കൊച്ചി: ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റോഡിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. 42 കിലോമീറ്റര്‍ റോഡ് ഉന്നത നിലവാരത്തിലാണ് വീതികൂട്ടി പുനര്‍നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ദേശീയപാതയിലൂടെയുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. വിനോദസഞ്ചാര മേഖലക്കും ഗുണമാകും. പുനര്‍നിര്‍മ്മിച്ച പാതയുടെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ സൗകര്യം കണക്കിലെടുത്ത് ഒരു മാസത്തിനകം നടത്താനാണ് ദേശീയപാത അധികൃതരുടെ തീരുമാനം. ജില്ലയിലെ ആദ്യ ടോള്‍ പാതയും ഇതാണ്.
വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസം
മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെ തീരെ ഇടുങ്ങിയ റോഡായിരുന്നു. നാല് മീറ്റര്‍ മാത്രമായിരുന്നു വീതി, തമിഴ്നാട്ടില്‍നിന്ന് റോഡ് മാര്‍ഗം മൂന്നാറില്‍ എത്തുന്നവര്‍ക്ക് ഇതുവഴിയുള്ള യാത്ര വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്. ദേവികുളം ഗ്യാപ് റോഡിന്‍റെ ഭാഗത്ത് മണ്ണിടിഞ്ഞ് മാസങ്ങളോളം അപകടം ഉണ്ടാകുന്നത് പതിവായിരുന്നു. വിനോദസഞ്ചാരികളാണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്.
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഉന്നത നിലവാരത്തിലുള്ള റോഡിലൂടെയുള്ള യാത്ര മനോഹരമായിരിക്കും. ആനയിറങ്കല്‍ അണക്കെട്ട്, പെരിയകനാല്‍ വെള്ളച്ചാട്ടം, ഗ്യാപ് റോഡ് ലാക്കാട് വ്യൂ പോയിന്‍റ് തുടങ്ങിയ കാഴ്ചകള്‍ കണ്ടുകൊണ്ട് സുഖകരമായി യാത്രചെയ്യാം.