✍🏻 നവമി ഷാജഹാൻ
ജൂലൈ മാസം ഈ രാജ്യത്തിങ്ങനെയാണ്. സിറ്റികളിൽ പൊതുവിൽ ജനത്തിരക്കില്ല. തദ്ദേശീയരെക്കാൾ കൂടുതലായും, കഴുത്തിലൊരു കാമറയും കയ്യിലൊരു ഭൂപടവുമായി നടക്കുന്ന ടൂറിസ്റ്റുകൾ!
കാട്ടിലെ തങ്ങളുടെ വേനൽകാല വീടുകളിലേക്ക് ഫിന്നിഷുകാർ തങ്ങളുടെ ജീവിതം പറിച്ചു നടും. അവിടെ സോനാ ബാത്ത് ചെയ്തും, മീൻ പിടിച്ചും, നീന്തിയും, കാട്ടു ബിൽബെറി കഴിച്ചും പ്രകൃതിയുമായി ചങ്ങാത്തം കൂടിയുള്ള ജീവിതം. ചിലർ വിദേശത്തേക്കും പറക്കും.
‘ജോലി കിട്ടിയിട്ടുവേണം ഒന്ന് ലീവ് എടുക്കാൻ’ മലയാളിയുടെ പതിവ് തമാശ! എന്നാൽ ഒരു വർഷം ജോലി ചെയ്തു കഴിഞ്ഞാൽ ഒരു മാസം അവധി എടുത്തിരിക്കണം എന്നാണ് ഈ നാട്ടിലെ നിയമം. അവധി എടുക്കാതെ തത്തുല്യമായ ശമ്പളം എന്ന പ്രക്രിയക്ക് അധികം പ്രോത്സാഹനമില്ലിവിടെ. ജോലിയിൽ മുഴുകി അവധി എടുക്കാൻ മടിക്കുന്നവരെ ‘നിങ്ങളുടെ അവധി വേഗം എടുക്കു സൂർത്തുക്കളെ‘ എന്ന് പറഞ്ഞു എച്ച്ആർ മാനേജേഴ്സ് വിളിച്ചു നിരന്തരം ബുദ്ധിമുട്ടിക്കാറുണ്ട്. വിവിധ സ്ഥാപനങ്ങളിൽ ഈ നിയമങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും ഈ രാജ്യത്തെ പൊതുവായ സമ്പ്രദായമാണിത്. സാധാരണ വേനൽക്കാലത്താണ് ഈ അവധി ആഘോഷങ്ങൾ. വിദ്യാലയങ്ങൾക്കും അവധി.
ജൂൺ അവസാന വാരത്തിലെ മിഡ് സമ്മർ ആഘോഷങ്ങളും കഴിഞ്ഞാൽ, എല്ലാ സ്ഥാപനങ്ങളിലും പരിമിതമായി മാത്രമേ ഉദ്യോഗസ്ഥരുണ്ടാകുകയുള്ളു. ഈ കാലയളവിൽ ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതോ മീറ്റിംഗ് ക്രമീകരിക്കുന്നതോ അല്ലെങ്കിൽ ഒരു ഇമെയിലിന് മറുപടി ലഭിക്കുന്നതോ പോലും ബുദ്ധിമുട്ടാണ്.
(കൂടുതൽ വിദേശയാത്രാവിവരണങ്ങൾ ഇവിടെ വായിക്കാം)

ഹെയ്‌നാകൂവിൽ ‘ഹെയ്‌ന’ ശേഖരിക്കാൻ പോയിരുന്നവർ
ജൂലൈ മാസം ഫിന്നിഷ് ഭാഷയിൽ ‘ഹെയ്‌നകൂ’വാണ്. ‘ഹെയ്‌ന’ എന്നാൽ വൈക്കോൽ എന്നർത്ഥം. ശീതകാലത്തെ അതിജീവനത്തിനായി ജൂലൈ മാസത്തിൽ വൈക്കോലും, പുല്ലും ശേഖരിക്കാൻ വയലുകളിലേക്ക് പോയിരുന്ന സമ്പ്രദായം പണ്ടുമുതൽ ഉണ്ടായിരുന്നത്രെ. ഈ ആചാരങ്ങൾ പഴയകാല കാർഷിക സംസ്കാരവുമായി ഇഴചേർന്നു നിൽക്കുന്നു. ഈ വൈക്കോൽ ശേഖരണ പ്രക്രിയ വലിയ കൂട്ടായ പ്രവർത്തനമായിരുന്നു. അതിനാൽ മറ്റ് വ്യവസായങ്ങളും ജോലികളും താൽക്കാലികമായി നിർത്തേണ്ടത് ആവശ്യമായിവന്നു.

ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ നിലനിർത്തുന്നത് ഫിന്നിഷ് സമൂഹത്തിന്റെ ഒരു പ്രധാന ഭാഗമാണ്. എന്നിരുന്നാലും, സമീപ വർഷങ്ങളിൽ, ഈ നീണ്ട വേനൽക്കാല അവധി, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് വർദ്ധിച്ചുവരുന്ന ചർച്ചകൾ നടക്കുന്നുണ്ട്. പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഫാക്ടറികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോഴും വയലുകളിൽ ജോലിചെയ്യാൻ ആളുകൾ ഗ്രാമപ്രദേശങ്ങളിലേക്ക് പോയിരുന്നു. അത് ഇന്നും നിലനിൽക്കുന്ന ഈ ഒരു പാരമ്പര്യത്തിന് തുടക്കമായി. കാലക്രമേണ ഇത് വർഷത്തിലൊരിക്കൽ, വെയിൽ കാഞ്ഞു വിശ്രമിക്കുന്നതിലേക്കായി പരിവർത്തിച്ചു.
ചിത്രങ്ങൾ: navamisstories