മനോഹരമായ കാഴ്ചകള്‍ ആവോളമുണ്ട് ദുബൈയിലെ ലാ മെര്‍ ബീച്ചിൽ. ഇവിടുത്തെ പ്രധാന ആകര്‍ഷണീയത മനോഹരമായി അണിയിച്ചൊരുക്കിയ കടൽതീരവും പരമ്പരാഗത രീതിയിൽ നിർമിച്ച പാര്‍ക്കുമാണ്. ഒഴിവു സമയങ്ങളിലും ആഘോഷ ദിവസങ്ങളിലും വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും അല്ലാത്തവരുമായ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. മികച്ചൊരു ബീച്ച് ഷോപ്പിങ് അനുഭവം നൽകുന്ന നിരവധി ഷോപ്പുകള്‍ ഇവിടെയുണ്ട്. ഒരു പക്ഷെ ദുബൈയിൽ എറ്റവും കൂടുതൽ ചുവർചിത്രങ്ങൾ കൊണ്ട് അലങ്കരിച്ച ഒരിടം ഇതായിരിക്കും. ഇവിടുത്തെ ഗ്രഫിറ്റി കലാസ്വാദകർക്ക് നല്ലൊരു കാഴ്ചയാണ്.
ജുമൈറ വൺ ജില്ലയിലാണ് ലാ മെർ ദുബായ് ബീച്ച് സ്ഥിതിചെയ്യുന്നത്. കടൽതീരം മുഴുനീളെ അറേബ്യൻ കടലിടുക്കിന്റെയും ദുബായ് നഗരത്തിലെ അംബരചുംബികളുടേയും മനോഹരമായ കാഴ്ചകളാണ്.ഒരു റിലാക്സേഷൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും ലാ മെർ ബീച്ചിലേക്ക് പോകുക, സൂര്യനെ ആസ്വദിക്കുക, സ്വർണ്ണത്തരിമണലിൽ നീണ്ടു നിവർന്നു കിടക്കുക അല്ലെങ്കിൽ ഒരു ഊഞ്ഞാലിൽ ആടിയുലയുക
വാട്ടർ തീം പാർക്കുകൾ, കുട്ടികളുടെ പാർക്ക്, സ്‌മോക്കി ബീച്ച്, ഫുഡ് സ്റ്റാളുകള്‍, ബീച്ച് സ്‌പോർട്‌സ് തുടങ്ങി ഉല്ലാസത്തിനായി അനവധി സംവിധാനങ്ങൾ ഇവിടെ ഗംഭീരമായി തന്നെ ഒരുക്കിയിരിക്കുന്നു. ഇരിപ്പിടങ്ങളും ഷോപ്പുകളും തടികൊണ്ട് നിർമിച്ചതുകൊണ്ടുതന്നെ പഴയമയുടെ പ്രൗഡി ഇവിടം മുറ്റി നിൽക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും. ഇവിടേക്ക് പ്രവേശിക്കാൻ ടിക്കറ്റോ മറ്റ് ചാർജുകളോ ഇല്ല. എന്നാല്‍ കാറുമായി വരുന്നവര്‍ പാര്‍ക്കിംഗ് ഫീ നല്‍കണം.
ഗ്രാഫിറ്റി വർക്കുകളും കടൽ കരയെ തഴുകിപ്പോകുന്ന രീതിയിൽ സർഫ്ബോർഡുകളും, തകർന്ന ബോട്ടുകളും, മണലിൽ മുങ്ങി തുരുമ്പിച്ച നങ്കൂരങ്ങളും, കയറുകളും ഡ്രിഫ്ട് വുഡുകളും ഒപ്പം മനോഹരമായി അലങ്കരിച്ച സൈൻബോർഡുകളും ലാ മെർ ബീച്ചിന് വന്യമായ ഒരു പ്രാചീന സൗന്ദര്യം നൽകുന്നു. വൈകുന്നേരങ്ങളില്‍ ബീച്ചിന്റെ സൗന്ദര്യം ഇത്തിരി കൂടും. പഴമ മുനിഞ്ഞ് കത്തുന്ന റാന്തൽ വിളക്കുകളാണ് കൂടുതലും ഇവിടെ തെളിയുന്ന ലൈറ്റുകൾ. ഇവ കത്തി നിൽക്കുന്നത് വ്യത്യസ്തമായൊരു കാഴ്ചാ അനുഭവം തന്നെ സമ്മാനിക്കും. മിറാസ് ഗ്രൂപ്പാണ് ഈ ബീച്ചിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.