യുഎസിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; ഈ വർഷം അനുവദിച്ചത് 10 ലക്ഷത്തിലേറെ വിസകൾ

us visa for indians

ന്യൂദല്‍ഹി: യുഎസിലേക്ക് ഇന്ത്യക്കാരുടെ യാത്രയിൽ വൻ വർധന. ഇന്ത്യയിലെ യുഎസ് എംബസി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും 10 ലക്ഷത്തിലേറെ വിസകള്‍ ഇന്ത്യക്കാര്‍ക്ക് അനുവദിച്ചു. നോണ്‍ഇമിഗ്രന്റ് ഗണത്തിലുള്ള ഈ വിസകളുടെ വര്‍ധന ഇന്ത്യക്കാരുടെ യുഎസ് യാത്രാ പ്രിയം കൂടുന്നു എന്ന സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം അഞ്ച് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. 2024ലെ ആദ്യ 11 മാസങ്ങളില്‍ 20 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് യുഎസിലേക്ക് യാത്ര ചെയ്തത്. 2023നെ അപേക്ഷിച്ച് 26 ശതമാനമാണ് വര്‍ധന.

നിലവില്‍ 50 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്ക് യുഎസിന്റെ നോണ്‍ഇമിഗ്രന്റ് വിസയുണ്ട്. ഓരോ ദിവസവും ആയിരക്കണക്കിന് പുതിയ വിസകള്‍ ഇഷ്യൂ ചെയ്യുന്നുണ്ടെന്നും എംബസി പറയുന്നു. ടൂറിസം, ബിസിനസ്, വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്കാണ് പ്രധാനമായും ഇന്ത്യക്കാര്‍ യുഎസിലേക്ക് പോകുന്നത്.

ഈ വര്‍ഷം എച്ച്-വണ്‍ ബി വിസ രാജ്യം വിടാതെ തന്നെ പുതുക്കുന്നതിന് പരീക്ഷണാര്‍ത്ഥം വിദേശകാര്യ വകുപ്പ് പദ്ധതി നടപ്പിലാക്കിയിരുന്നു. ഇത് വിജയമാണ്. ഈ സൗകര്യം ഉപയോഗിച്ച് നിരവധി ഇന്ത്യക്കാര്‍ക്ക് യുഎസ് വിടാതെ തന്നെ തങ്ങളുടെ എച്ച്-വണ്‍ ബി വിസ പുതുക്കാന്‍ കഴിഞ്ഞു. 2025ല്‍ ഈ സൗകര്യം പൂര്‍ണതോതില്‍ പ്രാബല്യത്തിലാക്കാനുള്ള തയാറെടുപ്പിലാണ് യുഎസ്.

കൂടാതെ സ്ഥിരതാമസ അനുമതിയുള്ള ആയിരക്കണക്കിന് കുടിയേറ്റ വിസയും യുഎസ് ഇന്ത്യക്കാര്‍ക്ക് ഈ വര്‍ഷം അനുവദിച്ചിട്ടുണ്ട്. ഈ വിസക്കാര്‍ യുഎസില്‍ ഇറങ്ങുന്നതോടെ സ്ഥിരത്താമസക്കാരായി മാറുന്നു. യുഎസ് ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്കും പ്രൊഫഷനലുകള്‍ക്കുമാണ് പ്രധാനമായും ഈ വിസ അനുവദിക്കുന്നത്.

Legal permission needed