ന്യൂദല്‍ഹി. വ്യോമ ഗതാഗതത്തിനും വിനോദ സഞ്ചാരത്തിനും തടയിട്ട കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യയിലെ ആഭ്യന്തര വ്യോമഗതാഗത മേഖല പൂര്‍വ്വസ്ഥിതിയിലേക്ക് അതിവേഗം തിരിച്ചെത്തുന്നു. ഏപ്രില്‍ 30ന് വിമാന ഇന്ത്യയിൽ 4,56,082 പേരാണ് ആഭ്യന്തര വിമാന യാത്ര നടത്തിയത്. കോവിഡിനു ശേഷം ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന എണ്ണമാണിത്. രാജ്യത്തുടനീളം പ്രതിദിനം ടേക്ക് ഓഫ് ചെയ്യുന്നത് 2,978 വിമാനങ്ങളാണ്. ആഭ്യന്തര വിമാന യാത്രക്കാരുടെ കുതിച്ചുയരുന്ന എണ്ണം പ്രതിഫലിപ്പിക്കുന്നത് ഇന്ത്യയുടെ വളര്‍ച്ചയെ ആണെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
2023ലെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 3.75 കോടി യാത്രക്കാരാണ് വിവിധ എയര്‍ലൈനുകളില്‍ യാത്ര ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനയെന്ന് ഡിജിസിഎ (Directorate General of Civil Aviation) കണക്കുകള്‍ പറയുന്നു.
രണ്ടു വര്‍ഷമായി വ്യോമയാന രംഗത്ത് വളര്‍ച്ചയെ ഉണ്ടായിരുന്നില്ലെന്ന് പ്രമുഖ ഏവിയേഷന്‍ വിദഗ്ധനായ മാര്‍ക്ക് മാര്‍ട്ടിനെ ഉദ്ധരിച്ച് ബിബിസി റിപോര്‍ട്ട് ചെയ്യുന്നു. കോവിഡ് മഹാമാരിക്കു ശേഷം ആദ്യ വിമാനയാത്ര നടത്തുന്നവരുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്കിന്റെ രണ്ടിരട്ടിയാണ് ഇന്ത്യയിലെ വ്യോമ ഗതാഗതത്തിന്റെ വളര്‍ച്ച.