായി പതിവുപോലെ രാത്രിസഞ്ചാരത്തിനിറങ്ങി.
രാവും പകലും ആസ്വദിക്കണം
സഞ്ചാരം എന്നത് ടൂറിസ്റ്റ് പോയിൻ്റുകൾ തേടിയുള്ള യാത്ര മാത്രമല്ല. അതിനിടയിലും അപ്പുറവും ഇപ്പുറവുമെല്ലാം ജീവിതങ്ങളുണ്ട്. അതുകൂടി യാത്രാനുഭവത്തിൻ്റെ ഭാഗമാണ്. ഒരു പക്ഷേ പ്രസിദ്ധമായ ഏതൊരു വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വലിയ ആനന്ദം ഇത്തരം സഞ്ചാരങ്ങളിൽ നിന്ന് ലഭിക്കും. അത്തരത്തിലുള്ള രണ്ട് സന്ദർഭങ്ങളാണ് രാനടത്തവും പുലരി നടത്തവും. നാടിൻ്റെ മറ്റൊരു മുഖമാണ് രാത്രി വെളിപ്പെടുക. ഒരു ഭാഗം ഏറ്റവും വർണാഭവും വേറൊരു ഭാഗം ഇരുണ്ടതുമാവും. രണ്ടും ഒരേ സമയം കാണാമെന്ന സൗകര്യം ഇത്തരം നടത്തങ്ങൾക്കുണ്ട്. പല അറേഞ്ച്ഡ് ടൂറുകളിൽ നിന്നും ഊർന്നു പോകുന്ന സുവർണാവസരങ്ങളാണത്. പ്രഭാത സഞ്ചാരത്തിന് വേറൊരു ഭാവമാണ്. തെരുവുകൾ കണ്ണു തിരുമ്മി ഉണരുന്നതേയുണ്ടാവൂ. തലേന്നത്തെ രാത്രിയുടെ ആലസ്യം മാറിയിട്ടുണ്ടാവില്ല. മാർക്കറ്റുകളാണ് ആദ്യം സജീവമാകുക. പിന്നെ വഴിയോരക്കച്ചവടങ്ങൾ. സ്ത്രീകൾ തങ്ങളുടെ പെട്ടിക്കടകളും ഉന്തുവണ്ടികളുമായി പുറത്തിറങ്ങും. പന്നിയേയും പോത്തിനേയുമൊക്കെ ചെറുതാക്കി അരിഞ്ഞും പച്ചക്കറികൾ മുറിച്ചും ഇരിക്കേണ്ട സ്ഥലം വൃത്തിയാക്കിയും അവർ ഒരുക്കം തുടങ്ങും. ഇവിടേയും സ്ത്രീകൾ നല്ല ഉത്സാഹികളാണ്.
കംബോഡിയയിൽ കുറച്ചു കൂടി നമുക്ക് പറ്റിയ ഭക്ഷണം കിട്ടുന്നുണ്ടെന്ന് തോന്നി. ഫ്രൈഡ് റൈസിൻ്റെ പലവകഭേദങ്ങൾ കാണുന്നു. താമസിക്കുന്ന ഹോട്ടലുകളിൽ കോംപ്ലിമെൻ്ററി ബ്രേക്ക് ഫാസ്റ്റ് ഇല്ലെങ്കിലും അതിരാവിലെ യാത്ര പുറപ്പെടേണ്ടി വരുന്നുണ്ടെങ്കിലും ഞങ്ങളുടെ പ്രഭാത ഭക്ഷണം ബ്രഡും കാപ്പിയുമായിരുന്നു. എന്നാൽ ബ്രഡ് സംഘടിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. ഇരുരാജ്യങ്ങളിലേയും പ്രധാന ഭക്ഷണവിഭവങ്ങളിൽ ബ്രഡിന് സ്ഥാനമില്ല. അതു കൊണ്ടു തന്നെ ചില സൂപ്പർ മാർക്കറ്റുകളിൽ മാത്രമേ കിട്ടൂ. അതു തേടി കിലോമീറ്ററുകൾ നടക്കേണ്ടി വന്നിട്ടുണ്ട്. ബ്രഡ് എന്ന് പറഞ്ഞിട്ട് മനസ്സിലാവാത്തതിനാൽ അതിനും ഗൂഗിളിൽ നിന്ന് ചിത്രം ഡൗൺലോഡ് ചെയ്ത് കാണിക്കേണ്ടി വന്നു. ഒരോ തവണയും വീട്ടിൽ നമ്മൾ ഭക്ഷണം ബാക്കി വെക്കുകയും മാറ്റിവെക്കുകയും ചെയ്യുമ്പോൾ ഇത്തരം അനുഭവങ്ങൾ നമ്മളെ പുതിയ പാഠങ്ങൾ പഠിപ്പിക്കും.
രാത്രി നടത്തത്തിന് ഞങ്ങൾ പോയത് പ്രസിദ്ധമായ റോയൽ പാലസിലേക്കാണ്. 1866 ൽ നിർമിച്ചതെന്ന് കരുതുന്ന ഈ കൊട്ടാരം പിന്നീട് കംബോഡിയൻ രാജാവിൻ്റെ വസതിയായി. മെക്കോങ്ങ് എന്ന നദിക്ക് അഭിമുഖമായി നേരത്തേയുണ്ടായിരുന്ന ഒരു കോട്ടയ്ക്ക് മുകളിലാണ് നിർമാണം. മുന്നിൽ അതിവിശാലമായ ഒഴിഞ്ഞ പാർക്കുണ്ട്. വൈകുന്നേരങ്ങളിൽ ആളുകൾ കുടുംബസമേതം ഇവിടെ വന്നിരിക്കും. രാത്രിയായാൽ വൈദ്യുതാലങ്കാരങ്ങളിൽ കുളിച്ചു നിൽക്കുന്ന കൊട്ടാരത്തിന് സുവർണ ശോഭയാണ്. അതി മനോഹരമായ ഒരു കാഴ്ച്ചയാണത്.
പല്ലിവറുത്തതും പുഴുപുഴുങ്ങിയതും
പാലസിന് വശങ്ങളിലായി ഒട്ടേറെ തെരുവുകച്ചവടങ്ങളുണ്ട്. അതിലൊന്നിലെ വിഭവങ്ങൾ പ്രത്യേകം ശ്രദ്ധയിൽ പെട്ടു. പാറ്റ, പല്ലി, പുഴു, കൂറ, എട്ടുകാലി, തവള… തുടങ്ങിയവയെ വറുത്തും പുഴുങ്ങിയും വെച്ചിരിക്കുന്നു. ഇവിടത്തുകാർക്ക് അതൊരു അത്ഭുത ഭക്ഷണമൊന്നുമല്ല. അതിൻ്റെ മുന്നിൽ അന്തം വിട്ടു നിൽക്കുന്ന ഞങ്ങളെക്കണ്ട് കച്ചവടക്കാരിയായ ചേച്ചി പരിഹസിച്ച് ചിരിച്ചു. അല്ലെങ്കിൽത്തന്നെ കടൽപ്പുഴുവായ ചെമ്മീനിനെ ആർത്തിയോടെ അകത്താക്കുന്ന നമുക്ക്, കക്ക, ഞവിഞ്ഞ്, കൂന്തൾ തുടങ്ങിയവയെയൊക്കെ ഭക്ഷണമാക്കുന്ന നമുക്ക് പുഴുവിനെ കഴിക്കുന്നവരെ പരിഹസിക്കാൻ എന്തവകാശം? ഭക്ഷണം അത് ഒരു സംസ്കാരത്തിൻ്റെ ഭാഗമാണ്. രൂപം നോക്കിയല്ല, ഗുണം നോക്കിയാണ് അതിലെ നന്മതിന്മകൾ തീരുമാനിക്കേണ്ടത്.
വാട്ട് നോം പഗോഡ
കംബോഡിയയുടെ തലസ്ഥാനത്തിന് നോം പെൻ എന്ന് പേരു വരാൻ കാരണമായതെന്ന് കരുതുന്ന ഒരു ബുദ്ധ പഗോഡയാണ് വാട്ട് നോം (Wat Phnom). മെക്കാങ് നദിയുടെ തീരത്തുകൂടി ഒന്നര കിലോമീറ്റർ നടന്നാൽ പഗോഡയിലേക്കുള്ള വഴിയിലെത്താം. 1372 ൽ കൃത്രിമമായി നിർമിച്ച കുന്നിന് മുകളിൽ നിർമിച്ച പഗോഡക് 42 മീറ്റർ ഉയരമുണ്ട്. കംബോഡിയൻ തലസ്ഥാനത്തെ ഒരു പ്രധാന ചരിത്ര സ്മാരകമാണിത്. പഗോഡ നിർമിക്കാൻ കാരണക്കാരിയെന്ന് പറയുന്ന ‘പെൻ’ എന്ന ഒരു വയോധിയുമായി ബന്ധപ്പെട്ട ഒരു കഥയും ഇവിടെ പ്രചാരത്തിലുണ്ട്. അതൊക്കെ നിറം പിടിപ്പിച്ചവയാവാനേ തരമുള്ളൂ. നാല് ബുദ്ധപ്രതിമകൾ ഇവിടെയുണ്ട്.
Also Read ചൈനാ ടൗണും പ്രസിഡന്റിന്റെ പാലസും
ടുക് ടുക്കിൽ ഒരു നഗരപ്രദക്ഷിണം
രാവിലെത്തന്നെ ഞങ്ങൾ നഗരപ്രദേശത്തെ കാഴ്ച്ചകൾ തേടിയിറങ്ങി. പത്തു പതിനാല് കിലോമീറ്റർ അകലെയാണ് പോകേണ്ടത്. പ്രധാന ലക്ഷ്യം കുപ്രസിദ്ധമായ കില്ലിങ്ങ്ഫീൽഡും ജെനോസൈഡ് മ്യൂസിയവുമാണ്. ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ റോഡരികിലായി കുറേ ടുക് ടുക് കൾ നിർത്തിയിട്ടിട്ടുണ്ട്. ബൈക്കിൻ്റെ തലയും ഓട്ടോറിക്ഷയുടെ ഉടലുമുള്ള വേറൊരു തരം നായക്കുറുക്കൻ. ഉത്തരേന്ത്യയിലും നേപ്പാളിലുമൊക്കെ ഇതിൽ സഞ്ചരിച്ചിട്ടുണ്ട്. കേരളത്തിൽ ഇതിന് അനുമതിയില്ല. ഡിസൈനിങ്ങിൽ കുറച്ച് അശാസ്ത്രീയതയൊക്കെ ഉണ്ട് എന്നതു തന്നെയാണ് കാരണം. പക്ഷേ കാഴ്ചകൾ കണ്ട് നഗരം ചുറ്റാൻ ഇവൻ ഉഗ്രനാണ്. ചില കുടുംബങ്ങൾക്ക് ഈ വാഹനം ഒരു വീടു തന്നെയാണ്. ഏതായാലും ഡ്രൈവർ പീറ്റർ കൊള്ളാം, വിയറ്റ്നാമിലെ വിമാനത്താവളത്തിലും പോലീസ് സ്റ്റേഷനിലുമുള്ളവരേക്കാൾ ഇംഗ്ലീഷറിയാം. മൊത്തം 20 ഡോളറിന് യാത്രയുറപ്പിച്ച് ഞങ്ങൾ കയറിയിരുന്നു. ടുക് ടുക് ഞങ്ങളേയും കൊണ്ട് കുലുങ്ങിയോടാൻ തുടങ്ങി.
(അവസാനിക്കുന്നില്ല…)
2 thoughts on “CAMBODIA: കമ്പൂച്ചിയ എന്ന കംബോഡിയയിലൂടെ”