ന്യൂ ദല്‍ഹി. വളരെ ചരിത്രപ്രാധാന്യമുള്ളതും കരുതലോടെ സൂക്ഷിക്കേണ്ടതുമായ പുരാവസ്തുക്കള്‍ സൂക്ഷിക്കുന്ന ഇടങ്ങളാണ് പൊതുവെ മ്യൂസിയങ്ങള്‍. അതുകൊണ്ട് തന്നെ നല്ല അടച്ചുറപ്പുള്ള കെട്ടിടങ്ങളിലായിരിക്കും ഇവ പണിയുക. ഇതില്‍ നിന്നും വേറിട്ട ഒരു തുറന്ന മ്യൂസിയം എന്ന ആശയം ഇന്ത്യയില്‍ ആദ്യമായി ദല്‍ഹി സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദല്‍ഹി മുഖ്യമന്ത്രിയും ലഫ്. ഗവര്‍ണറും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്ത ശഹീദി പാര്‍ക്ക് ഇത്തരത്തില്‍ ഇന്ത്യയിലെ ആദ്യ മ്യൂസിയമാണ്.
ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ (Municipal Corporation of Delhi) ആണ് നാലര ഏക്കര്‍ വിസ്തൃതിയില്‍ ഈ വിശാലമായ തുറന്ന മ്യൂസിയം (Outdoor Musuem) ഒരുക്കിയിരിക്കുന്നത്. പുരാതന, മധ്യകാല, ആധുനിക കാല ഇന്ത്യന്‍ ചരിത്രത്തിന്റെ വിവിധ കാഴ്ചകളാണ് ഇവിടെ ഉള്ളത്. വേസ്റ്റ് റ്റു ആര്‍ട്ട് എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 10 കാലാകാരന്‍മാരും 700ഓളം കരകൗശലതൊഴിലാളികളും ചേര്‍ന്ന് ആറു മാസം സമയമെടുത്താണ് ശഹീദി പാര്‍ക്ക് എന്ന ഔട്ട്‌ഡോര്‍ മ്യൂസിയം പണിതത്. ഇതിനായി 250 ടണ്‍ പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ചു.
വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും സമരങ്ങള്‍ക്കും നായകത്വം വഹിച്ച ഹീറോകള്‍ക്കു വേണ്ടിയാണ് ഈ പാര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ സമ്പന്ന ചരിത്രവും സാംസ്‌കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന നിര്‍മിതികളും പ്രതിമകളും ഇന്‍സ്റ്റലേഷനുകളും അലങ്കാരവസ്തുക്കളും ഇവിടെ ഉണ്ട്. പാഴ് വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച വിവിധ തരം വാഹനങ്ങളും മറ്റുമെല്ലാം കൗതുക കാഴ്ച്ചകളാണ്. അരലക്ഷത്തിലേറെ മരങ്ങളും വിവിധയിനം പൂച്ചെടികളും ഈ പാര്‍ക്കില്‍ നട്ടുപിടിപ്പിച്ചിരിക്കുന്നു. കൂടാതെ ഫൂഡ് കിയോസ്‌കും, സോവനീര്‍ വില്‍പ്പന കേന്ദ്രവും ഉണ്ട്.
Also Read ദൽഹിയിൽ വരുന്നത് ലോകത്തെ ഏറ്റവും വലിയ മ്യൂസിയം
മികച്ചൊരു ഉല്ലാസ കേന്ദ്രം കൂടിയാണീ പാര്‍ക്ക്. ദല്‍ഹിയിലെ ഐടിഒ ഏരിയയിലാണ് സ്ഥിതി ചെയ്യുന്നത്. ബഹദൂര്‍ഷാ സഫര്‍ മാര്‍ഗില്‍ നിന്നാണ് ഈ പാര്‍ക്കിലേക്കുള്ള പ്രവേശന കവാടം. മൂന്ന് ഗാലറികളും 93 ദ്വിമാന ശില്‍പ്പങ്ങളും 20 ത്രിമാന ശില്‍പ്പനങ്ങളും 9 സെറ്റുകളും ഇവിടെ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നു. മുതിര്‍ന്നവര്‍ക്ക് 100 രൂപയാണ് പ്രവേശന ഫീസ്. കുട്ടികള്‍ക്ക് 50 രൂപയും. ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം.