ചെന്നൈ. സമ്മര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ഊട്ടിയില്‍ ഇത്തവണ ആരംഭിക്കാനിരുന്ന ഹെലികോപ്റ്റര്‍ ടൂറിസം പദ്ധതിയില്‍ നിന്ന് തമിഴ്‌നാട് സര്‍ക്കാരിടെ മദ്രാസ് ഹൈക്കോടതി വിലക്കി. ജൂണ്‍ ഒന്നിന് 200 വയസ്സ് പൂര്‍ത്തിയാക്കുന്ന ഊട്ടിയുടെ പരിസ്ഥിതി ലോല പ്രദേശങ്ങളും ജൈവ വൈവിധ്യവും പരിധിവിട്ട വാണിജ്യവല്‍ക്കരണത്തിന് ഇരയാക്കപ്പെടരുതെന്നും ജസ്റ്റിസുമാരായ അനിത സുമന്ത്, എം നിര്‍മല്‍ കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മേയ് 11ന് ഹൈക്കോടതി ഹെലികോപ്റ്റര്‍ ടൂറിസം പദ്ധതിക്ക് ഇടക്കാല വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് സ്ഥിരപ്പെടുത്തി.
പദ്ധതിയെ അനുകൂലിച്ചുള്ള സര്‍ക്കാരിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. പരിസ്ഥിതിയേയും വന്യജീവി സമ്പത്തിനേയും ബാധിക്കുന്നതിനാല്‍ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ജാഗ്രതയും സൂക്ഷ്മതയും വേണമെന്നും കോടതി മുന്നറിയിപ്പു നല്‍കി.
ഈ വര്‍ഷത്തെ സമ്മര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി മേയ് 13 മുതല്‍ 30 വരെ ഊട്ടിയില്‍ സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ഹെലികോപ്റ്റര്‍ റൈഡ് ആരംഭിക്കാനുള്ള നീലഗിരി ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ചെന്നൈ സ്വദേശി ടി മുരുഗവേലാണ് ഹൈക്കോടതിയെ സമീപിച്ചത്.