പത്തനംതിട്ട. മൂഴിയാര്‍-കക്കി-ഗവി പാതയില്‍ കനത്ത മഴയെ തുടര്‍ന്ന് വ്യാപക മണ്ണിടിച്ചില്‍. ഗതാഗതം ദുഷ്ക്കരമായതോടെ അപകടസാധ്യത മുന്‍നിര്‍ത്തി ഇതുവഴിയുള്ള യാത്രയ്ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. വിനോദ സഞ്ചാരികള്‍ക്കും കടന്നുപോകാന്‍ അനുമതിയില്ല. മഴ തുടരുന്നതിനാല്‍ ഗവി പാതയിലെ യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. വിനോദ സഞ്ചാരികളുടെ യാത്രയ്ക്ക് പൂര്‍ണ വിലക്കുണ്ട്. ഗവി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ്ങും നിര്‍ത്തിവച്ചു.
രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ റോഡില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കല്ലും മരങ്ങളുമടക്കം റോഡിലേക്ക് പതിച്ചിരിക്കുകയാണ്. ഇവ നീക്കം ചെയ്യുന്നതിനുള്ള പണികളും നടക്കുന്നുണ്ട്. കക്കി-ഗവി മേഖലയില്‍ വെള്ളിയാഴ്ച കനത്ത മഴ പെയ്തിരുന്നു. മൂഴിയാറിനു മുകളില്‍ അരണമുടി, കക്കി, ആനത്തോട് പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. അപ്പര്‍മൂഴിയാര്‍ മുതല്‍ കക്കി വരെ റോഡില്‍ പലഭാഗങ്ങളിലും വെള്ളം കുത്തിയൊഴുകി. കക്കി ഡാമിനു സമീപമുണ്ടായ മണ്ണിടിച്ചില്‍ അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.