തമിഴ്നാട്ടിലെ സേലം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് യേർക്കാട് (Yercaud). പൂർവഘട്ട മലനിരകളുടെ ഭാഗമായ ഷെവ്റോയ് ഹിൽസ് എന്നറിയപ്പെടുന്ന സെർവരായൻ കുന്നുകളിലാണ് ഈ സ്ഥലം. തടാകം എന്നർത്ഥം വരുന്ന തമിഴ് പദമായ യേരിയും കാടും ചേർന്നാണ് യേർക്കാട് എന്ന പേരുണ്ടായത്. ഊട്ടിക്കു (Ooty) സമാനമായ പ്രകൃതിയും കാലാവസ്ഥയുമുള്ളതു കാരണം പാവങ്ങളുടെ ഊട്ടി എന്നും അറിയപ്പെടുന്നു. ഊട്ടിയിലേതു പോലെ എല്ലാ വർഷവും മേയ് മാസത്തിൽ ഇവിടെ സമ്മർ ഫെസ്റ്റിവലും നടന്നു വരുന്നു. മേയ് അവസാന വാരത്തിലാണിത്. പുഷ്പ മേള, ഡോഗ് ഷോ, ബോട്ട് റേസ് തുടങ്ങി ഒട്ടേറെ പരിപാടികൾ ഇതോടനുബന്ധിച്ച് നടക്കും.
സേലത്തു നിന്ന് 30 കിലോമീറ്ററോളമാണ് യേർക്കാട്ടേക്കുള്ള ദൂരം. തമിഴ്നാട് ട്രാൻസ്പോർട്ട് വകുപ്പിന്റെ നിരവധി ബസ് സർവീസുകളുണ്ട് ഇവിടേക്ക്. 20 ഹെയർപിൻ വളവുകളുള്ള മനോഹരമായ പാതയിലൂടെ മല കയറിയാണ് ഇവിടെ എത്തിച്ചേരുക. ഈ യാത്ര, പ്രത്യേകിച്ച് സ്വന്തമായി ഡ്രൈവ് ചെയ്യുന്നവർക്ക് മികച്ച ഒരനുഭവമാകും.
കാപ്പി തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും മനോഹരമായ മലനിരകളും തടാകവും താഴ്വരകളുമെല്ലാമാണ് ഇവിടെ ഉള്ളത്. അഞ്ചു കിലോമീറ്റർ ദൂരത്തിനുള്ളിൽ എത്തിച്ചേരാവുന്ന വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടിവിടെ. ഓറഞ്ച്, പേരക്ക, കിവി, ശീതപ്പഴം, പിയർ തുടങ്ങിയ പഴങ്ങളും കാപ്പിയും കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുമാണ് യേര്‍ക്കാടിലെ പ്രധാന കൃഷികൾ. യേർക്കാട് തടാകം, കരടി ഗുഹ, പഗോഡ പിരമിഡ്, ബൊട്ടാനിക്കൽ ഗാർഡൻ, ബെൽ റോക്ക്, ലേഡീസ് സീറ്റ് വ്യൂ പോയിന്റ്, സമുദ്ര നിരപ്പിൽ നിന്നും 5326 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സെര്‍വരായൻ ക്ഷേത്രവുമെല്ലാം ചേർന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് യേർക്കാട്.
യേർക്കാട് തടാകം
കുന്നുകളാൽ ചുറ്റപ്പെട്ട മനോഹരമായ തടാകമാണിത്. ദക്ഷിണേന്ത്യയിലെ ഹിൽ സ്റ്റേഷൻ തടാകങ്ങളിൽ പ്രകൃതിദത്തമായ ഏക തടാകമാണ് ദി ബിഗ് ലേക്ക് എന്ന യേർക്കാട് തടാകം. ഇവിടെ ഒരു ഫ്ളോട്ടിങ് ജലധാരയും ബോട്ടിങുമുണ്ട്. ഒരു വശത്ത് മനോഹരമായ പാർക്കുമുണ്ട്. ഡിയർ പാർക്കും മിനി മൃഗശാലയും തടാകത്തോട് ചേർന്നുണ്ട്. 8 പേരടങ്ങുന്ന സംഘത്തിന് 320 രൂപയും നാലു പേർക്ക് 110 രൂപയും രണ്ടു പേർക്ക് 80 രൂപയുമാണ് ബോട്ടിങ് നിരക്ക്. ചുറ്റുമുള്ള മലനിരകളിലെ ഓക്ക് മരങ്ങളും ചന്ദനവും നിറഞ്ഞ വനം സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ്.
ലേഡീസ് സീറ്റ്
മലമുകളിൽ പല വ്യൂ പോയിന്റുകളുണ്ട്. ഇതിലേറ്റവും പ്രശസ്തമാണ് ലേഡീസ് സീറ്റ്. കാവേരി നദിയിലെ മേട്ടൂർ ഡാമിന്റെയും സേലം നഗരത്തിന്റേയും മനോഹരമായ കാഴ്ച ഇവിടെ നിന്നാൽ ലഭിക്കും. ഇവിടെ നിന്നുള്ള മനോഹര കാഴ്ചകൾ ആസ്വദിക്കാൻ ഒരു ഇംഗ്ലീഷുകാരി ഈ പാറയിൽ പതിവായി വന്നിരിക്കാറുണ്ടായിരുന്നു. ഇങ്ങനെയാണ് ഈ പാറയ്ക്ക് ലേഡീസ് സീറ്റ് എന്ന പേരു വന്നതെന്ന് പറയപ്പെടുന്നു. ഇതിനു പുറമെ ജെൻസ് സീറ്റ്, ചിൽഡ്രൻസ് സീറ്റ് എന്നീ പേരുകളുള്ള പാറകളും ഇവിടെയുണ്ട്. ഷെവറോയ് കുന്നുകളുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായാണ് ഈ പാറക്കൂട്ടങ്ങൾ. മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ ദൂരദർശിനി സജ്ജീകരിച്ചിരിക്കുന്ന ഒരു വാച്ച് ടവറും ഇവിടെയുണ്ട്.
കരടി ഗുഹ
ഏർക്കാഡ് സന്ദർശിക്കുന്ന ഏതൊരു വിനോദസഞ്ചാരിയും തീർച്ചയായും കാണേണ്ട ഒന്നാണ് നോർട്ടൺ ബംഗ്ലാവിന് സമീപമുള്ള കരടി ഗുഹ. സെർവരോയൻ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ ഒരു സ്വകാര്യ കോഫി എസ്റ്റേറ്റിലാണ് കരടി ഗുഹ സ്ഥിതിചെയ്യുന്നത്. പ്രവേശനത്തിന് അനുമതി വാങ്ങണം. ഈ കോഫി എസ്റ്റേറ്റ് ബംഗ്ലാവിന് സമീപമുള്ള ഗുഹകളിൽ കരടികൾ വസിച്ചിരുന്നു എന്ന് പറയപ്പെടുന്നു. ഇങ്ങനെയാണ് ഇതിന് കരടി ഗുഹ എന്ന് പേരുവന്നത്.
പഗോഡ പിരമിഡ്
ഇത് യേർക്കാടിലെ മറ്റൊരു വ്യൂ പോയിന്റാണ്. പിരമിഡ് മാതൃകയിലുള്ള നാലു പാറകളുടെ ശിൽപ്പമാണിത്. ഗോത്രവർഗക്കാരുടെ സൃഷ്ടിയാണിതെന്ന് കരുതപ്പെടുന്നു. ഇവിടെ ഒരു ക്ഷേത്രവുമുണ്ട്.
സെർവരായൻ ഗുഹാ ക്ഷേത്രം
യേർക്കാടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് സെർവരായൻ ഗുഹാ ക്ഷേത്രം. കുനിഞ്ഞോ നാലു കാലിൽ ഇഴഞ്ഞു നീങ്ങിയോ മാത്രമെ ഈ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാനാവൂ. അകം ഒരു ഗുഹയാണ്. സെർവരായനാണ് ദേവ പ്രതിഷ്ഠ. കാവേരിയാണ് ദേവി പ്രതിഷ്ഠ. മേയ് മാസം ഏഴ് ദിവസം നീളുന്ന ഉത്സവവും ഇവിടെ നടക്കും. ഈ സീസണിൽ സന്ദർശകരും വർധിക്കും. സന്ദർശന സമയം രാവിലെ 6 മുതൽ വൈകീട്ട് 8 വരെ.
ബൊട്ടാനിക്കൽ ഗാർഡനും ബെൽ റോക്കും
ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള പൂന്തോപ്പാണിത്. വിവിധയിനം ഓർക്കിഡുകൾ, ഗ്രീൻ റോസ്, പ്രാണികളെ ഭക്ഷിക്കുന്ന അസ്പരാഗസ് ചെടി, നീലക്കുറിഞ്ഞി തുടങ്ങി ഒട്ടേറെ പുഷ്പങ്ങളും ചെടികളും ഇവിടെ ഉണ്ട്. കല്ലു കൊണ്ട് ഇടിച്ചാൽ മണി മുഴങ്ങുന്ന ശബ്ദം കേൾക്കാവുന്ന പാറയായ ബെൽ റോക്ക് ആണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.
യേർക്കാട് നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള കിളിയൂർ വെള്ളച്ചാട്ടം മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമാണ്. മഴക്കാലം കഴിഞ്ഞുള്ള സമയമാണ് ഇവിടെ സന്ദർശിക്കാൻ ഉചിതം. ഫ്രഞ്ച് ശിൽപകലയിൽ നിർമിച്ച മോണ്ട്ഫോർട്ട് സ്കൂൾ മറ്റൊരു ആകർഷണമാണ്.