ഖരീഫ് സീസൺ തുടങ്ങി; സലാലയിലേക്ക് സഞ്ചാരികളെ മാടിവിളിച്ച് മഴയും മഞ്ഞും

സലാല. ഒമാനിലേക്ക് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികളെത്തുന്ന ഖരീഫ് (Monsoon) സീസണിന് തുടക്കമായി. ദൊഫാർ പ്രവിശ്യയിൽ മൺസൂൺ മഴയും മൂടൽ മഞ്ഞും പച്ചപ്പണിഞ്ഞു നിൽക്കുന്ന പ്രകൃതിയുമാണ് അണിഞ്ഞൊരുങ്ങി സഞ്ചാരികളെ വരവേൽക്കുന്നത്. ഒമാനിലെ രണ്ടാമത്തെ ഏറ്റഴും വലിയ പട്ടണവും ദൊഫാറിന്റെ തലസ്ഥാനവുമായ സലാലയിൽ ഇനി ടൂറിസ്റ്റുകളായി എത്തുന്ന സ്വദേശികളുടേയും വിദേശികളുടേയും തിരക്കായിരിക്കും. സെപ്തംബർ 21 വരെയാണ് ഖരീഫ് ടൂറിസം സീസൺ (Khareef season 2023).

ടൂറിസ്റ്റുകളുടെ വരവിനോടനുബന്ധിച്ച് ടൂറിസം മന്ത്രാലയവും ദൊഫാർ ഗവര്‍ണറേറ്റും ചേർന്ന് വിപുലമായ മുന്നൊരുക്കങ്ങൾ പൂര്‍ത്തിയാക്കി. യുഎഇ, സൌദി അറേബ്യ, ഖത്തർ, കുവൈത്ത് തുടങ്ങി ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിമാന കമ്പനികൾ ഖരീഫ് സീസൺ പ്രത്യേക സർവീസുകൾ ഇപ്പോൾ നടത്തുന്നുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം വർധിച്ചുവരുന്നത് കണക്കിലെടുത്താണ് കൂടുതൽ സർവീസുകൾ. ഈ സീസണിൽ മാത്രം ഒമാനിലേയും വിദേശ രാജ്യങ്ങളിലേയും വിവിധ എയർപോർട്ടുകളിൽ നിന്ന് ആഴ്ചയിൽ 160 വിമാന സർവീസുകളാണ് സലാല എയർപോർട്ടിലേക്കുള്ളത്.  

കേരളത്തിനു സമാന ഭൂപ്രകൃതിയുള്ള സലാലയിൽ ഇപ്പോൾ ഇടതടവില്ലാതെ നേരിയ മഴലഭിക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ചൂട് കൂടുന്ന ഈ വേനൽ അവധി മാസങ്ങളിൽ സലാലയിൽ മൺസൂൺ മഴയും കുളിരുമാണ് വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഈ കാലാവസ്ഥ ആസ്വദിക്കാൻ എത്തുന്ന അറബ് രാജ്യങ്ങളി നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഇത്തവണ ഒമാൻ ടൂറിസം മന്ത്രാലയം സൌദിയിലെ റിയാദ്, ദമാം, ജിദ്ദ നഗരങ്ങളിൽ പ്രത്യേക ടൂറിസം പ്രചരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു.  

ഖരീഫ് സീസൺ എത്തുന്നതോടെ പർവതങ്ങളിൽ നിന്നുള്ള ശുദ്ധജലം കൊണ്ട് നിറയുന്ന വാദികളും പ്രകൃതിരമണീയമായ വെള്ളച്ചാട്ടങ്ങളും മരുഭൂമിയെ ഹരിതാഭമാക്കി മാറ്റുന്ന കാഴ്ച ഗൾഫ് മേഖലയിൽ അപൂവ്വതയാണ്. വാദി ദർബത്ത്, ഐൻ അത്തം തുടങ്ങിയ സലാലയിലെ പ്രധാന ആകർഷണങ്ങളിൽ ചിലതാണ് ഈ സീസണിനെ സവിശേഷമാക്കുന്നത്.

One thought on “ഖരീഫ് സീസൺ തുടങ്ങി; സലാലയിലേക്ക് സഞ്ചാരികളെ മാടിവിളിച്ച് മഴയും മഞ്ഞും

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed