✍🏻 ഡോ. ഒ കെ അബ്ദുൽ അസീസ്
തണുപ്പ് സീസണിനെ സന്തോഷത്തോടെ കാണുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ തണുപ്പുകാലം എത്തുന്നതോടെ വർധിക്കുന്ന ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ളവർ തണുപ്പുകാലം എന്ന് കേൾക്കുമ്പോഴേക്കും അസ്വസ്ഥരാക്കുന്നത് നാം കാണാറുള്ളതാണ്. പ്രധാനപ്പെട്ട തണുപ്പുകാല രോഗങ്ങൾ ഏതൊക്കെ എന്ന് നോക്കാം.
ജലദോഷം
വളരെ പെട്ടെന്ന് പിടിപെടുന്ന നിസ്സാരമായ ഒരു രോഗാവസ്ഥയാണ് ജലദോഷം. സാധാരണ ജലദോഷം വരാതെ നോക്കാൻ സ്ഥിരമായും തുടർച്ചയായും കൈകഴുകുന്ന ശീലം ഉണ്ടായാൽ മതി. അങ്ങനെ കൈ കഴുകുന്നത് കൊണ്ട് നമ്മുടെ കൈളിൽ പതിഞ്ഞ ജലദോഷത്തിന് കാരണമാകുന്ന അണുക്കളെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കാതെ നോക്കാൻ കഴിയും. വീട്ടുസാധനങ്ങൾ ആയ കപ്പ്, പാത്രം, ടവ്വൽ തുടങ്ങിയവ പ്രത്യേകം വൃത്തിയാക്കി സൂക്ഷിക്കേണ്ടതും ആവശ്യമാണ്. പ്രത്യേകിച്ചും വീട്ടിൽ കോൾഡ് പിടിപെട്ടവർ ഉള്ള സമയത്ത്. അതുപോലെ കോൾഡ് പിടിപെട്ടാൽ ഹാൻഡ് കർച്ചീഫ് ഉപയോഗിക്കുന്നതിനു പകരം ഡിസ്പോസിബിൾ ടിഷ്യു ഉപയോഗിക്കുന്നതാണ് പകർച്ച തടയാൻ ഏറ്റവും അഭികാമ്യം.
തൊണ്ടവേദന
ഇന്ന് തണുപ്പുകാലത്ത് ഏറ്റവും സാധാരണമായി കണ്ടുവരുന്ന ഒന്നാണ് തൊണ്ടവേദന. അന്തരീക്ഷത്തിലെ താപനിലയിലെ പെട്ടെന്നുള്ള വ്യതിയാനവും ഈർപ്പത്തിൻറെ അളവിലുള്ള ഏറ്റക്കുറച്ചിലും എല്ലാം ഇത്തരം തൊണ്ടവേദന പെട്ടെന്ന് പിടിപെടുന്നതിന് കാരണമായി കരുതുന്നു. സാധാരണ തൊണ്ടവേദനയകറ്റാൻ ഏറ്റവും ഈസിയായ ഒരു പ്രതിരോധ മാർഗമാണ് ഉപ്പിട്ട ചൂടുവെള്ളം കവിൾകൊള്ളുക എന്നത്.
ആസ്തമ
തണുപ്പും കാറ്റും മഞ്ഞും ഉള്ള സമയത്ത് ആസ്ത്മ രോഗികൾ ഏറെ ബുദ്ധിമുട്ടുന്നത് കാണാം. ഇത്തരം ആളുകൾ ശ്രദ്ധിക്കേണ്ടത് മരുന്ന് മുടക്കമില്ലാതെ തുടരുകയും തണുപ്പുള്ള സമയത്ത് പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക എന്നതാണ്. അതുപോലെ തന്നെ തണുത്ത കാറ്റടിക്കുന്ന സമയങ്ങളിൽ ചെവി മൂക്ക് കഴുത്ത് നെഞ്ച് ഭാഗങ്ങൾ ഏതെങ്കിലും തരത്തിൽ മറക്കുന്നത് നന്നായിരിക്കും.
സന്ധിവേദന
തണുപ്പുകാലത്ത് പൊതുവേ ആർത്രൈറ്റിസ് രോഗമുള്ളവർ പറയുന്ന ഒന്നാണ് വേദന അധി കരിക്കുന്നു എന്നത്. ഇതിനുള്ള ഒരു പ്രതിരോധ മാർഗം ചെറിയ രൂപത്തിലുള്ള വ്യായാമമുറകൾ ഈ സമയത്ത് പ്രത്യേകം ശീലമാക്കുക എന്നതാണ്. അതുപോലെ വേദന കുറക്കുന്നതിന് ബാമുകൾ, ഓയിലുകൾ പോലെയുള്ളവ പുരട്ടി മസാജ് ചെയ്യുന്നതും ചൂട് പിടിക്കുന്നതും ഗുണപ്രദമാണ്.
ചർമ വരൾച്ച
ചർമം വരളുന്നത് തണുപ്പുകാലത്ത് അധികം പേരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ്. ഇതിന് മോയിസ്ചറൈസിംഗിന് ആവശ്യമായവ ചെയ്യുക എന്നത് അത്യാവശ്യമാണ്. മോയിസ്ചറൈസിംഗ് ക്രീം പുരട്ടുന്നതോടെ നമ്മുടെ തൊലിപ്പുറത്ത് ഒരു നേർത്ത പാളി രൂപപ്പെടുകയും ഇത് ശരീരത്തിലെ ഈർപ്പം ബാഷ്പീകരിച്ചു പോകുന്നത് തടയുകയും ചെയ്യുന്നു. മോയിസ്ചറൈസിംഗ് ക്രീമുകൾ പുരട്ടുന്നതിന് ഏറ്റവും പറ്റിയ സമയം കുളി കഴിഞ്ഞ ശേഷം ചെറിയ ഈർപ്പം ഉള്ള സമയമാണ്. അതുപോലെ രാത്രി കിടക്കുന്ന സമയവും. കുളിക്കുന്ന സമയത്ത് കൂടുതൽ ചൂടുള്ള വെള്ളം ഉപയോഗിക്കാതെ അത്യാവശ്യമെങ്കിൽ വളരെ നേരിയ ചൂടുള്ള വെള്ളം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ഫ്ലൂ അഥവാ ഇൻഫ്ലുവൻസ
ചില ആളുകൾക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് ഇൻഫ്ലുവൻസ. പ്രത്യേകിച്ചും പ്രായമായവരിലും കിഡ്നിരോഗം ഉള്ളവരിലും ഷുഗർ രോഗികൾക്കും അതുപോലെ COPD പോലെയുളള ശ്വാസകോശ രോഗം ഉള്ളവർക്കും ഇത് തുടക്കത്തിലേ ശ്രദ്ധിച്ച് വേണ്ട പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം.