ഒറ്റ ടൂറിസ്റ്റ് വീസയിൽ ഗൾഫ് രാജ്യങ്ങളെല്ലാം കറങ്ങാം; ഷെൻഗൻ മാതൃകയിൽ വിസ വരുന്നു

ദുബയ്. ഒറ്റ വീസയിൽ ഗൾഫ് രാജ്യങ്ങളെല്ലാം സന്ദർശിക്കാൻ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വീസ അവതരിപ്പിക്കുന്ന കാര്യം ഗൾഫ് കോഓപറേഷൻ കൗൺസിൽ (GCC) രാജ്യങ്ങളുടെ സജീവ പരിഗണനയിൽ. ഗൾഫ് മേഖലയിൽ വിനോദ സഞ്ചാരികൾക്ക് കൂടുതൽ സ്വതന്ത്രമായി യാത്രയ്ക്ക് അവസരമൊരുക്കുന്നതിനുള്ള മന്ത്രിതല ചർച്ചകൾ ജിസിസി രാജ്യങ്ങൾക്കിടയിൽ പുരോഗമിക്കുകയാണ്. ദുബയിൽ നടന്നു വരുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഒരു പാനൽ ചർച്ചയിൽ സംസാരിക്കവെ ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് യാഥാർത്ഥ്യമായാൽ 27 യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാവുന്ന ഷെൻഗൻ (Shengen) വിസ മാതൃകയിൽ ഒറ്റ ടൂറിസ്റ്റ് വീസയിൽ സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങൾ സന്ദർശിക്കാൻ വഴിയൊരുങ്ങും.

ജിസിസിയിൽ ഏകീകൃത ടൂറിസ്റ്റ് വീസ സൗകര്യം നിലവില്‍ വന്നാല്‍ മേഖലയിലെ എല്ലാ രാജ്യങ്ങളിലും ടൂറിസം രംഗത്ത് വലിയ കുതിപ്പുണ്ടാകും. “യൂറോപ്പിലേക്ക് പോകുന്ന ആളുകൾ സാധാരണ ഒരു രാജ്യത്തേക്കാൾ നിരവധി രാജ്യങ്ങളിൽ സമയം ചെലവഴിക്കുന്നു. ഇത് ഓരോ രാജ്യത്തിനും നൽകുന്ന മൂല്യം ഞങ്ങൾ ശരിക്കും മനസ്സിലാക്കുന്നു. യുഎഇക്കും സഊദി അറേബ്യക്കുമൊപ്പം പ്രവർത്തിക്കുന്നതിൽ ബഹ്റൈന് നേട്ടമുണ്ട്,” ജിസിസി യാത്രയുടെ ഭാവി എന്ന വിഷയം സംബന്ധിച്ച് സംസാരിച്ച മന്ത്രി ഫാത്തിമ പറഞ്ഞു.

സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് വിനോദ സഞ്ചാര മേഖലയുടെ പങ്ക് സുപ്രധാനമാണെന്ന് എല്ലാ ജിസിസി രാജ്യങ്ങളും വിശ്വസിക്കുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്ത യുഎഇ സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സാലിഹും വ്യക്തമാക്കി. ജിസിസി രാജ്യങ്ങൾക്ക് ഒരു പൊതു വിപണിയും ഏകീകൃത നയങ്ങളുമുണ്ട്. വിനോദ സഞ്ചാര മേഖലയിൽ, വളർച്ച സുഗമമാക്കുന്നതിനുള്ള നിയന്ത്രണങ്ങളും നയങ്ങളും നടപടിക്രമങ്ങളും നടപ്പാക്കി പ്രയോജനം നേടാനാകും. ഇപ്പോൾ ജിസിസിയിലേക്ക് ആളുകളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. അത് കാലക്രമേണ വർധിച്ചുക്കൊണ്ടിരിക്കുകയാണ്. സന്ദർശകർക്ക് നല്ല ഒരു അനുഭവം നൽകുകയാണെങ്കിൽ, ഒരു രാജ്യം സന്ദർശിക്കുന്നതിനുപകരം, അവരുടെ സന്ദർശനങ്ങൾ പരമാവധി വർധിപ്പിക്കുന്നതിനുള്ള നീക്കം ഉണ്ടാകും. അതിർത്തി കടന്നുള്ള യാത്ര സുഗമമാക്കുന്നതിലൂടെയും ജിസിസിയിലെ വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ ഒറ്റ പാക്കേജ് അവതരിപ്പിച്ചാൽ സന്ദർശകർ കൂടുതൽ സന്തുഷ്ടരാകും, അദ്ദേഹം പറഞ്ഞു.

സുസ്ഥിര ടൂറിസം ഉറപ്പാക്കുന്നതിന് ഏകീകൃത ജിസിസി ടൂറിസം നയം ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാലത്ത് യാത്രക്കാർ ഒരു രാജ്യത്തെക്കുറിച്ചല്ല, ഒരു പ്രദേശത്തെ ചിന്തിക്കുന്നതെന്ന് സഊദി അറേബ്യ ടൂറിസം അതോറിറ്റി സിഇഒ ഫഹദ് ഹമീദാദ്ദീൻ പറഞ്ഞു. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ നിന്ന് തങ്ങൾക്ക് വളരെയധികം പ്രയോജനം ലഭിച്ചു. ഇത് സംയുക്ത പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും എല്ലാവർക്കും പ്രയോജനം നേടാനും കഴിയുമെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Also Read അബു ദബി ഗൾഫിലെ ഏറ്റവും സ്മാർട് ആയ നഗരം

ജിസിസി രാജ്യങ്ങളില്‍ പ്രവാസികൾ ഉൾപ്പെടെ റെസിഡന്റ് വിസയുള്ള എല്ലാവര്‍ക്കും സൗദി അറേബ്യ ടൂറിസ്റ്റ് വീസ അനുവദിക്കുന്നുണ്ട്. ഇതിന് പ്രൊഫഷന്‍ ബാധകമല്ല. ഈ ടൂറിസ്റ്റ് വീസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാനും അനുമതിയുണ്ട്.

One thought on “ഒറ്റ ടൂറിസ്റ്റ് വീസയിൽ ഗൾഫ് രാജ്യങ്ങളെല്ലാം കറങ്ങാം; ഷെൻഗൻ മാതൃകയിൽ വിസ വരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed