AI ക്യാമറ നാളെ മുതല്‍; നിയമം ലംഘിച്ചാല്‍ പിഴ വിവരമറിയാന്‍ ഒരാഴ്ചയെടുക്കും

തിരുവനന്തപുരം. റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് (MVD) കേരളത്തിലുടനീളം റോഡുകളില്‍ സ്ഥാപിച്ച 726 ക്യാമറകള്‍ ഞായറാഴ്ച അര്‍ധരാത്രിമുതല്‍ ശരിക്കും പണി തുടങ്ങും. കെല്‍ട്രോണ്‍ സ്ഥാപിച്ച ക്യാമറകളെ ചൊല്ലി വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പിഴ ഈടാക്കിത്തുടങ്ങുന്നത് ജൂണ്‍ അഞ്ച് വരെ നീട്ടിയതായിരുന്നു. നിലവില്‍ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും നിയമ ലംഘകരില്‍ നിന്ന് പിഴ ഈടാക്കിയിരുന്നില്ല. തിങ്കളാഴ്ച മുതല്‍ ഈ ക്യാമറകളെല്ലാം പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. ക്യാമറകളുടെ ട്യൂണിങ് പൂര്‍ത്തിയായി. എല്ലാ ജില്ലകളിലുമായുള്ള കണ്‍ട്രോള്‍ റൂമുകളില്‍ 110 പേരെ നിയോഗിച്ചിട്ടുണ്ട്. 36 പേരെ കൂടി ഉടന്‍ നിയമിക്കും.

ഈ കാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ആദ്യം എസ്എംഎസിലൂടെയും പിന്നീട് തപാല്‍ മുഖേനയും വാഹന ഉടമകള്‍ക്ക് പിഴ നൊട്ടീസ് നല്‍കും. നിയമ ലംഘനം കണ്ടെത്തിയാല്‍ ഉടന്‍ എസ്എംഎസ് ലഭിക്കില്ല. ഏഴു മുതല്‍ 13 ദിവസം വരെ നീളുന്ന നടപടിക്രമങ്ങള്‍ കാരണമാണിത്. ക്യാമറ പിടിക്കുന്ന ചിത്രത്തില്‍ നിന്ന് ആദ്യം കണ്‍ട്രോള്‍ റൂമിലെ ഓപറേറ്റര്‍ ട്രാഫിക് നിയമലംഘനം സ്ഥിരീകരിക്കണം. ഇതു പിന്നീട് തിരുവനന്തപുരത്തെ സെന്‍ട്രല്‍ സെര്‍വറിലേക്ക് അയക്കും. ബന്ധപ്പെട്ട ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്‍ അംഗീകരിച്ചാലെ ചെലാന്‍/പിഴ നൊട്ടീസ് എസ്എംഎസ് ആയും തപാല്‍ മുഖേനയും വാഹന ഉടമയ്ക്ക് അയക്കൂ. ചെലാന്‍ ലഭിച്ച് 14 ദിവസത്തിനകം അപ്പീല്‍ നല്‍കാം. ട്രാഫിക് നിയമ ലംഘനം നടന്ന സ്ഥലത്തെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒക്കാണ് അപ്പീല്‍ നല്‍കേണ്ടത്. ഇതിനു ശേഷമാണ് പിഴ അടക്കേണ്ടത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലത്തിന്റെ ഐടിഎംഎസ് ആപ്ലിക്കേഷന്‍ മുഖേനയാണ് പിഴ ശേഖരിക്കുക. ഇത് പിന്നീട് സംസ്ഥാനങ്ങള്‍ക്ക് കൈമാറും.

വിഐപി വാഹനങ്ങള്‍, ആംബുലന്‍സ് തുടങ്ങിയവയെ പിഴയില്‍ നിന്ന് ഒഴിവാക്കും. ഇരുചക്ര വാഹനങ്ങളില്‍ മൂന്നാമത്തെ യാത്രക്കാരായി 12 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളാണെങ്കില്‍ പിഴ ഇടാക്കില്ലെന്നാണ് തീരുമാനം. ഇതിനായി കേന്ദ്രത്തോട് പ്രത്യേക അനുമതി തേടിയിട്ടുണ്ട്. മറുപടി ലഭിച്ചില്ലെങ്കില്‍ ഇവര്‍ക്ക് പിഴ ഈടാക്കില്ല. (ക്യാമറ സ്ഥാപിച്ച ഇടങ്ങൾ അടയാളപ്പെടുത്തിയ ഗൂഗ്ൾ മാപ്പ്)

Also Read കേരളത്തിൽ റോഡ് ക്യാമറകൾ സ്ഥാപിച്ച ഇടങ്ങളുടെ പൂർണ പട്ടിക

അതേസമയം റോഡ് കാമറ വഴിയുള്ള പിഴ വിവരം കേരളത്തിലെ 70 ലക്ഷത്തോളം വാഹന ഉടമകള്‍ക്കും എസ്എംഎസ് വഴി അറിയാന്‍ കഴിയില്ല. ഇത്രയും വാഹന ഉടമകളുടെ മൊബൈല്‍ നമ്പറോ ഇ-മെയില്‍ ഐഡിയോ മോട്ടോര്‍ വാഹന വകുപ്പിന്റെ പോര്‍ട്ടലില്‍ ഇല്ലാത്തതാണു കാരണം. കേരളത്തില്‍ 2017 മുതലാണ് വാഹന ഉടമകളുടെ ഈ വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ത്തു തുടങ്ങിയത്. 2017നും ശേഷം വിവിധ ആവശ്യങ്ങള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ച വാഹന ഉടമകളുടെ വിവിരങ്ങളും പോര്‍ട്ടലില്‍ ചേര്‍ത്തിട്ടുണ്ട്. ഈ രണ്ടു വിഭാഗത്തിലും ഉള്‍പ്പെടാത്ത 70 ലക്ഷത്തോളം വാഹന ഉടമകള്‍ക്കാണ് എസ്എംഎസ് വഴി നൊട്ടീസ് ലഭിക്കാതിരിക്കുക. ഇവര്‍ക്ക് തപാല്‍ മാര്‍ഗം ചെലാന്‍ അയക്കും.

One thought on “AI ക്യാമറ നാളെ മുതല്‍; നിയമം ലംഘിച്ചാല്‍ പിഴ വിവരമറിയാന്‍ ഒരാഴ്ചയെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed