ഡെറാറൂൺ. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരായ പര്‍വതാരോഹകരില്‍ നിന്ന് ഈടാക്കിയിരുന്ന ഫീസ് ഉത്തരാഖണ്ഡ് ടൂറിസം (Uttarakhand Tourism) വകുപ്പ് നിര്‍ത്തലാക്കി. സംസ്ഥാനത്തെ പ്രധാന കൊടുമുടികള്‍ കയറാന്‍ ഇന്ത്യക്കാരായ പര്വഹതാരോഹകര് 3000 രൂപ മുതല്‍ 6000 രൂപ വരെ ഫീസ് നല്കേണ്ടിയിരുന്നു. ഇനി മുതല്‍ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി മല കയറാം. എന്നാല്‍ വിദേശികള്‍ക്ക് ഫീസില്‍ ഇളവില്ല. 20000 രൂപ മുതല്‍ 40000 രൂപ വരെയാണ് വിദേശികള്‍ക്കുള്ള ഫീസ്.
നന്ദ ദേവി, പഞ്ചോളി III, ത്രിശൂല്‍ III, മുകുത് പര്‍ബത്, ഭഗീരഥി III, ഗംഗോത്രി III, സതോപന്ത്, ശിവലിംഗ്, ശ്രീകണ്ഠ, വാസുകി പര്‍ബത്, കാമെത്, ഹാഥി പര്‍ബത്, ദുനഗിരി തുടങ്ങി വ്യത്യസ്ത ഉയരങ്ങളിലുള്ള പര്വതങ്ങളിലേക്കാണ് ടൂറിസ്റ്റുകള്‍ക്ക് ട്രെക്കിങ് അനുമതിയുള്ളത്.
ഫീസ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മറ്റു നടപടിക്രമങ്ങളെല്ലാം പഴയപടി തന്നെയാണ്. പര്‍വതം കയറാന്‍ ബന്ധപ്പെട്ട ടൂറിസം വകുപ്പ് അധികാരികള്‍ക്ക് അപേക്ഷ നല്കി മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കാര്‍ക്ക് ട്രെക്കിങ് ഫീസ് ഒഴിവാക്കിയത്.
വാട്ടര്‍ റാഫ്റ്റിങ്, കയാക്കിങ്, ട്രെക്കിങ്, പാരാഗ്ലൈഡിങ് തുടങ്ങി സാഹിസക ടൂറിസം ആക്ടിവിറ്റികളുടെ ഒരു കേന്ദ്രമാക്കായി ഉത്തരാഖണ്ഡിനെ മാറ്റാനാണ് ടൂറിസം വകുപ്പിന്റെ പദ്ധതി. പര്‍വതാരോഹണം സൗജന്യമാക്കിയത് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് സാഹസിക പ്രേമികളെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടല്‍.