കൊടൈക്കനാൽ. വനം വകുപ്പിനു കീഴിലുള്ള കൊടൈക്കനാലിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം (Kodaikanal) അടച്ചു. ഇക്കഴിഞ്ഞ അവധി ദിവസം ഒരു വിനോദ സഞ്ചാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തെ തുടർന്നാണ് പെട്ടെന്നുള്ള തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു ഇവിടെ. അറ്റക്കുറ്റപ്പണികൾക്കായാണ് ടൂറിസ്റ്റുകൾക്ക് വിലക്കേർപ്പെടുത്തുന്നതെന്ന് കൊടൈക്കനാൽ ആർഡിഒ അറിയിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ മോയിർ പോയന്റ്, ഗുണ ഗുഹ, പൈൻമരക്കാട്, പില്ലർ റോക്ക് എന്നിവിടങ്ങളിൽ സന്ദർശകർക്ക് പ്രവേശനമില്ല.
അറ്റക്കുറ്റപ്പണികളുടെ ഭാഗമായി പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഇരിപ്പിടങ്ങൾ, കുടിവെള്ള പൈപ്പുകൾ, ശുചിമുറികൾ എന്നിവ നവീകരിക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലമൊരുക്കും. വാഹന പാർക്കിങിന് മതിയായ സൗകര്യങ്ങളില്ലാത്തതാണ് കഴിഞ്ഞ ദിവസം അപകടത്തിനു കാരണമായത്. പൈൻമരക്കാടിൽ വിനോദ സഞ്ചാരികൾ നിർത്തിയ വാഹനത്തിനു പിറകിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്.