കോഴിക്കോട്. കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്ലേ പാർക്കായ ആക്റ്റീവ് പ്ലാനറ്റ് (Active Planet) കോഴിക്കോട് കുറ്റ്യാടിയിൽ പ്രവർത്തനമാരംഭിച്ചു. വിശാലമായ പത്തേക്കറിൽ 40ഓളം ഫ്രീസ്റ്റൈൽ സ്ലൈഡുകൾ, ഫുഡ് ട്രക്കുകൾ, ഫുഡ് കോർട്ട്, ആയിരത്തിലധികം മരങ്ങൾ, വൈവിദ്ധ്യമാർന്ന 2.3 ലക്ഷം ചെടികൾ, അരലക്ഷം പൂച്ചെടികൾ, വെർട്ടിക്കൽ ഗാർഡൻ, കലാ വിസ്മയങ്ങൾ ഒരുക്കാൻ ആംഫി തിയേറ്റർ തുടങ്ങി എല്ലാം ഈ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. അതിമനോഹരമായ മലഞ്ചരുവിന് മുകളിൽ, കുറ്റ്യാടിയുടെ വിശാലമായ ദൃശ്യഭംഗി കൂടി സമ്മാനിക്കുന്ന ഇടത്താണ് ആക്റ്റീവ് പ്ലാനറ്റ് ഒരുക്കിയിരിക്കുന്നത്. പ്രവാസി വ്യവസായി നിസാർ അബ്ദുള്ളയാണ് പാർക്കിന്റെ സ്ഥാപകൻ.
പരിസ്ഥിതിയെ നോവിക്കാതെ മാനസികവും വൈകാരികവുമായ വിനോദോപാധികളാണ് ആക്റ്റീവ് പ്ലാനറ്റിന്റെ സവിശേഷത. അഞ്ച് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കായാണ് എല്ലാം ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്കൊപ്പമെത്തുന്നവർക്കായി കലാസാംസ്‌കാരിക വിരുന്നുകളും പാർക്കിൽ ഉണ്ടാകും. സായാഹ്നങ്ങളിൽ, പ്രത്യേകിച്ച് വാരാന്ത്യങ്ങളിലെ വൈകുന്നേരങ്ങളിൽ, കലാ, സാംസ്‌കാരിക സംഘങ്ങളുടെ പ്രകടനവും പാർക്കിനെ സജീവമാക്കും.
വിദേശരാജ്യങ്ങളിൽ ഇത്തരം പാർക്കുകൾ രൂപകൽപന ചെയ്ത പരിചയസമ്പത്തുള്ള എഞ്ചിനീയർമാരാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചിട്ടുള്ളതെന്നും ആക്ടീവ് പ്ലാനറ്റ് മാനേജിങ് ഡയറക്ടർ കൂടിയായ നിസാർ അബ്ദുല്ല പറഞ്ഞു. നാട്ടുകാരുടെ കൂടി സഹകരണത്തോടെ, വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെയാണ് ഈ പാർക്ക് യാഥാർഥ്യമായതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ അഞ്ച് മണിക്കൂർ ചെലവഴിക്കാൻ 300 രൂപയാണ് നിരക്ക്. ഉച്ചമുതൽ രാത്രി വരെ 400 രൂപ നൽകണം. വാരാന്ത്യങ്ങളിൽ രാവിലെയുള്ള സെഷന് 350 രൂപയും പിന്നീടങ്ങോട്ട് 450 രൂപയുമാണ് നിരക്ക്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സൗജന്യ പ്രവേശനവും പ്രത്യേക ഇളവുകളും നൽകും. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്.