✍🏻 വിജിൽ സി ജോസ്
ഡിസംബർ മാസത്തിൽ പോകാം എന്ന് കരുതി പ്ലാൻ ചെയ്ത് വച്ചിരുന്നതാണ് രാജസ്ഥാൻ യാത്ര. എനിക്കാണെങ്കിൽ മൺസൂൺ തുടങ്ങിയാൽ ഒരു വട്ടമെങ്കിലും കൊങ്കൺ വഴി യാത്ര ചെയ്തില്ലെങ്കിൽ ഇരിക്കപ്പൊറുതി കിട്ടില്ല. പിന്നെ ഒന്നും നോക്കിയില്ല കൂടെ ജോലി ചെയ്യുന്ന വിനു സാറിനെയും കൂട്ടി രാജസ്ഥാനിലേക്ക് യാത്ര തിരിച്ചു.
രാജസ്ഥാൻ എന്ന് കേൾക്കുമ്പൊ ആദ്യം മനസിൽ വരുന്നത് ജയ്പ്പൂർ, ജൈസൽമീർ, ബിക്കാനീർ തുടങ്ങിയ സ്ഥലങ്ങളാകും. എന്റെ മനസിൽ പക്ഷെ അത് മുനബാവൊ ആണ്. പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയുള്ള, താർ എക്സ്പ്രസ്സ് വന്ന് പോയിരുന്ന ഇന്ത്യയുടെയും പാക്കിസ്ഥാന്റേതുമായിരുന്ന റയിൽവേ സ്റ്റേഷനായ മുനബാവോ. അത് കാണണം. കേരളത്തിൽ നിന്ന് ജയ്പൂരിലേക്ക് നേരിട്ട് മരുസാഗർ എക്സ്പ്രസ്സ് മാത്രമാണുള്ളത്. വഡോദരയിൽ ചെന്നു കഴിഞ്ഞാൽ കോട്ട വഴിയും അഹമ്മദാബാദ് വഴിയും രാജസ്ഥാനിലേക്ക് പോകുന്ന കണക്ഷൻ ട്രെയിനുകൾ ലഭിക്കും. അങ്ങനെ വെള്ളിയാഴ്ച്ച ഉച്ചയ്ക്കുള്ള കൊച്ചുവേളി-ഇൻഡോർ ട്രെയിനിൽ വഡോദരയിലേക്ക് കയറി.
കൊങ്കണിലെ നീളമുള്ള ഒരു തുരങ്കത്തിൽ ഡീസൽ എഞ്ചിൻ പുറന്തള്ളിയ പുകയുടെ മണം എന്നിലെ ഉറക്കം കെടുത്തികളഞ്ഞു. സമയം രാവിലെ 7:30. നല്ല മഴയാണ്. കല്ലുകൾ കൊണ്ട് അതിർ തിരിച്ച നെല്പാടങ്ങൾ, പുഴകൾ, മലകളിൽ നിന്ന് ഒഴുകി വരുന്ന ചോലകൾ, ചെറുതും ഗ്രാമീണ അന്തരീക്ഷമുള്ളതുമായ റെയിൽവേ സ്റ്റേഷനുകളിലെ പുരാതന വെയിറ്റിങ്ങ് ഷെഡുകൾ… കൊങ്കൺ കാഴ്ചകളിൽ മുഴുകി യാത്ര തുടർന്നു. വൈകിട്ട് 8 മണിയോടെ വഡോദര എത്തി. ജയ്പൂർ ട്രെയിൻ രാത്രി 10:30നാണ്. മുൻപ് ഗുജറാത്ത് ട്രിപ്പിനു വന്ന് പരിചയം ഉള്ളത് കൊണ്ട് വഡോദര പരിചിതമാണ്. മഴയുണ്ട്. സ്റ്റേഷനു വെളിയിൽ തന്നെ ഫുഡ് കിട്ടുന്ന തട്ട് കടകളുണ്ട്. ഫ്രൈഡ് റൈസും ഓംലെറ്റും മഴയുടെ ആമ്പിയൻസിൽ ഇരുന്നു തട്ടി കുറച്ച് നേരം റൌണ്ട് അടിച്ച് രാത്രി 10:30ന്റെ ബാന്ദ്ര-ജയ്പൂർ ട്രെയിനിൽ കയറി രാവിലെ 9:45നു രാജസ്ഥാന്റെ പിങ്ക് സിറ്റിയായ ജയ്പൂർ എത്തി.
പുറത്തിറങ്ങി വലത്തേക്ക് നോക്കുമ്പൊ ആദ്യം കാണുന്നത് മുത്തൂറ്റിന്റെ പേരിലുള്ള ജയ്പ്പൂർ മെട്രൊ സ്റ്റേഷൻ ആണു. സിന്ധിക്യാമ്പ് എന്ന സ്ഥലത്താണു ഹോട്ടൽ ബുക്ക് ചെയ്തിട്ടുള്ളത്. ഒരു ഷെയർ ഓട്ടോയിൽ അങ്ങോട്ട് വിട്ടു. ഓട്ടോ ഇറങ്ങലും പൊരിഞ്ഞ മഴ. കുടയും നിവർത്തി നടക്കുമ്പൊ ആളുകൾ നോക്കുന്നുണ്ട്. ആരുടെയും കയ്യിൽ കുടയില്ല. മാത്രമല്ല അവരെ സംബന്ധിച്ചിടത്തോളം വർഷത്തിൽ 5-10 ദിവസം പെയ്യുന്ന മഴക്ക് വേണ്ടി കുട വാങ്ങിക്കുക എന്നത് അധിക ചിലവാണു. ഇത്രേം വെയിൽ ഉള്ളത് കൊണ്ട് ഇവർക്ക് കുട ചൂടിക്കൂടേന്ന് വിചാരിച്ചേക്കാം. അതും ഇല്ല. ഞങ്ങൾ രാജസ്ഥാനിൽ 42 ഡിഗ്രി ചൂടത്ത് നടന്നിട്ടും കുട ചൂടി നടക്കുന്ന ആരെയും കണ്ടില്ല. ഹോട്ടലിലേക്ക് കയറി ഫ്രഷായി ഇറങ്ങി. മഴ മാറിയിട്ടുണ്ട് തീരെ ചൂടില്ല.
ജയ്പൂർ യാത്രയ്ക്കായി വരുന്നവർക്ക് ജയ്പ്പൂർ ദർശൻ എന്ന പേരിലുള്ള എസി, നോൺ-എസി ബസ് ലഭ്യമാണ്. (എല്ലാ വ്യൂ പോയിന്റുകളും കവർ ചെയ്യില്ല). നമ്മൾ ബജറ്റ് ട്രാവലർ ആയത് കൊണ്ടും പരമാവധി സ്ഥലങ്ങൾ നടന്ന് കാണുക എന്ന പോളിസി ഉള്ളത് കൊണ്ടും പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റം ആണു ഉപയോഗിക്കുന്നത്. നഹർഗ്രഹ് ഫോർട്ട് ആണു ലക്ഷ്യം. രണ്ടര കിലോമീറ്റർ അകലെയാണ്. ജയ്പൂർ കറങ്ങാൻ എറ്റവും ചിലവു കുറഞ്ഞ മാർഗം മെട്രൊയാണു. 6 രൂപയാണു മിനിമം നിരക്ക്. പരമാവധി 22 രൂപയും. മെട്രൊ ഉപയോഗിച്ചാൽ യാത്രാ ചിലവു വളരെ കുറയ്ക്കാം. ചോട്ടി ചൌപ്പർ എന്ന സ്റ്റേഷനിൽ ഇറങ്ങി ഇടത്തോട്ട് മുക്കാൽ കിലോമീറ്റർ നടന്നാൽ നഹർഗ്രഹ് ഫോർട്ടിന്റെ താഴ്വാരത്തെത്താം. ഇവടെ നമ്മളെ കാത്തിരിക്കുന്നത് ബൈക്കുകാരുടെ ഒരു നിരയാണു മുകളിൽ കൊണ്ട് വിടാൻ 100 രൂപയാണ് നിരക്ക്. രണ്ട് ബൈക്കിനു കഷ്ടിച്ച് പോകാനുള്ള വഴിയെ ഉള്ളൂ. ഞങ്ങൾ മുകളിലേക്ക് നടന്നു. അരമണിക്കൂർ കൊണ്ട് നഹഗ്രഹ് കോട്ട എത്തി. താഴ്വാരത്ത് നോക്കത്താ ദൂരത്ത് പരന്ന് കിടക്കുന്ന ജയ്പൂർ നഗരം.
നഹർഗ്രഹ് കോട്ട
1734ൽ ജയ്പൂർ രാജാവായിരുന്ന സവായി ജൈ സിങ്ങ് രണ്ടാമൻ ആണ് ഇന്തോ യൂറോപ്യൻ ശൈലിയിൽ നഹഗ്രഹ് കോട്ട പണി കഴിപ്പിച്ചത്. 1857ൽ മറാത്ത സൈന്യം ജയ്പൂരിനെ ആക്രമിക്കാൻ വന്നപ്പോൾ ബ്രിട്ടീഷുകാരെ ഈ കോട്ടയിലാണു രാജാവു താമസിപ്പിച്ചത്. ഒരിക്കലും ആക്രമിക്കപ്പെട്ടിട്ടില്ലാത്ത ഒരു കോട്ടയായാണ് നഹർഗ്രഹ് ഫോർട്ട്. ജയ്പൂരിലെ തന്നെ മറ്റു കോട്ടകളായ അമെർ പാലസ്, ജയ്ഗ്രഹ് ഫോർട്ട് എന്നീ കോട്ടകളുമായും ഇതിന്റെ ചുറ്റുമതിലും വഴികളും ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.
റാത്തോർ രാജാവായിരുന്ന നഹർ സിങ്ങ് ബോമിയയുടെ ആത്മാവ് ഇവടെ കറങ്ങി നടക്കുന്നെന്ന് ആളുകൾക്കിടയിൽ പരക്കെ വിശ്വാസമുണ്ടായിരുന്നു. ടിയാന്റെ ആത്മ ശാന്തിക്കായി കോട്ടക്കുള്ളിൽ ഒരു അമ്പലം പണിതിരിക്കുന്ന കാണാം. നഹർ സിങ്ങ് ജിയുടെ ടെമ്പിളിലേക്ക് ഭക്തന്മാർ മദ്യവും സിഗരറ്റുമൊക്കെയാണു കാണിക്കയായി അർപ്പിക്കുന്നത്.
അങ്ങനെ കോട്ട കണ്ട് തിരിച്ച് ഇറങ്ങി. അമെർ ഫോർട്ട് ആണു അടുത്ത ലക്ഷ്യം. ഓട്ടോക്കാരു വന്ന് അമിർ ഫോർട്ടിൽ കൊണ്ട് വിടാം 500 കൊടുത്താ മതി എന്ന് പറഞ്ഞ് പ്രലോഭനം. നഹീന്നും പറഞ്ഞ് വന്ന വഴി താഴേക്ക്. ബൈക്കുകൾ രണ്ടും മൂന്നും പേരുമായി തലങ്ങും വിലങ്ങും ചീറി പായുന്നു. താഴേക്ക് വരുന്ന ഒരു പയ്യൻ ഭയ്യാന്ന് വിളിച്ച് ബൈക്ക് നിർത്തി. താഴെകൊണ്ട് വിടാം ഒരാൾക്ക് 50 രൂപ, രണ്ട് പെർക്ക് 50 ആണെങ്കി നോക്കാമെന്ന് പറഞ്ഞ് അവൻ സമ്മതിച്ച്. അതിൽ കയറി കുറച്ച് റിസ്കി പരിപാടി ആണു. ചെറിയ ഉരുളൻ കല്ലുകളാണ്. അങ്ങനെ താഴെ എത്തി.
ഹവാ മഹൽ കാണണം. ഒരു കിലോ മീറ്റർ ദൂരമുണ്ട്. പോകുന്ന വഴി എല്ലാം വള, മാല, കമ്മൽ, ചെരുപ്പ് തുടങ്ങിയ ഹോൾ സെയിൽ കടകളാണു. രാജസ്ഥാനിൽ ഷോപ്പ് ചെയ്യാൻ എറ്റവും നല്ലത് ജയ്പൂർ ആണു. മറ്റുള്ള സ്ഥലങ്ങളെ വച്ച് പൈസ കുറവും കളക്ഷൻസ് കൂടുതലും കിട്ടും. മുളക്, മല്ലി, മറ്റ് ചെറു ധാന്യങ്ങൾ തുടങ്ങി സകലമാന സാധനങ്ങളും വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ജയ്പൂർ മാർക്കറ്റ് പരന്ന് കിടക്കുന്നു. കടകളുടെ നിറം അല്പം മങ്ങിയിടുണ്ടെങ്കിലും പിങ്ക് കളറിലാണു. രാത്രി ദീപങ്ങൾ തെളിയുമ്പോഴാണു ഈ കെട്ടിടങ്ങളുടെ പിങ്ക് നിറം മിഴിവോടെ കാണാൻ സാധിക്കുന്നത്.
നല്ല വിശപ്പ്. സമയം രണ്ടു മണി കഴിഞ്ഞിട്ടുണ്ട്. ഒരു ഭോജനശാലയിലേക്ക് കയറി റൊട്ടിയും ദാൽ കറിയും ജീര റൈസും കഴിച്ചു. പരിപ്പ് കറിക്ക് നല്ല ടേസ്റ്റ് അതോണ്ട് ഒരു പ്ലേറ്റു കുടി ഓർഡർ ചെയ്തു. നേരെ ഹവാ മഹലിലേക്ക്.
ഹവാ മഹൽ
രാജസ്ഥാൻ എന്ന് സർച്ച് ചെയ്താൽ ആദ്യം കിട്ടുന്ന ഫോട്ടോകളിലൊന്ന് ഹവ മഹലിന്റേതായിരിക്കും. കാറ്റുകളുടെ കൊട്ടാരം എന്നാണു ഹവാ മഹൽ അറിയപ്പെടുന്നത്. തേനീച്ച കൂടു പോലെയാണു ഇതിന്റെ നിർമിതി. പൊതു ഇടങ്ങളിൽ അകലം പാലിക്കാൻ നിർബന്ധിതരായ രാജ കൊട്ടാരത്തിലെ സ്ത്രീകൾക്ക് തെരുവുകളിൽ നടക്കുന്ന പ്രധാന സംഭവ വികാസങ്ങൾ കാണാനും കാറ്റ് കൊള്ളാനും 1799ൽ സവായി പ്രതാപ് സിങ്ങ് രാജാവ് പണി കഴിപ്പിച്ചതാണു 953 ജനാലകൾ ഉള്ള ഹവാ മഹൽ. രാവണണാന്റെ പത്ത് തലകൾ ലെയറുകളായി അടുക്കി വച്ച പോലെ ഒറ്റ നോട്ടത്തിൽ തോന്നും.
അവിടെ നിന്നിറങ്ങി. മുൻപിൽ അമെർ ഫോർട്ടിലേക്കുള്ള ബസുകളും ഷെയർ ഓട്ടോകളും നിരന്ന് കിടപ്പുണ്ട്. ഹവാ മഹലിനടുത്തുള്ള ബഡി ചൌപ്പർ സ്റ്റേഷൻ വരെ മെട്രോ കിട്ടും. അതു കൊണ്ട് തന്നെ ഹവ മഹൽ, അമെർ ഫോർട്ട്, ജയ്ഗ്രഹ് ഫോർട്ട് ഒക്കെ കണ്ട് വരാൻ ടാക്സിക്കാരെ ആശ്രയിക്കേണ്ട ആവശ്യമില്ല. പക്ഷെ രാജസ്ഥാനിൽ ഏറ്റവും ചിലവു വരുന്ന കാര്യം ഇവടത്തെ ഫോർട്ടുകളും മറ്റു നിർമിതികളും കാണാനുള്ള ടിക്കറ്റാണ്. ഒരാൾക്ക് 52 രൂപ മുതൽ 250 രൂപ വരെയാണു പല സ്ഥലങ്ങളിലും ടിക്കറ്റ് ചാർജ്ജ്. ഹവാ മഹലിന്റെ മുന്നിൽ നിന്ന ഒരു ബസിൽ കയറി ഇനി അമെർ ഫോർട്ടിലേക്ക്.
അമെർ ഫോർട്ട്
1592ൽ മാൻ സിങ്ങ് ഒന്നാമനാണു രജപുത്ര ശൈലിയിൽ ജയ്പൂർ പട്ടണത്തിന്റെ തലപ്പാവ് പോലെ 11 കിലോമീറ്ററിലധികം ദൂരം പടർന്ന് കിടക്കുന്ന അമെർ ഫോർട്ട് പണി കഴിപ്പിച്ചത്. പല തട്ടുകളായാണ് ഇതിന്റെ നിർമിതി. കൊട്ടാരത്തിലെ സൈനികർക്ക് സംഘടിക്കാനുള്ള ജലേബ് ചൌക്ക്, പൊതു ജനങ്ങൾക്കയുള്ള ദിവാനി ഖാസ്, സ്വകാര്യ സന്ദർശകർക്കുള്ള ഹാളുകൾ, ഷീഷ് മഹൽ (കണ്ണാടി മഹൽ) ഇങ്ങനെ പല തരങ്ങളായി കൊട്ടാരത്തെ ഭാഗിച്ചിട്ടുണ്ട്. അത്യാവശ ഘട്ടങ്ങളിൽ, അമേർ ഫോർട്ടിനോട് ചേർന്ന് കിടക്കുന്ന ജയ്ഗ്രഹ് ഫോർട്ടിലേക്ക് കടക്കാൻ അമേർ ഫോർട്ടിൽ നിന്നും ഒരു തുരങ്ക പാതയുണ്ട്.
അമെർ ഫോർട്ടിൽ നമ്മളേ ഏറ്റവും ആകർഷിക്കുന്നത് ഷീഷ് മഹലാണു. കണ്ണാടികൾ കൊണ്ടുണ്ടാക്കിയ ഒരു കൊട്ടാരം. വളരെ ചെറിയ കണ്ണാടികൾ അതി സൂക്ഷ്മ കൊത്തുപണികളിൽ കോർത്തിണക്കി ഉണ്ടാക്കിയെടുത്ത ഈ മഹൽ അന്നത്തെ കാലത്ത് നിർമ്മിച്ചെടുത്തത് അൽഭുതം തന്നെയാണു. ഏതാണ്ട് ഒരു മണിക്കൂർ സമയം കൊട്ടാരത്തിൽ ചുറ്റി പറ്റി നടന്ന് സമയം 6 മണി കഴിഞ്ഞിട്ടുണ്ട്. പുറത്തിറങ്ങി. ഒരു ഷെയർ ഓട്ടോ പിടിച്ച് 3 കിലോമീറ്റർ അപ്പുറമുള്ള ജൽ മഹലിലേക്ക് വിട്ടു.
ജൽ മഹൽ
ജൽ മഹൽ അഥവാ വെള്ളത്തിലെ കൊട്ടാരം മൻ സാഗർ തടാകത്തിന്റെ ഒത്ത നടുക്കായാണു സ്ഥിതി ചെയ്യുന്നത്. 1750ൽ മന്ദോ സിങ്ങ് രാജാവാണു മൂന്ന് നിലയുള്ള കൊട്ടാരം പണിതത്. ഇതിന്റെ രണ്ട് നിലകളും വെള്ളത്തിനടിയിലും ഒരു നില വെള്ളത്തിനു മുകളിലുമാണു. മന്ദോ സിങ്ങ് പക്ഷേ ഒരു കൊട്ടാരത്തിന്റെ ഉദ്ദേശത്തിലല്ല പണിതത്. മൻസാഗർ തടാകത്തിലുള്ള താറാവുകളെ വേട്ടയാടാനുള്ള ഹണ്ടിങ്ങ് ഹൌസ് ആയി പണിതതാണു. പണി കഴിഞ്ഞപ്പൊ അതു കൊട്ടാരം പോലെ ആയി. മന്ദോ സിങ്ങിന്റെ മകൻ ജൽ മഹലിന്റെ ടെറസിൽ ഒരു ഗാർഡനും കൂടി ഒരുക്കി ഭംഗിയാക്കി. കൊട്ടാരത്തിന്റെ ഉള്ളിലേക്ക് ആരെയും ഇപ്പൊൾ പ്രവേശിപ്പിക്കുന്നില്ല. ബോട്ടിൽ കയറി തടാകത്തിലൂടെ ജൽ മഹൽ കണ്ട് വരാം.
6:30 ആയിട്ടുണ്ട്. തടാകക്കരയിൽ ഒരു ചേച്ചി ചായ വിൽക്കുന്നുണ്ട്. മസാല ചായ നുകർന്ന് കുറച്ച് നേരം ജൽമഹലിനെ നോക്കി ഇരുന്നു. കേരളം വിട്ടാൽ എന്റെ ഒരു വീക്ക്നസ് ആണു ഈ മസാല ചായ. ചായ അധികം കുടിക്കാത്ത വിനു സർ വരെ പിന്നെ ചായ അഡിക്റ്റ് ആയി മാറി. അടുത്ത ബസ് പിടിച്ച് നേരെ ഹവാ മഹൽ വന്നിറങ്ങി.
പിങ്ക് സിറ്റിയുടെ യഥാർത്ഥ സൗന്ദര്യം രാത്രിയിലാണു. പകൽ കണ്ട തെരുവോരങ്ങളും ഹവാ മഹലുമൊക്കെ പിങ്ക് കളറിൽ ദീപാലങ്കാരത്തിൽ കുളിച്ച് നിൽക്കുന്നു. കുറച്ച് നേരം കറങ്ങി നടന്ന് എട്ടു മണിയോടെ ബഡി ചൌപ്പർ മെട്രൊ സ്റ്റേഷനിൽ എത്തി. ടിക്കറ്റിനു പകരം പ്ലാസ്റ്റിക്കിന്റെ കോയിൻ ആണു തരുന്നത്. 10 രൂപയാണു ടിക്കറ്റ്. കേറുന്ന സ്റ്റേഷനിൽ ടോക്കൺ സ്കാൻ ചെയ്ത ശേഷം ഇറങ്ങുന്ന സ്റ്റേഷനിൽ ഒരു ഹോളിലുടെ കോയിൻ ഇട്ടാൽ വാതിൽ തുറന്ന് തരും. കൊച്ചി മെട്രോയ്ക്കും ഈ പേപ്പർലെസ് രീതി മാതൃകയാക്കാവുന്നതാണ്. സിന്ധി ക്യാമ്പ് സ്റ്റേഷനിൽ ഇറങ്ങി ഹോട്ടലിലേക്ക് നടന്നു. നാളെ ജയ്പൂരിൽ ബാക്കി ഉള്ള കുറച്ച് കാഴ്ചകൾ കണ്ടതിനു ശേഷം ജൈസൽമീറിലേക്ക്. (അവസാനിക്കുന്നില്ല)