യാത്ര പ്ലാൻ ചെയ്യാം; ഈ മൺസൂൺ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും തുറന്നു

കനത്ത മഴയും മണ്ണിടിച്ചിലും കാരണം അപകട സാധ്യത മുൻനിർത്തി കേരളത്തിലെ പ്രധാന മൺസൂൺ ടൂറിസം (Monsoon Tourism) കേന്ദ്രങ്ങളിലെല്ലാം സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. പ്രധാനമായും വെള്ളച്ചാട്ടങ്ങളും മലയോര ടൂറിസം കേന്ദ്രങ്ങളുമാണ് ഏതാനും ദിവസത്തേക്ക് അടച്ചിരുന്നത്. മഴ മാറി വെയിൽ തെളിഞ്ഞതോടെ ഇവിടങ്ങളിലെല്ലാം വീണ്ടും പ്രവേശനം അനുവദിച്ചു. വീണ്ടും തുറന്ന പ്രധാന ടൂറിസം കേന്ദ്രങ്ങൾ ഇവയാണ്:

തെന്മല

തെന്മല ഇക്കോ ടൂറിസം കേന്ദ്രത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം പുനരാരംഭിച്ചു. രാജ്യത്തെ തന്നെ ആദ്യ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് തെന്മലയിലേത്. കൊല്ലം – ചെങ്കോട്ട റോഡും, തിരുവനന്തപുരം – ചെങ്കോട്ട റോഡും സന്ധിക്കുന്ന ഇടമാണ് തെന്മല. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി പരന്നു കിടക്കുന്ന മലനിരകളെ ബന്ധിപ്പിച്ച് 10 ഇടങ്ങളിലായാണ് തെന്മല പദ്ധതി. തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന പ്രകൃതി ജാലകമാണ് തെന്മലയിലേത്. തെന്മല ജലസംഭരണിയിൽ ബോട്ടിങും ഉണ്ട്.

പൊന്മുടി

തിരുവനന്തപുരം ജില്ലയിലെ മറ്റൊരു പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ് പൊന്മുടി. എല്ലാ സമയത്തും തണുപ്പുള്ള കാലാവസ്ഥയാണിവിടെ. കല്ലാർ കഴിഞ്ഞാൽ യാത്ര കാട്ടിലൂടെയാണ്. വഴിയിലുടനീളം മഴക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്നവ ഉൾപ്പെടെ നിരവധി വെള്ളച്ചാട്ടങ്ങളും നീർച്ചാലുകളും കാണാം. 22 ഹെയർപിൻ വളവുകൾ പിന്നിട്ടു വേണം ഇവിടെ എത്താം. ജില്ലയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡെസ്റ്റിനേഷൻ കൂടിയാണ്. പൊന്മുടിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ടോപ് സ്റ്റേഷൻ. എക്കോ പോയിന്റ്, ഗോൾഡൻ വാലി എന്നിവയാണ് പൊന്മുടിയിലെ പ്രധാന ആകർഷണങ്ങൾ. നെടുമങ്ങാട്, വിതുര, കല്ലാർ എന്നിവിടങ്ങളിൽ നിന്നെല്ലാം പൊന്മുടിയിലേക്ക് കെഎസ്ആർടിസി സർവീസുണ്ട്. കല്ലാർ, മീൻമുട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനം പുനരാരംഭിച്ചു. ജലാശയങ്ങളിൽ ഇറങ്ങുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്.

പാലരുവി

കൊല്ലം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ പാലരവി വെള്ളച്ചാട്ടത്തിലേക്കും പ്രവേശനം പുനരാരംഭിച്ചു. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് പ്രവേശനം അനുവദിക്കുക. 70 രൂപയാണ് ഫീസ്. ശക്തമായ ജലപാതം കാരണം പ്രധാന വെള്ളച്ചാട്ടത്തിൽ ഇറങ്ങി കുളിക്കാൻ അനുവദിക്കില്ല. നീരൊഴുക്ക് കുറഞ്ഞ് അപകടസാധ്യത ഇല്ലാതായാൽ പ്രവേശനം അനുവദിക്കും. സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിങ് ഏരിയ വരെ മാത്രമെ പ്രവേശനമുള്ളൂ. വനം ചെക്ക് പോസ്റ്റ് കടക്കാൻ അനുമതി ഇല്ല. വനംവകുപ്പിന്റെ വാഹനത്തിൽ പാലരുവി വരെ എത്തിക്കും. അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലെ നിയന്ത്രണവും ഭാഗികമായി നീക്കിയിട്ടുണ്ട്. പ്രധാന വെള്ളച്ചാട്ടത്തിൽ കുളിക്കാൻ അനുമതിയിെല്ലങ്കിലും സഞ്ചാരികളെ പ്രവേശിപ്പിക്കും. ജലപാതത്തിനുതാഴെ കുളി അനുവദിക്കും.

റാണിപുരം

കനത്ത മഴയെ തുടർന്ന് സഞ്ചാരികൾക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്ന കാസർകോട് ജില്ലയിലെ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പ്രവേശനം പുനരാരംഭിച്ചു. രാവിലെ 8 മണി മുതൽ വൈകീട്ട് 3 മണി വരെയാണ് ട്രെക്കിങ് സമയം. മൺസൂൺ ആസ്വദിച്ചുള്ള ട്രക്കിങും മഴ നടത്തവുമാണ് ഈ സീസണിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആക്ടിവിറ്റികൾ. സുരക്ഷിത ട്രക്കിങിന് പറ്റിയ ഇടമായതിനാൽ കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും ഏറേ പേർ കുടുംബ സമേതം ട്രക്കിനായി എത്തുന്ന ഇടം കൂടിയാണിത്. വനിതകൾ മാത്രം ഉൾപ്പെട്ട ടൂറിസ്റ്റ് സംഘങ്ങളും ഇവിടെ പതിവായി എത്തുന്നുണ്ട്. സ്വതന്ത്രവും സുരക്ഷിതവുമായി എത്താവുന്ന വിനോദ സഞ്ചാരകേന്ദ്രമെന്ന പേരും റാണിപുരത്തിനുണ്ട്. കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്‌. കടല്‍നിരപ്പില്‍ നിന്നും 750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിപുരമാണ്‌ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം. മുമ്പ്‌ മാടത്തുമല എന്നറിയപ്പെട്ടിരുന്ന ഇവിടം നിത്യഹരിത ചോലവനങ്ങളും വിശാലമായ പുല്‍മേടുകളും നിറഞ്ഞതാണ്‌.

നെല്ലിയാമ്പതി

രണ്ടു ദിവസത്തെ നിയന്ത്രണം അവസാനിച്ചതോടെ പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലും വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചു.

ഗവി

ഗവി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കും പ്രവേശനം പുനരാരംഭിച്ചു. കെഎസ്ആർടിസിയുടെ ഗവി പാക്കേജ് യാത്രകളും ആരംഭിച്ചു.

Legal permission needed