തായിഫ്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ റോസാപ്പൂ ഉല്‍പ്പാദന കേന്ദ്രമായ, സൗദി അറേബ്യയിലെ തായിഫില്‍ നടക്കുന്ന റോസ് ഫെസ്റ്റിവല്‍ മേയ് അഞ്ചിന് അവസാനിക്കും. വിവിധ പരിപാടികളോടെയാണ് ഈ വാര്‍ഷിക പുഷ്‌പോത്സവം സൗദി അറേബ്യയുടെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നത്.
ഇത്തവണ റോസ് ഫെസ്റ്റിവലിന്റെ ഭാഗമായി തായിഫില്‍ നിന്നും അല്‍ റദഫ് പാര്‍ക്ക് വരെ റോസ് പരേഡുമുണ്ടായിരുന്നു. വിപണനം, ലൈറ്റ് ഷോ, കുട്ടികളുടെ കളിസ്ഥലം തുടങ്ങി ഒട്ടേറെ ആക്റ്റിവിറ്റികളും മേളയോടനുബന്ധിച്ച് ഒരുക്കിയിരുന്നു. മേളയുടെ ഭാഗമായി തായിഫ് റോസ് ഉള്‍പ്പെടുത്തിയ സവിശേഷ രുചിവഭവങ്ങളും പ്രാദേശിക ഷെഫുമാര്‍ പരിചയപ്പെടുത്തുന്നുണ്ട്.
900ഓളം റോസാപ്പൂ തോട്ടങ്ങളില്‍ നിന്ന് മാര്‍ച്ച്-എപ്രില്‍ സീസണില്‍ 30 കോടി റോസ് പുഷ്പങ്ങളാണ് തായിഫില്‍ മാത്രം വിളവെടുക്കുന്നത്. തായിഫ് ഗവർണറേറ്റിലെ സരവത് മലനിരകളിലെ റോസ് കൃഷിയിടങ്ങളിൽ നിന്ന് പ്രതിവർഷം 55 കോടി റോസാപ്പൂക്കളാണ് വിളവെടുക്കുന്നത്. സൗദി വിപണിക്ക് ഇത് 64 ദശലക്ഷം റിയാൽ നേടിക്കൊടുക്കുന്നു. തായിഫിൽ നിന്നുള്ള റോസാ പൂക്കൾ ലോകത്തെ മുന്‍നിര പെര്‍ഫ്യൂം ഉല്‍പ്പാദകരിലെത്തുന്നു. റോസ് വാട്ടര്‍ ഉല്‍പ്പാദനത്തിനും ഇവ വന്‍തോതില്‍ ഉപയോഗിക്കുന്നു. റോസാപ്പൂ വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായ തായിഫിനെ സിറ്റി ഓഫ് റോസസ് എന്നാണ് വിശേഷിപ്പിക്കുന്നത്.