KSRTC Online Booking വഴി ടിക്കറ്റെടുക്കൽ ഇനി എളുപ്പം. ടിക്കറ്റ് ബുക്കിങ് പൂർണമായും പുതിയ പ്ലാറ്റ്ഫോമിലേക്കു മാറി. സ്വിഫ്റ്റ് സർവീസുകൾക്കായി തുടങ്ങിയ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോം വഴിയാണ് ഇനി എല്ലാ കെഎസ്ആർടിസി ടിക്കറ്റുകളും ബുക്ക് ചെയ്യേണ്ടത്. വെബ്സൈറ്റിലും ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്പുകളിലും ഇതു ലഭ്യമാണ്. www.onlineksrtcswift.com ആണ് വെബ്സൈറ്റ്. അപ്ലിക്കേഷൻ Ente KSRTC Neo OPRS.
മാസങ്ങൾക്ക് മുമ്പ് ഇവ രണ്ടും വിജയകരമായി പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സ്വിഫ്റ്റിനു പുറമെയുള്ള കെഎസ്ആർടിസിയുടെ മറ്റെല്ലാ സർവീസുകളും കൂടി ഈ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തി നവീകരിച്ചു. സെപ്റ്റംബർ അഞ്ചു മുതലാണ് പൂർണതോതിൽ ഈ സംവിധാനം നിലവിൽ വന്നത്. നിലവിലുണ്ടായിരുന്ന online.keralartc.com എന്ന വെബ്സൈറ്റിലും Ente KSRTC ആപ്പിലും ഇനി ഓൺലൈൻ ബുക്കിങ് ലഭ്യമല്ല.
റെയിൽവെ ടിക്കറ്റ് ബുക്കിങിനു സമാനമായ സൗകര്യങ്ങളാണ് കെഎസ്ആർടിസിയും നടപ്പിലാക്കിയിരിക്കുന്നത്. ഇത് യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ഉറപ്പാണ്. ബസ് പുറപ്പെട്ടാലും ലഭ്യമായ സ്ഥലങ്ങളിൽ നിന്ന് ഒഴിവുള്ള സീറ്റുകളിൽ ബുക്കിങ് (Live Ticketing) ലഭ്യമാക്കിയത് ഏറെ സൗകര്യപ്രദമാണ്. ബസുകൾ സെർച്ച് ചെയ്യുമ്പോൾ റിസൾട്ടിൽ കൂടുതൽ ബസുകളും കാണിക്കും. ലൈവ് ടിക്കറ്റിങ് ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും സർവീസുകളിലാണ് നടപ്പിലാക്കുന്നത്.
ബുക്കിങ് വിവരങ്ങൾ എസ്എംഎസിനൊപ്പം ഇനി വാട്സാപ്പിലും ലഭിക്കും. കാൻസൽ ചെയ്യുന്ന ടിക്കറ്റുകളുടെ റീഫണ്ട് ഓട്ടോമാറ്റിക് രീതിയിലേക്കു മാറ്റി. ഇനി റീഫണ്ട് ലഭിക്കാൻ കാലതാമസം ഉണ്ടാകില്ല. റീഫണ്ട് സ്റ്റാറ്റസ് പരിശോധിക്കാനും യാത്രക്കാർക്ക് കഴിയും.
ഇതുവരെ Abhibus എന്ന ടെക്ക്കമ്പനിയുടെ ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോമാണ് കെഎസ്ആർടിസി ഉപയോഗിച്ചിരുന്നത്. യൂസർ ഫ്രണ്ട്ലി അല്ലാത്ത ഈ സംവിധാനത്തെ കുറിച്ച് ഒട്ടേറെ പരാതികളും ഉയർന്നിരുന്നു. അഭിബസുമായുള്ള കരാർ അവസാനിച്ചതോടെയാണ് കെഎസ്ആർടിസി പുതിയ സ്വന്തം പ്ലാറ്റ്ഫോമിലേക്ക് ഓൺലൈൻ ബുക്കിങ് മാറ്റിയത്.