വാഗമണ്‍. കോലാഹലമേട്ടിലെ വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലെ പുതിയ ആകര്‍ഷണമായ ഇന്ത്യയിലെ ഏറ്റവും വലിയ കാന്റിലിവര്‍ ഗ്ലാസ് ബ്രിഡ്ജില്‍ (VAGAMON GLASS BRIDGE) വാരാന്ത്യങ്ങളില്‍ പ്രതീക്ഷിച്ചതിലേറെ സന്ദര്‍ശകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തുടക്കത്തില്‍ പരിമിതമായ സൗകര്യങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ കൂടുതല്‍ സൗകര്യങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി ക്കൊണ്ടിരിക്കുകയാണ്. ടിക്കറ്റ് നിരക്ക് 500 രൂപയില്‍ നിന്നും 250 രൂപയാക്കി കുറച്ചതോടെയാണ് സന്ദര്‍ശകരുടെ ഒഴുക്ക് കൂടിയത്.
ടിക്കറ്റിലെ സമയം പുതിയ ക്രമീകരണം
രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു വരെയാണ് കണ്ണാടിപ്പാലം പ്രവര്‍ത്തിക്കുക. സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചതോടെ ടിക്കറ്റ് കൗണ്ടര്‍ പാര്‍ക്കിലെ കൂടുതല്‍ സൗകര്യമുള്ള മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി ടിക്കറ്റില്‍ സമയവും രേഖപ്പെടുത്തുന്ന പുതിയ രീതി ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റെടുക്കുന്നവര്‍ക്ക് അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ചില്ലു പാലത്തില്‍ എത്തിയാല്‍ മതിയാകും. ഒരാള്‍ക്ക് അഞ്ചു മുതല്‍ ഏഴു മിനിറ്റ് സമയം വരെ പാലത്തില്‍ ചിലവഴിക്കാം. ഒരു സമയം പരമാവധി 15 പേരേയാണ് പാലത്തിലേക്ക് പ്രവേശിപ്പിക്കുക. ഒരു ദിവസം ആയിരത്തോളം പേരെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് പുതിയ ക്രമീകരണങ്ങള്‍. ആദ്യമെത്തുന്ന ആയിരം പേര്‍ക്ക് ടിക്കറ്റ് ലഭിക്കും.
പ്രവേശന നിരക്ക് കുറച്ചതിനാല്‍ ഞായറാഴ്ചകളില്‍ വലിയ തരിക്കാണിപ്പോള്‍. ഇതുവരെ 11,159 പേര്‍ പാലം കയറി. ഇവരില്‍ 8,049 പേരുമെത്തിയത് ടിക്കറ്റ് നിരക്ക് 250 രൂപയാക്കി കുറച്ചതിനു ശേഷമാണ്. ഇതുവരെ 35.67 ലക്ഷം രൂപ വരുമാനമായി ലഭിച്ചു. മൂന്ന് കോടി ചെലവിലാണ് വാഗമണിൽ ചില്ലു പാലം നിര്‍മിച്ചത്.
സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്:
- സുരക്ഷാ കാരണങ്ങളാല്‍ 15 പേരെ മാത്രമെ ഒരു സമയം പാലത്തില്‍ അനുവദിക്കൂ.
- മഴ പെയ്താല്‍ പാലം അടച്ചിടും. ഈ സമയത്ത് തിരക്കുണ്ടാകാന്‍ സാധ്യതയേറെയാണ്.
- സഞ്ചാരികള്‍ക്ക് മഴയും വെയിലും കൊള്ളാതെ നില്‍ക്കാവുന്ന വെയിറ്റിങ് ഷെല്‍ട്ടര്‍ ഒരുക്കിയിട്ടുണ്ട്.
- ഓണ്‍ലൈന്‍ ടിക്കറ്റ് നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നതും ഡിടിപിസിയുടെ പരിഗണനയിലുണ്ട്.