കൊച്ചി. ഷോളമലകളും മഞ്ഞും പുല്‍മേടുകളും മൊട്ടക്കുന്നുകളും തേയിലത്തോട്ടങ്ങളും പൈന്‍മരക്കാടുകളും തണുത്ത കാലാവസ്ഥയുമെല്ലാം ചേര്‍ന്ന് തീര്‍ക്കുന്ന പ്രകൃതി സൗന്ദര്യത്തില്‍ നിറഞ്ഞ് നില്ക്കുന്ന വാഗമണില്‍ സാഹസിക വിനോദം ഇനി പുതിയ തലത്തിലേക്ക്. ഡിടിപിസി(DTPC)യുടെ നേതൃത്വത്തിലുള്ള സാഹസിക വിനോദ കേന്ദ്രമായ വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാന്റിലിവര്‍ ഗ്ലാസ് ബ്രിജ് (Cantilever Glass Bridge) ഉടന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കും. ഒരറ്റം മാത്രം ഭൂമിയില്‍ ഉറപ്പിച്ച് മറ്റെ അറ്റം താങ്ങില്ലാതെ നില്ക്കുന്ന നിര്‍മിതിയാണ് കാന്റിലിവര്‍ നിര്‍മാണ രീതി.
വാമണില് പണി പൂര്‍ത്തിയായ കാന്റിലിവര്‍ ഗ്ലാസ് ബ്രിജിന് 40 മീറ്ററാണ് നീളം. വാഗമണ്‍ മലനിരകളുടെ അഗാധതയിലേക്ക് തള്ളി നില്ക്കുന്ന രൂപത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ഗ്ലാസ് ബ്രിജ് അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി സഞ്ചാരികള്‍ക്ക് കൂടുതല്‍ അഡ്വഞ്ചറായ ഒരനുഭവമാണ് ഇത് നല്‍കുക. പാലത്തിന്റെ അറ്റത്ത് തയാറാക്കിയ വ്യൂപോയിന്റില്‍ നിന്നാല്‍ കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം തുടങ്ങി സ്ഥലങ്ങളുടെ അതിമനോഹര വിദൂരകാഴ്ചകള്‍ ആസ്വദിക്കാം.
മൂന്നു കോടി രൂപ ചെലവില്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഈ പാലത്തിന്റെ നിര്‍മാണം. ഓണം സീസണില്‍ തന്നെ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
(ഫോട്ടോ: ഓഫ്ബീറ്റ് ട്രാവൽസ്)