ന്യൂ ദല്‍ഹി. ട്രെയ്‌നുകളിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളില്‍ കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് ഇനി നല്ല ഭക്ഷണം ലഭിക്കും. ഇക്കോണമി മീല്‍ എന്ന പേരില്‍ Indian Railways അവതരിപ്പിച്ച പുതിയ മെനു നിരക്ക് 20 രൂപ, 50 രൂപ എന്നിങ്ങനെയാണ്. 20 രൂപയുടെ മീല്‍ പാക്കില്‍ ഏഴ് പൂരി, വെജിറ്റബിള്‍ കറി, അച്ചാര്‍ എന്നിവ ഉള്‍പ്പെടുന്നു. സ്‌നാക്ക് മീല്‍ എന്ന പേരിലുള്ള 50 രൂപയുടെ പാക്കില്‍ സൗത്ത് ഇന്ത്യന്‍ റൈസ് അല്ലെങ്കില്‍ രാജ്മ/ ഛോലെ, റൈസ് അല്ലെങ്കില്‍ കിച്ച്ഡി അല്ലെങ്കില്‍ കുല്‍ച്ചെ/ ഭട്ടൂരെ, ഛോലെ അല്ലെങ്കില്‍ പാവ് ബജി അല്ലെങ്കില്‍ മസാല ദോശ എന്നിങ്ങനെ കോംബോകളായി ലഭിക്കും. 200 മില്ലി സീല്‍ഡ് ഗ്ലാസ് വെള്ളം മൂന്ന് രൂപയ്ക്കും ലഭിക്കും.
റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയ്‌നിന്റെ ജനറല്‍ കോച്ചുകള്‍ നിര്‍ത്തുന്ന ഭാഗത്ത് പ്ലാറ്റ്‌ഫോമില്‍ പ്രത്യേക കൗണ്ടര്‍ ഒരുക്കിയാണ് ഇവയുടെ വില്‍പ്പന. ട്രെയ്‌നുകളുടെ ആദ്യത്തിലും അവസാനത്തിലുമാണ് ജനറല്‍ കമ്പാര്‍ട്ടുകളെന്നതിനാല്‍ പ്ലാറ്റ്‌ഫോമിന്റെ രണ്ടറ്റങ്ങളിലായിരിക്കും ഈ ഭക്ഷണ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. ഐആര്‍സിടിസി(IRCTC)യുടെ കിച്ചനില്‍ തയാറാക്കുന്ന ഭക്ഷണമായിരിക്കും ഇങ്ങനെ വിതരണം ചെയ്യുന്നത്.
ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഭക്ഷണ വിതരണ കൗണ്ടറുകള്‍ തുറന്നിട്ടുണ്ടെന്ന് റെയില്‍വെ അറിയിച്ചു. 51 സ്റ്റേഷനുകളില്‍ ഇപ്പോള്‍ ഈ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 13 ഇടങ്ങളില്‍ ഉടന്‍ ആരംഭിക്കും.
ജന്‍ ആഹാര്‍ (Jan Ahaar) എന്ന പേരില്‍ നിലവില്‍ പലയിടത്തും 15 രൂപ മുതല്‍ കുറഞ്ഞ നിരക്കില്‍ പ്ലാറ്റ്‌ഫോമുകളില്‍ ഭക്ഷണം ലഭ്യമാണ്. വലിയ സ്റ്റേഷനുകളില്‍ വലിയ വില്‍പ്പന കേന്ദ്രങ്ങളും ഉണ്ട്.