ബംഗളൂരു. ഫെബ്രുവരിയിൽ ഇന്ത്യയിൽ സർവീസ് ആരംഭിച്ച ജർമൻ ടെക്ക് ഗതാഗത കമ്പനിയായ ഫ്ളിക്സ് ബസ് (FlixBus) ദക്ഷിണേന്ത്യയിലേക്കും പ്രവർത്തനം വിപുലീകരിച്ചു. ബെംഗളൂരു കേന്ദ്രമായാണ് പ്രവർത്തനം. ഇവിടെ നിന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂർ, മധുരൈ, ആന്ധ്ര പ്രദേശിലെ തിരുപ്പതി, വിജയവാഡ, കർണാടകയിലെ ബെൽഗാവി എന്നീ നഗരങ്ങളിലേക്ക് ചൊവ്വാഴ്ച (സെപ്റ്റംബർ 10) മുതൽ സർവീസുകൾ ആരംഭിക്കും. എ.സി. സ്ലീപ്പർ ബസുകളാണ് ആദ്യ ഘട്ടത്തിൽ നിരത്തിലിറക്കുന്നത്. ഉദ്ഘാടന ഓഫറായി വെറും 99 രൂപയ് ടിക്കറ്റ് ലഭിക്കും. ഒക്ടോബർ 6 വരെയുള്ള എല്ലാ യാത്രകൾക്കും ഈ മാസം 15നകം ബുക്ക് ചെയ്യുകയാണെങ്കിൽ ഈ നിരക്കിളവിൽ ടിക്കറ്റ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. കേരളത്തിലെ നഗരങ്ങളിലേക്കും വൈകാതെ സർവീസ് ആരംഭിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 33 പ്രധാന നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
ഇതോടെ രാജ്യത്തുടനീളം ഫ്ളെക്സി ബസ് സർവീസുള്ള നഗരങ്ങളുടെ എണ്ണം 101 ആയി. ആകെ 215 സ്റ്റോപ്പുകളാണുള്ളത്. ദൽഹി കേന്ദ്രീകരിച്ച് ലഖ്നോ, ആഗ്ര, വാരാണസി, ജോധ്പൂർ, ജയ്പൂർ, ചണ്ഡീഗഢ്, ഗൊരഖ്പൂർ, ഡെറാഡൂൺ, മണാലി തുടങ്ങി വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ 46 പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് നിലവിൽ ഫ്ളെക്സി ബസ് വിജയകരമായി സർവീസ് നടത്തിവരുന്നുണ്ട്.
സ്വന്തമായി ഒരു ബസ് പോലുമില്ലാത്ത ഒരു ബസ് സർവീസ് കമ്പനി
ദീർഘദൂര ബസ്, ട്രെയിൻ ഗതാഗത രംഗത്ത് പുതിയ ടെക്നോളജി വിപ്ലവം സൃഷ്ടിച്ച ഈ ജർമൻ കമ്പനി നിലവിൽ നാലു ഭൂഖണ്ഡങ്ങളിലായി 40ലേറെ രാജ്യങ്ങളിൽ ബസ്, ട്രെയിൻ സർവീസുകൾ നടത്തി വരുന്നു. യൂറോപ്പിലും നോർത്ത് അമേരിക്കയിലും തുർക്കിയിലും ഇതിനകം ബസ് ഗതാഗത രംഗത്ത് ആധിപത്യം സൃഷ്ടിക്കാനും കമ്പനിക്കു കഴിഞ്ഞു. പരിസ്ഥിതി മലിനീകരണം കുറച്ചുള്ള യാത്ര, വേഗതയുള്ള മികച്ച സർവീസ്, താങ്ങാവുന്ന നിരക്ക് എന്നിവയാണ് തങ്ങളുടെ സർവീസുകളെ പ്രധാന സവിശേഷതയായി ഫ്ളെക്സി ബസ് പറയുന്നത്. ഒറ്റ ബസ് പോലും സ്വന്തമായി ഇല്ലെന്നതാണ് ഈ ഗതാഗത കമ്പനിയുടെ പ്രത്യേകത. ഓരോ വിപണിയിലും പ്രാദേശിക ബസ് ഓപറേറ്റർമാരുമായി സഹകരിച്ചാണ് ഫ്ളെക്സി ബസുകൾ നിരത്തിലിറക്കുന്നത്. ബസ് സർവീസിന്റെ വാണിജ്യപരവും പ്രവർത്തനപരവുമായ എല്ലാ കാര്യങ്ങളും ഫ്ളെക്സി കൈകാര്യം ചെയ്യും. നെറ്റ് വർക്ക് പ്ലാനിങ്, നിരക്ക് നിശ്ചയിക്കൽ, പ്രവർത്തന നിയന്ത്രണം, വിപണനം, വിൽപ്പന, ഗുണമേന്മാ പരിപാലനം തുടങ്ങിയവയെല്ലാം ഫ്ളെക്സി മാനേജ് ചെയ്യും. ദൈനംദിന ബസ് ഓപറേഷൻ മാത്രമാണ് പ്രാദേശിക ട്രാവൽ പങ്കാളികളുടെ ചുമതല.
മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകൾ സർവീസിന് ഉപയോഗിക്കില്ല. പരിസ്ഥിതി മലിനീകരണം കുറഞ്ഞ ബിഎസ് 6 എഞ്ചിനിൽ പ്രവർത്തിക്കുന്ന ബസുകളാണ് പുതുതായി നിരത്തിലിറക്കുന്നവയെല്ലാം. എല്ലാ സീറ്റിലും സീറ്റ് ബെൽറ്റ്, എ.ബി.എസ്, ഇ.എസ്.സി തുടങ്ങി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ഫീച്ചറുകളും ഫ്ളെക്സി ബസുകളിലുണ്ട്.