പോര്‍ട് ബ്ലെയര്‍. ദ്വീപുകളില്‍ പ്രകൃതി സൗഹൃദ, ഉത്തരവാദിത്ത വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടം പുതിയ കാരവന്‍ ടൂറിസം (Caravan Tourism) പദ്ധതിക്ക് രൂപം നല്‍കുന്നു. ഇതു സംബന്ധിച്ചു തയാറാക്കിയ കരടു നയം പൊതുജനങ്ങളുടെ അഭിപ്രായങ്ങളറിയാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും സവിശേഷതകള്‍ക്കും കോട്ടം വരുത്താതെ വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. കാരവന്‍ ടൂറിസം പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം സ്വരൂപിച്ചുവരികയാണ്.
ടൂറിസ്റ്റുകള്‍ അധികമെത്താത്ത അതിമനോഹര ബീച്ചുകളും പ്രകൃതിദത്ത ദ്വീപുകളും വര്‍ണാഭമായ സാംസ്‌കാരിക സവിശേഷതകളും എല്ലാ ഉള്‍ക്കൊള്ളിച്ച് പ്രകൃതി സൗഹൃദ ടൂറിസം സമീപനത്തോടെയാണ് കാരവന്‍ ടൂറിസം പദ്ധതിക്ക് രൂപം നല്‍കുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കാത്ത രീതിയില്‍ പദ്ധതി നടപ്പാക്കും. ഇതിനു ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് കാരവന്‍ ടൂറിസം.
ഈ പദ്ധതിക്ക് അന്തിമ രൂപം നല്‍കുന്നതിനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മറ്റു വിവരങ്ങളും നല്‍കാന്‍ സെപ്തംബര്‍ 12 വരെ സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് സമയം നല്‍കിയിട്ടുണ്ട്.
എന്താണ് കാരവൻ ടൂറിസം?
പതിവു വിനോദ യാത്രാ രീതികൾ ഒന്നു മാറ്റിപ്പിടിക്കാൻ ആഗ്രഹിക്കുന്നവർക്കും അൽപ്പം സാഹസികതയൊക്കെ ഇഷ്ടപ്പെടുന്നവർക്കും പരീക്ഷിക്കാവുന്ന പുതിയതും ആവേശകരവുമായ ഒരു വിനോദസഞ്ചാര മാർഗമാണ് കാരവൻ ടൂറിസം. മതിയായ ഹോട്ടൽ താമസസൗകര്യം കണ്ടെത്താൻ കഴിയാത്ത ഇടങ്ങളിലേക്ക് കുടുംബത്തോടൊപ്പം വിനോദ യാത്ര ചെയ്യാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ് കാരവൻ യാത്ര. എവിടെ താമസിക്കണം, എവിടെ ഉറങ്ങണം, പ്രകൃതിയുടെ ശബ്ദം കേട്ട് ഉണരണോ അതോ കടൽത്തീരത്തിന് അടുത്താണോ എന്നെല്ലാം നമുക്ക് തന്നെ തീരുമാനിക്കാം. യാത്ര, വിനോദം, താമസം എന്നീ മൂന്ന് ഘടകങ്ങളും ഇവിടെ സമ്മേളിക്കുന്നു. നിലവിൽ പരിസ്ഥിതി, സാഹസികത, വന്യജീവി, തീർഥാടന ടൂറിസം എന്നീ ആവശ്യങ്ങൾക്കായി കാരവനുകളെ ആശ്രയിക്കുന്നത് വർധിച്ചിട്ടുണ്ട്. താമസസൗകര്യം കുറഞ്ഞ വിദൂര പ്രദേശങ്ങളിലെല്ലാം കാരവൻ മികച്ച സൗകര്യമൊരുക്കുമെന്നതാണ് ഗുണം.