ഇടുക്കിയെ മിടുക്കിയാക്കുന്ന വെള്ളച്ചാട്ടങ്ങൾ; മിസ് ചെയ്യരുത് ഈ മൺസൂൺ കാഴ്ചകൾ

ഇടുക്കി മിടുക്കിയാകുന്ന കാലമാണ് മൺസൂൺ. മഴയിൽ ജലസമൃദ്ധമാകുന്ന ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ (Waterfalls in idukki) ഇടുക്കി ചുറ്റിയ വെള്ളിയരഞ്ഞാണങ്ങൾ കണക്കെ പലയിടത്തും പ്രത്യക്ഷപ്പെടും. ചെറുതും വലുതും പുറംലോകം അറിയുന്നതും പ്രദേശ വാസികൾക്ക് മാത്രം അറിയുന്നതുമായ നിരവധി നയനമനോഹര വെള്ളച്ചാട്ടങ്ങൾ കൊണ്ട് സമ്പന്നമാണ് ഇടുക്കി. ആർത്തലച്ചെത്തി കരിമ്പാറക്കെട്ടുകളിൽ പാൽ പോലെ പതഞ്ഞ്, വിദൂര കാഴ്ചയിൽ വെള്ളി രേഖകൾ പോലെ ഒഴുകിപ്പോകുന്ന ഇവ സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കും, തീർച്ച.

ജില്ലയിലെ ഏതു റൂട്ടിൽ യാത്ര ചെയ്താലും ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ചെറുതോ വലുതോ ആയ ഒരു വെള്ളച്ചാട്ടമെങ്കിലും ഈ സീസണിൽ കാണാം. മൺസൂണിൽ സജീവമാകുന്ന ഇടുക്കിയിലെ ഏതാനും വെള്ളച്ചാട്ടങ്ങളെ പരിചയപ്പെടാം. പ്രത്യേകം ശ്രദ്ധിക്കുക: പ്രധാന വിനോദ സഞ്ചാര കേന്ദ്രമല്ലാത്ത വെള്ളച്ചാട്ട പ്രദേശത്തൊന്നും അപകട മുന്നറിയിപ്പോ സുരക്ഷാ മുന്നറിയിപ്പുകളോ ഉണ്ടാകില്ല. കാഴ്ചയിൽ മനോഹരമാണെങ്കിലും അപകടങ്ങൾ പതിയിരിക്കുന്ന സ്ഥലങ്ങളാണെല്ലാം. സന്ദർശകർ സ്വയം സുരക്ഷ ഉറപ്പു വരുത്തുക.

ചീയപ്പാറ, വാളറ വെള്ളച്ചാട്ടം

മൂന്നാറിലേക്കുള്ള വഴിമധ്യേയാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ പാതയോരത്ത് തന്നെയാണ് ചീയപ്പാറ വെള്ളച്ചാട്ടം. നിബിഡമായ വനം, അപൂർവമായ സസ്യജാലങ്ങൾ, ഏഴു തട്ടുകളിലായി കുത്തിയൊലിച്ചെത്തുന്ന വെള്ളച്ചാട്ടം ഇതൊക്കെയാണ് ചീയപ്പാറയുടെ പ്രത്യേകത. സമൃദ്ധമായ പച്ചപ്പാണ് വാളറ വെള്ളച്ചാട്ടത്തിൻറെ സവിശേഷത. മൂന്നാറിൽ നിന്ന് 42 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. മൂന്നാർ സന്ദർശകരുടെ ഒരു പ്രധാന ഇടത്താവളമാണ് ചീയപ്പാറ. വർഷകാലത്ത് സമൃദ്ധമായ ജലപാതം വേനലിൽ വറ്റി വരളും.

തൂവാനം വെള്ളച്ചാട്ടം

മൂന്നാറിനടുത്ത അതിമനോഹര വെള്ളച്ചാട്ടങ്ങളിലൊന്നാണ് തൂവാനം വെള്ളച്ചാട്ടം. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ പാമ്പാറിലാണ് ഈ ജലപാതം. മറയൂർ-ഉദുമൽപേട്ട സംസ്ഥാന പാതയിൽ ആലംപെട്ടിക്ക് സമീപം മറയൂരിൽ നിന്ന് എട്ടു കിലോമീറ്റർ അകലെയാണ് തുവാനം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. 84 അടി ഉയരത്തിൽനിന്നാണ് ജലപാതം താഴേക്ക് പതിക്കുന്നത്. ഇവിടേക്ക് വനം വകുപ്പിന്റെ ഗൈഡഡ് ട്രെക്കിങ് ഉണ്ട്. ചിന്നാറിലെ പച്ചപ്പ് നിറഞ്ഞ കാടുകളിൽ അപൂർവ വന്യജീവികളെ കാണാനുള്ള മികച്ച അവസരമാണ് ആലംപെട്ടി ചെക്ക്‌പോസ്റ്റിൽ നിന്നുള്ള ഈ ഗൈഡഡ് ട്രെക്ക്. ഭാഗ്യമുണ്ടെങ്കിൽ, ആനകൾ, ലംഗറുകൾ, മലയണ്ണാൻ, വിവിധ തരം ചിത്രശലഭങ്ങൾ, പക്ഷികൾ എന്നിവയെ കാണാം.

ലക്കം വെള്ളച്ചാട്ടം

മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിലേക്കുള്ള പാതയോരത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ലക്കം വെള്ളച്ചാട്ടം. മൂന്നാറിൽ നിന്ന് 24 കിലോമീറ്ററും മറയൂരിൽ നിന്ന് 16 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഇരവികുളം നാഷനൽ പാർക്കിൽ ഉൾപ്പെട്ട ഈ വെള്ളച്ചാട്ടത്തിന്റെ സവിശേഷത, മനുഷ്യസ്പർശമേൽക്കാത്ത ആനമുടി മലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന ശുദ്ധമായ ജലമാണ്. മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ പ്രിയ താവളം കൂടിയാണിത്. കുട്ടികൾക്കു പോലും സുരക്ഷിതമായി ഇറങ്ങിക്കുളിക്കാൻ കഴിയും. വനപാലകരുടെ കാവലും ഉണ്ട്. 50 രൂപയാണ് പ്രവേശന നിരക്ക്.

പെരിയകനാൽ വെള്ളച്ചാട്ടം

കാനന ചാരുതയാർന്ന മറ്റൊരു ജലപാതമാണ് പൂപ്പാറ-മൂന്നാർ റോഡിൽ പാതയോരത്തെ പെരിയകനാൽ വെള്ളച്ചാട്ടം. ടാറ്റാ ടീയുടെ പെരിയകനാൽ എസ്റ്റേറ്റ് അതിർത്തിയിൽ തേയില മലനിരകൾക്കിത് മാറ്റുകൂട്ടുന്നു. മൂന്നാറിൽ നിന്ന് 20 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. കൊളുക്കുമലയിലേക്കുള്ള വഴിയാണിത്.

പവർഹൗസ് വെള്ളച്ചാട്ടം

മൂന്നാറിൽ നിന്ന് ഏകദേശം 20 കിലോമീറ്ററോളം സഞ്ചരിച്ചാൽ ചിന്നക്കലാലിലെ പവർഹൗസ് വെള്ളച്ചാട്ടത്തിലെത്തും. പാതയോരത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. മൺസൂൺ സീസണിൽ കോടമഞ്ഞിലും നേർത്തമഴയിലും കുളിരണിഞ്ഞ കാഴ്ച കാണാൻ നിരവധി പേരെത്തുന്നു. ദേവികുളം നദിയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ വെള്ളച്ചാട്ടം മൂന്നാറിൽ നിന്നും തേനിയിലേക്കുള്ള പാതയിലാണ്. ഈ പാതയുടെ ഇരുവശത്തും നീണ്ട നിവർന്നു കിടക്കുന്ന വിശാലമായ തേയില തോട്ടങ്ങളാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് വൈദ്യുതി ഉൽപ്പാദനത്തിന് സ്ഥാപിച്ചിരുന്ന പവർഹൗസിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും വെള്ളച്ചാട്ടത്തിന് മുകളിലുണ്ട്. സൂര്യോദയം കാണാൻ കൊളുക്കുമലയിലേക്ക് പോകുന്നവരും ആനയിറങ്കൽ അണക്കെട്ടിലേക്ക് പോകുന്നവരും ഇവിടെ ഇറങ്ങി പ്രകൃതി ഭംഗി ആസ്വദിക്കാറുണ്ട്.

ഇലപ്പള്ളി വെള്ളച്ചാട്ടം

മൂലമറ്റത്തു നിന്ന് വാഗമണിലേക്കുള്ള പാതയിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ മണപ്പാടിക്കു സമീപമാണ് ഇലപ്പള്ളി വെള്ളച്ചാട്ടം. വർഷക്കാലത്ത് പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ ഒട്ടേറെ പേരെത്തുന്നു. മൂലമറ്റം-പുള്ളിക്കാനം സംസ്ഥാന പാത വഴി വാഗമൺ, തേക്കടി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരും ഈ വെള്ളച്ചാട്ടം ആസ്വദിക്കാനിറങ്ങുന്നു. 100 മീറ്ററിലേറെ ഉയരത്തിൽ നിന്ന് തട്ടുകളായി പാറയിലൂടെ വെള്ളം താഴേക്കു പതിക്കുന്നത് മനോഹരമായ കാഴ്ചയാണ്. ഇവിടെ പാറക്കെട്ടുകളിൽ അപകടം പതിയിരിക്കുന്നുണ്ട്. വഴുവഴുപ്പുള്ള പാറക്കെട്ടുകളിലൂടെ വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് പോകുന്നവർ അപകടത്തിൽപ്പെടാറുണ്ട്. വാഗമൺ പ്രദേശത്ത് മഴ പെയ്താൽ പെട്ടെന്ന് ഇവിടെ നീരൊഴുക്ക് കൂടുകയും ചെയ്യും. വെള്ളത്തിലിറങ്ങുന്നത് അപകട സാധ്യത വർധിപ്പിക്കും.

ഞണ്ടിറുക്കി വെള്ളച്ചാട്ടം

സഞ്ചാരികൾ അധികമൊന്നും എത്തിപ്പെടാത്ത ഇടമാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. മൺസൂൺ ടൂറിസത്തിന്റെ സാധ്യതകൾ ഏറെ പ്രയോജനപ്പെടുത്താവുന്ന ഇടം. വെള്ളിയാമറ്റം പഞ്ചായത്തിലെ പൂമാലയ്ക്കു സമീപമാണീ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. തൊടുപുഴയിൽ നിന്ന് 19 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. പൂമാലയിൽ നിന്ന് നടന്നെത്താവുന്ന ദൂരത്തിലാണ് വെള്ളച്ചാട്ടം. മലമുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടുകൾക്കിടയിലൂടെ ചിന്നിച്ചിതറി ഒഴുകുന്ന കാഴ്ച മനോഹരമാണ്. സൗകര്യങ്ങൾ വളരെ പരിമിതമാണ്. തൊടുപുഴ – പൂമാല റൂട്ടിലോടുന്ന സ്വകാര്യ, കെഎസ്ആർടിസി ബസുകളിലും ഇവിടെ എത്താം. സ്വാകാര്യ വാഹനങ്ങൾ പൂമാലയിൽ പാർക്ക് ചെയ്യുന്നതാണ് നല്ലത്.

പൂതക്കുഴി വെള്ളച്ചാട്ടം

മുട്ടം-മൂലമറ്റം റൂട്ടിൽ ശങ്കരപ്പിള്ളി ബസ് സ്റ്റോപ്പിനു സമീപത്തു നിന്ന് വലത്തേക്കുള്ള വഴിയിലൂടെ അരക്കിലോമീറ്റർ പോയാൽ പൂതക്കുഴി വെള്ളച്ചാട്ടത്തിലെത്തും. സുരക്ഷിതമായി കുട്ടികൾക്കും ഇറങ്ങിക്കുളിക്കാം എന്നതാണ് ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. ഇവിടം വരെ ഗതാഗതയോഗ്യമായ റോഡുമുണ്ട്.

അരുവിക്കുത്ത് വെള്ളച്ചാട്ടം

തൊടുപുഴ–മുട്ടം റോഡിലൂടെ 6 കിലോമീറ്ററോളം പിന്നിട്ടാൽ എത്തിച്ചേരുന്ന മലങ്കര മൂന്നാംമൈലിൽ നിന്ന് അര കിലോമീറ്റർ മാറിയാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം. കാട്ടരുവികളിലൂടെ ഒഴുകിയെത്തുന്ന വെള്ളം തൊടുപുഴയാറിൽ ചേരുന്നതിന് തൊട്ടുമുൻപാണ് ഈ വെള്ളച്ചാട്ടം. തട്ടു തട്ടുകളായി പാറക്കെട്ടുകൾക്കിടയിലൂടെ പതഞ്ഞിറങ്ങുന്ന ഈ വെള്ളച്ചാട്ടത്തിന്റെ അടുത്തുവരെ എത്താം. മലങ്കര ഡാമിനൊപ്പം കണ്ടു മടങ്ങാവുന്ന വളരെ മനോഹരമായ ഒരു സ്ഥലമാണിത്. വെള്ളച്ചാട്ടം ഉയരത്തിലല്ല. ശാന്തമായ ചുറ്റുപാടുകളും കിളികളുടെ കളകളാരവും വെള്ളച്ചാട്ടത്തിന്റെ താളാത്മക ശബ്ദവും വിദൂരദൃഷ്ടിയിൽ പതിയുന്ന മലനിരകളും ഈ വെള്ളച്ചാട്ടത്തിന്റെ മാറ്റു കൂട്ടുന്നു. സമീപത്തെ പാലം നല്ലൊരു വ്യൂ പോയിന്റാണ്. വെള്ളം കുത്തിയൊഴുകി രൂപപ്പെട്ട കുഴികളും കിടങ്ങുകളും ഉള്ളതിനാൽ വെള്ളത്തിലിറങ്ങുന്നത് അപകടമാണ്. ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. മഴക്കാലത്ത് ഒഴുക്ക് ശക്തമാകും. സന്ദർശകർ സ്വയം സുരക്ഷ ഉറപ്പാക്കുന്ന മുൻകരുതലുകളെടുക്കണം.

തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം

കേരളത്തിലെ മനോഹര വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് തൊടുപുഴയ്ക്ക് സമീപമുള്ള തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം. സഞ്ചാരികൾക്ക് എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാം. തൊടുപുഴ വണ്ണപുറം പഞ്ചായത്തിലാണിത്. തൊമ്മന്‍കുത്ത് ഒറ്റ വെള്ളച്ചാട്ടമല്ല. എഴുനിലക്കുത്ത്, നാക്കയം കുത്ത്, മുത്തിമുക്ക് കുത്ത, കുടച്ചിയാല്‍ കുത്ത്, ചെകുത്താന്‍കുത്ത്, തേന്‍കുഴിക്കുത്ത്, കൂവമലക്കുത്ത് എന്നിങ്ങനെ ഏഴു വെള്ളച്ചാട്ടങ്ങളെ ചേർത്തു വിളിക്കുന്ന പേരാണ് തൊമ്മൻകുത്ത്. ഇവയ്ക്കിടയിലുള്ള പ്രവാഹപാതയിൽ പല തട്ടുകളായി ചെറു തടാകങ്ങളുമുണ്ട്. സാഹസിക പ്രേമികളുടെ ഇഷ്ട ഇടംകൂടിയാണിത്. ഈ വെള്ളച്ചാ‌ട്ടങ്ങളെല്ലാം കവർ ചെയ്യുന്ന ട്രക്കിങ്ങ് മികച്ചൊരു സാഹസികത തന്നെയാണ്. തൊടുപുഴയിൽ നിന്ന് കരിമണ്ണൂർ വഴി 19 കിലോമീറ്റർ ദൂരമാണ് ഇവിടെയ്ക്കുള്ളത്. എറണാകുളത്തു നിന്ന് വരുമ്പോൾ മൂവാറ്റുപുഴ വണ്ണപ്പുറം വഴി 34 കിലോമീറ്റർ യാത്രയുണ്ട്.

ട്രക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ ഒരിടമാണ് അട്ടുകാട് ജലപാതം. പീരുമേടിന് സമീപത്തെ മദാമ്മക്കുളം വെള്ളച്ചാട്ടം, കീഴാര്‍കുത്ത് വെള്ളച്ചാട്ടം, കോട്ടയം കുമളി റൂട്ടില്‍ മുറിഞ്ഞപുഴയ്ക്ക് സമീപം, ഹെയർപിൻ വളവിൽ സ്ഥിതി ചെയ്യുന്ന വളഞ്ഞങ്ങാനം വെള്ളച്ചാട്ടം തുടങ്ങി ഒട്ടേറെ മറ്റു വെള്ളച്ചാട്ടങ്ങളും ഇടുക്കിയിലുണ്ട്.

ചിത്രങ്ങൾ: കേരള ടൂറിസം, വിക്കിമീഡിയ

Legal permission needed