✍🏻 വിമൽ കോട്ടയ്ക്കൽ
കംബോഡിയയുടെ തലസ്ഥാന നഗരമായ നോം പെനിൽ നിന്ന് ഇനി യാത്ര മുൻ തലസ്ഥാനമായിരുന്ന സീം റീപ്പിലേക്കാണ്. അവിടെ നമ്മെ കാത്ത് ഒരു മഹാത്ഭുതം ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം, അങ്കോർ വാട്ട് (Angkor Wat) ടെമ്പിൾ. ബസ്സിൽ ആറ് മണിക്കൂറോളം യാത്രയുണ്ട്. എങ്കിലും നല്ല റോഡായതിനാൽ ഒട്ടും ക്ഷീണമറിയില്ല. ഒരാൾക്ക് 17 ഡോളറാണ് ബസ്സ് ചാർജ്ജ്. ഇവിടങ്ങളിൽ റോഡ് നിർമാണത്തിന് ടാർ ഉപയോഗിച്ചു കാണുന്നില്ല. പ്രധാന ഹൈവേകളെല്ലാം സിമൻ്റ് ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്. നടുക്ക് ഡിവൈഡറുകളിൽ നല്ല പൂച്ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. അത് കൃത്യസമയത്ത് നനയ്ക്കുന്നുമുണ്ട്. നഗരത്തെ സൗന്ദര്യമുള്ളതാക്കി നിലനിർത്താൻ ഭരണാധികാരികൾ പ്രത്യേകം ശ്രദ്ധ പുലർത്തുന്നുണ്ട്.
11.30നാണ് ഇവിടെയൊക്കെ ഉച്ച ഭക്ഷണം. രാവിലെ 5 മണിക്കൊക്കെ നല്ല വെളിച്ചമായിക്കാണും. 8.45ന് പുറപ്പെട്ട ഞങ്ങൾ 3 മണിയോടെത്തന്നെ സീം റീപ്പിലെത്തി. അവിടെ ഞങ്ങൾ മുൻകൂട്ടി പറഞ്ഞുവെച്ച ഓട്ടോ ഡ്രൈവർ ചുൻ കാത്തിരിക്കുന്നുണ്ടായിരുന്നു. ചുനിനെ നേരത്തേ യാത്ര ചെയ്ത സുരേഷ് എന്ന അധ്യാപകൻ വഴി പരിചയപ്പെട്ടതാണ്. വലിയ ഭാഗ്യം മൂപ്പർക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാം എന്നതാണ്. ‘ഇംഗ്ലീഷ് അറിയുന്ന ഓട്ടോ ഡ്രൈവർ’ എന്ന് ഓട്ടോയുടെ മുന്നിൽത്തന്നെ സ്റ്റിക്കർ ഒട്ടിച്ചിട്ടുമുണ്ട്.
Also Read തലയോട്ടികൾ പറയും, ചോരമണക്കും കഥകൾ
മൂന്നു കിലോമീറ്ററോളം ഓടി ഒരു തെരുവിനുള്ളിലേക്ക് കയറിയഉടനെ ഒരു ഹോട്ടലിന് മുന്നിൽ ഓട്ടോ നിർത്തി. സത്യത്തിൽ അതൊരു ഡോക്ടറുടെ വീടാണ്. മുകൾ ഭാഗം ഹോട്ടൽ മുറികളായി ഉപയോഗിക്കുകയാണ്. അന്ന് വൈകുന്നേരം ചുൻ ഞങ്ങളേയും കൊണ്ട് അങ്കോർ വാട്ടിലേക്കുള്ള ടിക്കറ്റെടുക്കുന്ന ഓഫീസിലേക്ക് പോയി. ഒരാൾക്ക് 37 ഡോളറാണ് തുക. അന്ന് വൈകുന്നേരത്തെ സൂര്യാസ്തമയവും അടുത്ത ദിവസം മുഴുവനും കാണാനുള്ള ടിക്കറ്റാണത്.
അങ്കോർ വാട്ടെന്ന അത്ഭുതലോകം
സൂര്യ വർമൻ രണ്ടാമൻ എന്ന രാജാവ് 12-ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമാണം തുടങ്ങിവെച്ചതെന്നാണ് ചരിത്രം. അതിനു മുമ്പേ തന്നെ, AD 800 ൽ ഇവിടെ ഒരു നഗരമുണ്ടായിരുന്നു. കോട്ടയും ക്ഷേത്രങ്ങളും ലക്ഷക്കണക്കിന് ആളുകളും താമസിച്ചിരുന്നു. അതിൻ്റെയൊക്കെ അവശിഷ്ടം ഇപ്പോഴുമുണ്ട്.
Also Read കമ്പൂച്ചിയ എന്ന കംബോഡിയയിലൂടെ
സൂര്യ വർമൻ ആദിനാരായണൻ എന്ന വിഷ്ണു ക്ഷേത്രമായാണ് നിർമിച്ചത്. അദ്ദേഹത്തിൻ്റെ കാലശേഷം ജയവർമൻ ഏഴാമൻ വന്നു. 14-ാം നൂറ്റാണ്ടോടെ പൗത്രനായ ശൃന്ദ്രവർമൻ രാജ്യം കീഴടക്കി. ശ്രീലങ്കയിൽ നിന്നു വന്ന ഒരു ബുദ്ധമതാനുയായി കൂടിയായ ഇദ്ദേഹമാണ് അങ്കോർ വാട്ട് ഒരു ബുദ്ധക്ഷേത്രമാക്കിയത്. ഇദ്ദേഹത്തിൻ്റെ കാലശേഷം ഈ കാനന ക്ഷേത്രം ആരാലും ശ്രദ്ധിക്കപ്പെടാതെ നൂറ്റാണ്ടുകൾ കാടുപിടിച്ച് കിടന്നു. 1860 ൽ ഫ്രഞ്ചുകാരനായ ഹെൻറി മൗഹത് ആണ് ഇതിനെ വീണ്ടെടുക്കാൻ കാരണക്കാരനാവുന്നത്.
ഇന്ത്യൻ സാംസ്കാരിക പാരമ്പര്യവും
യഥാർത്ഥത്തിൽ അങ്കോർ വാട്ട് എന്നത് ഒറ്റ ക്ഷേത്രമല്ല, ക്ഷേത്രസമുച്ചയങ്ങളാണ്. പ്രധാനക്ഷേത്രമായ അങ്കോർവാട്ടിന് ഒരു പിരമിഡ് രൂപ മാണുള്ളത്. ചോള – പല്ലവ നിർമാണ രീതിയാണ് പല ഭാഗത്തും കാണുന്നത്. ക്ഷേത്ര മേഖലയെ 200 മീറ്റർ വീതിയുള്ള ഒരു കിടങ്ങ് സംരക്ഷിക്കുന്നു. ഈ കിടങ്ങ് ഇന്ന് ഇവിടത്തെ പ്രധാന ജലസംഭരണി കൂടിയാണ്.
പലതിലും ഇന്ത്യൻ പുരാണേതിഹാസങ്ങളിലെ കഥകളും കഥാപാത്രങ്ങളും കാണാം. ഗരുഡൻ, വിഷ്ണു, ഹനുമാൻ, പാൽക്കടൽ കടയൽ, മന്ഥര പർവതം, കൂർമാവതാരം, മഹർഷിമാർ… അങ്ങനെ പലതും. 200 ഏക്കറിലേറെ വിസ്തൃതിയുള്ള സ്ഥലത്ത് വ്യാപിച്ചുകിടക്കുകയാണ് ക്ഷേത്രം.
അടുത്ത ദിവസം സൂര്യോദയം കാണാൻ 5 മണിയോടെ ക്ഷേത്രത്തിലെത്തി.നൂറു കണക്കിനാളുകളാണ് ഈ മനോഹര ദൃശ്യത്തിന് സാക്ഷിയാവാനെത്തിയത്. ക്ഷേത്രത്തിനുള്ളിൽ രണ്ടു മണിക്കൂറോളം ചുറ്റിക്കറങ്ങി പുറത്തിറങ്ങി. ഇനിയും ഇതുപോലെ അഞ്ചാറ് ക്ഷേത്രങ്ങൾ കൂടിയുണ്ടെന്ന് ചുൻ പറഞ്ഞു. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി. ബായോൺ ടെമ്പിൾ, ചോം ടെമ്പിൾ, പ്രേഖ് ഖാൻ ടെമ്പിൾ, നീക്ക് പോൺ ടെമ്പിൾ, ടാ സോം ടെമ്പിൾ, ഈസ്റ്റ് മേബൺ ടെമ്പിൾ, പ്രീറുപ്പ് ടെമ്പിൾ, താ പ്രോം ടെമ്പിൾ തുടങ്ങിയവയെല്ലാം ഞങ്ങൾ സന്ദർശിച്ചു.
ഇന്ദ്രനും ക്ഷേത്രം
പത്തു മണിയോടെ സൂര്യൻ യഥാർത്ഥ സ്വഭാവം കാണിച്ചു തുടങ്ങി. കേരളത്തിലെ അതേ കാലാവസ്ഥയാണ്. പൊള്ളി പുറം പൊളിഞ്ഞു തുടങ്ങി. ക്ഷേത്രങ്ങളാണെങ്കിൽ കിലോമീറ്ററുകളോളം ഉള്ളിലാണ്. വാഹനമൊന്നും പോവില്ല. ഒരു പ്ലാവിലയുടെ പോലും തണലില്ല. വെള്ളം കുടിച്ചും വിയർത്തും വലഞ്ഞു. പിന്നെ ഏക ആശ്വാസം, ഓരോ നിർമിതികളും ഒന്നിനൊന്ന് അമ്പരപ്പിക്കുന്നതായിരുന്നു എന്നതാണ്. പൊതു സ്വഭാവമായി തോന്നിയത്, വൻ ചെങ്കൽ പാറകൾ കൊണ്ട് പ്രാഥമിക രൂപമുണ്ടാക്കി, അതിനു മുകളിൽ കരിങ്കൽ പാളികളും പാറകളും സ്ഥാപിക്കുന്ന രീതിയാണ് മിക്ക ക്ഷേത്രങ്ങളിലും കാണുന്നത്.
ഇതിനിടയിൽ ഇന്ദ്രൻ പ്രധാന പ്രതിഷ്ഠയായ ഒരു ക്ഷേത്രവും കണ്ടു. അതാണ് മേബൺ ക്ഷേത്രം. വേദകാലത്തെ പ്രമുഖ ദൈവമാണ്. പഴയ പുലിയാണെങ്കിലും ഇപ്പോൾ എവിടേയും ആരാധിച്ചു വരുന്നില്ല. തിരുവനന്തപുരത്ത് ഒരു ദേവേന്ദ്ര ലിംഗേശ്വര ക്ഷേത്രവും രാജസ്ഥാൻ കോട്ടയിൽ ഒരു ക്ഷേത്രവും മൂപ്പർക്ക് ഉണ്ടെന്ന് കേൾക്കുന്നു. എന്നാൽ ഇവിടെ പഴയ ദേവരാജന് സ്വന്തമായി പടുകൂറ്റൻ ക്ഷേത്രമുണ്ട്. മഴ പെയ്യാൻ പ്രാർഥിക്കാനായി അടുത്ത മാസം ഭക്തർ ഇവിടെ കൂട്ടമായി എത്തുമത്രെ! ഇറിഗേഷനൊക്കെ ഇന്ദ്രൻ്റെ ഡിപ്പാർട്ട്മെൻ്റാണ്.
പന്നിത്തല നിവേദ്യം
നമ്മുടെ നാട്ടിൽ പക്കാ വെജിറ്റേറിയൻസായ ദേവൻമാരൊക്കെ ഇവിടെ എന്തും തിന്നും. പന്നി മുതൽ പാമ്പുവരെ എന്തും. ഇല്ലെങ്കിൽ പട്ടിണി കിടന്ന് ചാവുമെന്ന് അവർക്കറിയാം. ക്ഷേത്രങ്ങളിൽ ബുദ്ധമതക്കാർ പുഷ്പങ്ങൾ നിവേദിക്കുമ്പോൾ ഹിന്ദുക്കൾ നിവേദിക്കുന്നത് പന്നിത്തലയാണ്. വൻബുദ്ധപ്രതിമക്കു മുന്നിൽ തോലുപൊളിച്ച് വെളുപ്പിച്ചു വെച്ചിരിക്കുന്ന പന്നിത്തലകൾ പലേടത്തും ഞങ്ങൾ കണ്ടു. ദേവൻമാരൊക്കെ അന്താരാഷ്ട്ര ദൈവങ്ങളായിട്ടും അവരുടെ ഭക്തർ ഇപ്പോഴും ലോക്കൽസ് തന്നെ. അതുകൊണ്ടാണല്ലോ ആചാര ശുദ്ധിയുടെ പേരിൽ ഇന്നും പോരടിക്കുന്നത്.
പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളും കണ്ടു കഴിഞ്ഞു. സാധാരണയാത്രക്കാർ അങ്കോർ വാട്ട് കണ്ടു കഴിഞ്ഞാൽ തൊട്ടടുത്ത ഒന്നോ രണ്ടോ ക്ഷേത്രങ്ങൾ കൂടി കണ്ട് മടങ്ങുകയാണ് പതിവ്. ഞങ്ങൾ മുഴുവൻ നിർമിതികളും പിന്നിട്ടു. പല ക്ഷേത്രങ്ങളുടേയും പുനരുദ്ധാരണം ഏറ്റെടുത്ത് ചെയ്യുന്നത് ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയാണ്. പലതും സംരക്ഷിച്ചു കൊണ്ടിരിക്കുന്നതും നമ്മൾ തന്നെ. അതിൻ്റെ ഒരു സ്നേഹം അവർക്ക് നമ്മളോടുണ്ടുതാനും.
നവംബർ മുതൽ ജനുവരി വരെയാണ് കംബോഡിയയിലെ തണുപ്പുകാലമെന്ന് ചുൻ പറഞ്ഞു. ഏതായാലും ഞങ്ങൾ തിരഞ്ഞെടുത്ത സമയം അൽപംതെറ്റിപ്പോയെന്ന് ബോധ്യമായി. ഉച്ചയോടെ ദാഹിച്ചു തളർന്നാണ് ഞങ്ങൾ റൂമിലെത്തിയത്. 14 ദിവസത്തോളം നീണ്ട യാത്ര ഏറെക്കുറേ ഇവിടെ അവസാനിക്കുകയാണ്. അടുത്ത ദിവസം സീം റീപ്പിലെ വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്കിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും യാത്രയാവും.
One thought on “CAMBODIA: മഹാത്ഭുതങ്ങളിലേക്ക് ഒരു ഓട്ടോ യാത്ര”