ലോകാത്ഭുതങ്ങളുടെ പട്ടികയിലേക്ക് അനൗദ്യോഗികമായി ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടി. കംബോഡിയയിലെ ചരിത്ര പ്രസിദ്ധമായ Angkor Wat പൈതൃക ക്ഷേത്ര സമുച്ചയം അങ്കോര്‍ വാട്ട് ആണ് ഇറ്റലിയിലെ പോംപിയെ പിന്തള്ളി എട്ടാമത്തെ ലോകാത്ഭുതമായി മാറിയിരിക്കുന്നത്. കംബോഡിയയുടെ ഹൃദയഭാഗത്താണ് അങ്കോര്‍ വാട്ട് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ (UNESCO World Heritage Site) ഒന്നാണ് അങ്കോര്‍ വാട്ട്. ലോകാത്ഭുതങ്ങള്‍ ഏഴെണ്ണമാണെങ്കിലും (wonder of the world) സഞ്ചാരികളുടെ ബാഹുല്യവും ജനപ്രീതിയിലും കണക്കിലെടുത്ത് അനൗദ്യോഗികമായി എട്ടാം സ്ഥാനത്തേക്ക് പലയിടങ്ങളും മാറിമാറി വരാറുണ്ട്. ഇത്തവണ ഊഴം അങ്കോര്‍ വാട്ടിനാണ്.
കംബോഡിയൻ യാത്രാനുഭവം വായിക്കാം: മഹാത്ഭുതങ്ങളിലേക്ക് ഒരു ഓട്ടോ യാത്ര
ലോകത്തെ ഏറ്റവും വലിയ ആരാധനാലയം ആണ് അങ്കോര്‍ വാട്ട്. വര്‍ഷംതോറും ലോകത്തെമ്പാടു നിന്നും ലക്ഷക്കണക്കിന് സന്ദര്‍ശകരും സഞ്ചാരികളും ഇവിടെ എത്തുന്നു. 12ാം നൂറ്റാണ്ടില്‍ സുര്യവര്മന് രണ്ടാമന് രാജാവാണ് ഇതു നിര്‍മ്മിച്ചത്. തുടക്കത്തില്‍ ഹിന്ദു ക്ഷേത്രമായിരുന്നെങ്കിലും പിന്നീട് ഒരു ബുദ്ധ ക്ഷേത്രമായി മാറുകയായിരുന്നു. ഈ മാറ്റം ഇവിടെ ശില്‍പ്പങ്ങളിലും കൊത്തുപണികളിലും കാണാം. 500 ഏക്കറോളം വിശാലമായ ഭൂമിയിലാണ് ഈ വാസ്തുവിദ്യാ സ്മാരകം സ്ഥിതി ചെയ്യുന്നത്. പുറം മതിലിനു ചുറ്റും ഒരു വലിയ കിടങ്ങുണ്ട്.