റോം. യൂറോപ്യന്‍ നഗരങ്ങള്‍ അസഹനീയ ചൂടില്‍ വെന്തുരുകകയാണിപ്പോള്‍. ഈ സമ്മര്‍ വിനോദ സഞ്ചാരികള്‍ക്ക് വളരെ മോശം സമയമാണ്. സെര്‍ബറസ് ഉഷ്ണതരംഗമാണ് (Cerberus heatwave) യുറോപ്പിലുടനീളം താപനില കുത്തനെ ഉയരാന്‍ കാരണം. ഇറ്റലിയിലെ റോം നഗരത്തിലെ ചൂട് 46 ഡിഗ്രി വരെ ഉയര്‍ന്നു. കാരോണ്‍ ഉഷ്ണതരംഗം (Charon heatwave) വരാനിരിക്കുന്നതിനാല്‍ ഇപ്പോഴത്തെ ചൂട് ഇനിയും നീണ്ടുനില്‍ക്കുമെന്നാണ് മുന്നറിയിപ്പ്. പല നഗരങ്ങളിലുടെ വിനോദ സഞ്ചാരികള്‍ ചൂടേറ്റ് തളര്‍ന്നു വീണതായും റിപോര്‍ട്ടുണ്ട്. ഇറ്റാലിയന്‍ നഗരമായ മിലാനില്‍ മധ്യവയസ്‌ക്കനായ റോഡു പണിക്കാരന്‍ ഉഷ്ണതരംഗമേറ്റ് മരിച്ചു.
രണ്ടാം ഉഷ്ണതരംഗമായ കാരോണ്‍ യുറോപ്പിലെ കാലാവസ്ഥ എക്കാലത്തേയും ഉയര്‍ന്ന താപനിലയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനില 2021ല്‍ ഇ്റ്റലിയിലെ സിസിലിയില്‍ രേഖപ്പെടുത്തിയ 48 ഡിഗ്രി സെല്‍ഷ്യസാണ്.
ഈ മാസം തന്നെ റെക്കോഡ് ചൂട് രേഖപ്പെടുത്തുമെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (European Space Agency) പ്രവചിച്ചിട്ടുണ്ട്. ഫ്രാന്‍സിലും ഇറ്റലിയിലും ജര്‍മനിയിലുമെല്ലാം വരും ദിവസങ്ങളില്‍ താപനില കുത്തനെ ഉയരും. പാലെര്‍മോ, ഫ്‌ളോറന്‍സ് തുടങ്ങി ഇറ്റലിയിലെ 16 നഗരങ്ങളില്‍ ഇപ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രീസിലെ പ്രശസ്തമായ അക്രോപോലിസ് കനത്ത ചൂട് കാരണം അടച്ചിട്ടിരിക്കുകയാണ്. ശീതീകരിച്ച വിനോദ കേന്ദ്രങ്ങള്‍ മാത്രമെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. സ്‌പെയിനിലെ കര താപനില 60 ഡിഗ്രിയിലെത്തി. ലാ പാല്‍മയില്‍ കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് നാലായിരത്തിലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു.