തിരുവനന്തപുരം. ഓണാഘോഷം കുടുംബത്തോടൊപ്പം കളർഫുൾ ആക്കാൻ ഈ അവധിക്കാലത്ത് KSRTC ബജറ്റ് ടൂറിസം വിഭാഗം എല്ലാ ജില്ലകളിൽ നിന്നും പ്രത്യേക ബോട്ട് യാത്രാ പാക്കേജുകൾ ഒരുക്കിയിരിക്കുന്നു. ജലഗതാഗത വകുപ്പുമായി കൈകോർത്താണ് സംസ്ഥാനത്തെ പ്രധാന ബോട്ടിങ് കേന്ദ്രങ്ങളിൽ പ്രത്യേക പാക്കേജുകൾ തയാറാക്കിയിരിക്കുന്നത്. എല്ലാ ജില്ലകളിലും കെഎസ്ആർടിസ് ബജറ്റ് ടൂറിസം സെല്ലുകൾ മുഖേനയാണ് ബുക്കിങ് സ്വീകരിക്കുന്നത്. ബന്ധപ്പെടേണ്ട നമ്പറും വിശദ വിവരങ്ങളും താഴെ നൽകിയിരിക്കുന്നു.
വേഗ-2 ബോട്ടിൽ സീ കുട്ടനാട് പാക്കേജ്
ഈ ഓണക്കാലത്ത് കുട്ടനാടിന്റെ കായൽ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കുവാൻ മികച്ച അവസരമാണ് കെഎസ്ആർടിസി ഒരുക്കിയിരിക്കുന്നത്. ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലുള്ള അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള സീ കുട്ടനാട് (See Kuttanadu) ബോട്ട് റൈഡാണിത്. ബുക്കിങ് അനുസരിച്ച് വിവിധ ജില്ലകളിൽ നിന്ന് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുകൾ വിനോദ സഞ്ചാരികളെ കുട്ടനാട്ടിൽ എത്തിക്കും.
രാവിലെ 10.30 ന് സര്‍വ്വീസ് ആരംഭിച്ച് പുന്നമട – വേമ്പനാട് കായല്‍ – മുഹമ്മ – പാതിരാമണല്‍ – കുമരകം – റാണി – ചിത്തിര – മാര്‍ത്താണ്ഡം – ആര്‍ ബ്ലോക്ക് – സി ബ്ലോക്ക് – മംഗലശ്ശേരി – കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയില്‍ നാലു മണിയോടെ എത്തിച്ചേരും. വേഗ- 2 ബോട്ടിൽ 120 സീറ്റുകളുണ്ട്. ഇവയിൽ 40 എ.സി. സീറ്റുകളും ഉൾപ്പെടും. 400 രൂപയാണ് നിരക്ക്. എ.സി. സീറ്റിന് 600 രൂപയും. 52 കിലോ മീറ്റർ ദൂരം കായൽപരപ്പിലൂടെയുള്ള ഈ റൈഡ് മികച്ചൊരു യാത്രാനുഭവം നൽകും. പാതിരാമണലിൽ പാതിരാമണലില്‍ അര മണിക്കൂർ വിശ്രമിക്കാം. കുടുംബശ്രീ ഒരുക്കുന്ന കുറഞ്ഞ ചെലവിലുള്ള നാടൻ ഭക്ഷണം ആവശ്യക്കാർക്ക് 100 രൂപ നിരക്കിൽ ലഭിക്കും.
ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കുമായി ബന്ധപ്പെടേണ്ട നമ്പറുകൾ:
ജില്ലാ കോഓർഡിനേറ്റർ, ബഡ്ജറ്റ് ടൂറിസം സെൽ
- തിരുവനന്തപുരം – ജയകുമാർ 9447479789
- കൊല്ലം – മോനായി ജെ കൃഷ്ണ 974796768
- പത്തനംതിട്ട – സന്തോഷ് കുമാർ സി 9744348037
- ആലപ്പുഴ – ഷഫീഖ് 9846475874
- എറണാകുളം & കോട്ടയം – പ്രശാന്ത് വി.പി 9447223212
- ഇടുക്കി – രാജീവ് എൻ ആർ 9446525773
- തൃശ്ശൂർ – ഡൊമനിക് പെരേര 9747557737
- പാലക്കാട് – ഇന്ദുലാൽ സി 9495450394
- മലപ്പുറം – ഷിജിൽ എസ് 8590166459
- കോഴിക്കോട് – സൂരജ് റ്റി 9544477954
- വയനാട് – റൈജു ഐ ആർ 8921185429
- കണ്ണൂർ & കാസർഗോഡ് – തനീർ 9526863675
കൊല്ലത്ത് സീ അഷ്ടമുടി പാക്കേജ് മൺറോതുരുത്തും സമ്പ്രാണിക്കോടിയും കടന്ന്
അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിച്ച്, മണ്‍റോതുരുത്തും സാമ്പ്രാണിക്കോടിയും കണ്ട് അഞ്ച് മണിക്കൂര്‍ നീളുന്ന ബോട്ട് യാത്രയാണ് സീ അഷ്ടമുടി പാക്കേജ്. കൊല്ലം ജെട്ടിയില്‍ നിന്ന് രാവിലെ 11.30ന് പുറപ്പെടുന്ന ഈ ടൂറിസം ബോട്ട് മണ്‍റോതുരുത്തും അഷ്ടമുടിക്കായലിന്റെ എട്ടു മുടികളും സാമ്പ്രാണിക്കോടി തുരുത്തും ചുറ്റിക്കറങ്ങി കല്ലടയാര്‍ വൈകീട്ട് 4.30ന് മടങ്ങിയെത്തും. സാമ്പ്രാണിക്കോടിയില്‍ ഒരു മണിക്കൂര്‍ ചെലവിടാം. രണ്ടു തട്ടുകളുള്ള ബോട്ടില്‍ മുകള്‍ നിലയില്‍ ഒരാള്‍ക്ക് 500 രൂപയും താഴെ തട്ടില്‍ 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മുകള്‍ തട്ടില്‍ 30 സീറ്റുകളും താഴെ 60 സീറ്റുകളുമാണുള്ളത്. യാത്രയില്‍ കുടുംബശ്രീ വിളമ്പുന്ന ഹോംലി ഉച്ചഭക്ഷണവും ആസ്വദിക്കാം. മീന്‍ കറി ഉള്‍പ്പെടെ 100 രൂപയാണ് നിരക്ക്.
കൊച്ചിയിൽ ഇന്ദ്ര സോളാർ ക്രൂയിസ് ബോട്ട് റൈഡ്
ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ക്രൂയിസ് ബോട്ടായ ഇന്ദ്രയാണ് കൊച്ചി കായലിൽ ടൂറിസം സർവീസ് നടത്തുന്നത്. രണ്ടു മണിക്കൂർ നീളുന്ന രണ്ട് യാത്രകളാണ് ഇന്ദ്ര നടത്തുക. ഒരു യാത്രയിൽ പരമാവധി 100 പേർക്ക് യാത്ര ചെയ്യാം. രണ്ടു നിലകളുള്ള ബോട്ടിൽ താഴെ നില എസിയാണ്. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. കൊച്ചി ബോൾഗാട്ടി പാലസ്, വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനൽ, വൈപ്പിൻ, കമാലക്കടവ്, ഫോർട്ട് കൊച്ചി, വില്ലിങ്ടൻ ഐലൻഡ് എന്നിവിടങ്ങളിലൂടെ ചുറ്റിക്കറങ്ങിയാണ് യാത്ര. എല്ലാ ദിവസവും രാവിലെ 11നും വൈകീട്ട് 4നുമാണ് സർവീസുകൾ. മുതിർന്നവർക്ക് 300 രൂപയും കുട്ടികൾക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുടുംബശ്രീയുടെ ഭക്ഷണവും ബോട്ടിൽ ലഭിക്കും.